സുരക്ഷാ ഭടന്റെ വെടിയേറ്റ ജഡ്ജിയുടെ മകനും മരിച്ചു

Posted on: October 23, 2018 9:24 am | Last updated: October 23, 2018 at 12:22 pm

ന്യൂഡല്‍ഹി: പൊതുജനമധ്യത്തില്‍ സുരക്ഷാഭടന്റെ വെടിയേറ്റ ജഡ്ജിയുടെ മകനും മരിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ക്യഷ്ണകാന്ത് ശര്‍മയുടെ മകന്‍ ധ്രുവ്(18) ആണ് ചികിത്സക്കിടെ ഇന്ന് പുര്‍ച്ചയോടെ മരിച്ചത്. സുരക്ഷാ ഭടന്റെ വെടിയേറ്റ ധ്രുവിന്റെ മാതാവ് റിതു(38) സംഭവം നടന്ന ഒക്ടോബര്‍ 13ന് രാത്രി തന്നെ മരിച്ചിരുന്നു.

അന്നേ ദിവസം വൈകിട്ട് ഷോപ്പിങ്ങിനായി സുരക്ഷാ ഭടനൊപ്പം കാറില്‍ എത്തിയപ്പോഴാണ് സുരക്ഷാ ഭടനായ മഹിപാല്‍ സിംഗ് നഗരമധ്യത്തില്‍വെച്ച് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇയാള്‍ ഭാര്യയേയും മകനേയും വെടിവെച്ചിട്ടതായി ജഡ്ജിയെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട ഇയാളെ ഫരീദാബാദില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. ക്യത്യത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമായിട്ടില്ല. ജഡ്ജിയുടെ കുടുംബത്തില്‍നിന്നുള്ള മോശം പെരുമാറ്റമാണ് മഹിപാലിനെ പ്രകോപിതനാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ മരിച്ച ധ്രുവ് അന്ന് മുതല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.