Connect with us

Ongoing News

37ാം സെഞ്ച്വറി, 10000 റണ്‍സ്..! കോഹ്‌ലി തകര്‍ത്താടി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Published

|

Last Updated

വിശാഖപട്ടണം: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10000 റണ്‍സ്, 37ാം സെഞ്ച്വറി….! ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തകര്‍ത്താടിയപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അന്‍പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചു കൂട്ടിയത് 321 റണ്‍സ്. ഇതില്‍ 157* റണ്‍സും കോഹ്‌ലിയുടെ സംഭാവന. 130 പന്തുകളില്‍ നാല് സിക്‌സറുകളും 13 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്‌സ്. അമ്പട്ടി റായിഡു 73ഉം ശിഖര്‍ ധവാന്‍ 29 റണ്‍സുമെടുത്തു.

എംഎസ് ധോണി (20), ഋഷാഭ് പന്ത് (17), രവീന്ദ്ര ജഡേജ (13), രോഹിത് ശര്‍മ (നാല്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സമാന്മാര്‍. മുഹമ്മദ് ഷാമി (പൂജ്യം) പുറത്താകാത നിന്നു. 40 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ഇന്ത്യക്ക് മൂന്നാം വിക്കറ്റില്‍ കോഹ്‌ലി- അമ്പട്ടി റായിഡു സഖ്യം കൂട്ടിച്ചേര്‍ത്ത 139 റണ്‍സാണ് കരുത്തായത്. ഇതിനിടെ കോഹ്‌ലി ഏകദിനത്തില്‍ പതിനായിരം റണ്‍സും തികച്ചിരുന്നു.

വെസ്റ്റിന്‍ഡീസിനായി ആഷ്‌ലി നഴ്‌സ്, ഓബദ് മക്കോയ് എന്നിവര്‍ രണ്ട് വീതവും കെമര്‍ റോച്ച്, മര്‍ലോണ്‍ സാമുവല്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഗുവാഹത്തിയില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ഖലീല്‍ അഹമ്മദിനു പകരം കുല്‍ദീപ് യാദവ് ടീമിലെത്തി. അതേസമയം, വിന്‍ഡീസ് നിരയില്‍ ഇടംകയ്യന്‍ പേസ് ബോളര്‍ ഓബദ് മക്കോയ് അരങ്ങേറ്റം കുറിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.