അലഹാബാദിന്റെ പേരും മാറുകയാണ്

ജനുവരിയില്‍ മഹാകുംഭമേള നടക്കുന്നത് അലഹാബാദിലാണ്. ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന കുംഭമേള വരാനിരിക്കെ നഗരത്തിന് പുനര്‍നാമകരണം ചെയ്യുന്നതിലൂടെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ബി ജെ പി ലക്ഷ്യം വെക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കാത്തത് അണികളിലെ തീവ്ര ചിന്താഗതിവെച്ച് പുലര്‍ത്തുന്നവരില്‍ വലിയ നിരാശയുണ്ടാക്കിയിരുന്നു. ഇതിനൊരു പ്രതിവിധിയായാണ് അലഹാബാദിനെ സംഘ് പരിവാര്‍ കാണുന്നത്.
Posted on: October 23, 2018 9:00 am | Last updated: October 22, 2018 at 9:53 pm

ഇന്ത്യന്‍ ചരിത്രത്തില്‍ വൈകാരിക സ്ഥാനമുള്ള അലഹാബാദ് നഗരത്തിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റാന്‍ യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശ് മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. 16-ാം നൂറ്റാണ്ടില്‍ മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന അലഹാബാദ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മനാടാണ്. സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ നേതാക്കളുടെ പല നിര്‍ണായക യോഗങ്ങളുടെയും സ്ഥിരം വേദിയായിരുന്നു ഈ നഗരം. ഗംഗ, യമുന നദികളുടെ സംഗമ ഭൂമിയായത് കൊണ്ട് തന്നെ ഭൗമ ശാസ്ത്രപരമായും അലഹാബാദിന് പ്രാധാന്യമുണ്ട്. ഒരു പിടി പ്രതിഭകളെ രാഷ്ട്രത്തിന് സംഭാവന ചെയ്ത അലഹാബാദ് യൂനിവേഴ്‌സിറ്റിയും ഇന്ദിരാ ഗാന്ധിയെ പ്രധാനമന്ത്രിപദത്തില്‍ നിന്ന് അയോഗ്യയാക്കിയതടക്കം രാജ്യഭാവിയെ നിര്‍ണയിച്ച പല പ്രധാന വിധികളും പുറപ്പെടുവിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഹൈക്കോടതിയായ അലഹാബാദ് ഹൈക്കോടതിയും നഗരത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളാണ്.

അലഹബാദിന്റെ പൂര്‍വ നാമം പ്രയാഗ് രാജ് എന്നായിരുന്നുവെന്നും മുഗള്‍ ഭരണാധികാരിയായ അക്ബര്‍ 16-ാം നൂറ്റാണ്ടില്‍ അത് ദൈവിക നാട് എന്നര്‍ഥമുള്ള ‘ഇലാഹാബാദ്’ ആക്കി മാറ്റുകയായിരുന്നുവെന്നുമാണ് വര്‍ഷങ്ങളായി ആര്‍ എസ് എസ് വാദിച്ചിരുന്നത്. അക്ബര്‍ ചെയ്ത തെറ്റിനെ ബി ജെ പി സര്‍ക്കാര്‍ തിരുത്തുകയാണെന്നാണ് മന്ത്രി സഭായോഗ തീരുമാനം വിശദീകരിച്ചുകൊണ്ട് ഉത്തര്‍ പ്രദേശ് ആരോഗ്യ മന്ത്രി സിദ്ധാര്‍ഥ് സിംഗ് പറഞ്ഞത്. പുണ്യ നദികളുടെ കരകളില്‍ ഹിമാലയത്തില്‍ നിന്നിറങ്ങി വന്ന ഒരുപാട് പ്രയാഗുകളുണ്ട്. പ്രയാഗുകളുടെ രാജാവ് പ്രയാഗ് രാജ് ഇവിടെയാണ്. പേര് മാറ്റത്തിന്റെ കാരണമെന്തെന്ന ചോദ്യത്തിന് യു പി മുഖ്യമന്ത്രി നല്‍കിയ മറുപടിയാണിത്.

അടുത്ത വര്‍ഷം ജനുവരിയില്‍ മഹാകുംഭമേള നടക്കുന്നത് അലഹാബാദിലാണ്. ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന കുംഭമേള വരാനിരിക്കെ നഗരത്തിന് പുനര്‍നാമകരണം ചെയ്യുന്നതിലൂടെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ബി ജെ പി ലക്ഷ്യം വെക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കാത്തത് അണികളിലെ തീവ്ര ചിന്താഗതിവെച്ച് പുലര്‍ത്തുന്നവരില്‍ വലിയ നിരാശയുണ്ടാക്കിയിരുന്നു. ഇതിനൊരു പ്രതിവിധിയായും ഹൈന്ദവ സംരക്ഷകരെന്ന പാര്‍ട്ടിയുടെ പ്രതിച്ഛായ കോട്ടം തട്ടാതെ നിലനിര്‍ത്തുന്നതിനുള്ള ഉപാധിയായുമാണ് അലഹാബാദിനെ സംഘ് പരിവാര്‍ കാണുന്നത്. ഈയടുത്ത് കൊരാന, ഖോരഗ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നിലും ബി ജെ പി പരാജയപ്പെട്ടിരുന്നു. യോഗിയുടെ മണ്ഡലമായ ഖൊരഗ്പൂരില്‍ പോലും രക്ഷ കിട്ടിയില്ല. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് തിരിച്ചടി ലഭിക്കുമെന്ന് മനസ്സിലാക്കിയ പാര്‍ട്ടി നേതാക്കള്‍ കടുത്ത വര്‍ഗീയ ധ്രുവീകരണ തന്ത്രത്തിലൂടെ വോട്ട് ബേങ്ക് സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്.

രാജ്യത്തിന്റെ സാംസ്‌കാരിക നിര്‍മിതിയില്‍ അനല്‍പ്പമായ പങ്ക് വഹിച്ച മുഗള്‍ ഭരണകാലത്തെ ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായമായാണ് സംഘ് പരിവാര്‍ വിശേഷിപ്പിക്കാറുള്ളത്. 1200 വര്‍ഷത്തെ അടിമത്ത ഭരണത്തില്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയാണനുഭവിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ല്‍ പറയുകയുണ്ടായി. ഇന്ത്യയെ സാംസ്‌കാരികമായി ഉത്തുംഗതയിലെത്തിച്ച മുഗള്‍ ഭരണത്തെ 200 വര്‍ഷത്തെ പൈശാചികമായ കൊളോണിയല്‍ ഭരണത്തോടാണ് പ്രധാനമന്ത്രി സമീകരിക്കുന്നത്.

മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്തെ മുഗള്‍ കാലത്തെ പേരുകള്‍ പുനര്‍നാമകരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മുഗള്‍സാരായ് റെയില്‍വേ സ്‌റ്റേഷന്‍ ദീന്‍ ദയാല്‍ ഉപാധ്യായ സ്‌റ്റേഷനായതും അക്ബര്‍ റോഡ് മഹാറാണാ പ്രതാപ് റോഡായി മാറിയതും അങ്ങനെയാണ്. ആഗ്ര, ബറെയ്‌ലി, കാണ്‍പൂര്‍ എയര്‍പോര്‍ട്ടുകള്‍ക്ക് ഹിന്ദുത്വ ചുവയുള്ള പേരുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. ബറെയ്‌ലി എയര്‍പോര്‍ട്ടിനെ നാഥ് നഗരിയാക്കാനും ആഗ്ര എയര്‍പോര്‍ട്ടിന് ജന സംഘം നേതാവും ആര്‍ എസ് എസ് ആശയ ഗുരുവുമായ ദീന്‍ ദയാല്‍ ഉപാധ്യയയുടെ പേര് നല്‍കാനുമാണ് പദ്ധതി.

സ്വാതന്ത്ര്യ സമര ചരിത്രത്തിലോ രാഷ്ട്ര നിര്‍മിതിയിലോ ഇടമില്ലാത്ത സംഘ്പരിവാര്‍ മുഖ്യധാരയിലേക്ക് തങ്ങളുടെ ബിംബങ്ങള്‍ തിരുകിക്കയറ്റി പൈതൃകത്തില്‍ അവകാശവാദമുന്നയിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. അധികാരത്തെ ഇതിനായി ഉപയോഗപ്പെടുത്താനും അവര്‍ മിടുക്ക് കാട്ടുന്നു. ആവശ്യമെങ്കില്‍ താജ്മഹല്‍, റാം മഹലാക്കാനും മടികാണിക്കില്ലെന്ന് യോഗി ആദിത്യനാഥ് ഒരഭിമുഖത്തില്‍ പ്രസ്താവിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ ഒന്ന് ഭേദഗതി ചെയ്ത് ഇന്ത്യയെ ഹിന്ദുസ്ഥാനാക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടുമെന്ന് പറയുന്ന യോഗി മുഗള്‍ നിര്‍മാണ കലയുടെ വൈദഗ്ധ്യം വിളിച്ചോതുന്ന താജ്മഹല്‍ തന്റെ ഭരണ പരിധിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നതെങ്ങനെ സഹിക്കാനാണ്? രജപുത്ര രാജാവ് രാജാമാന്‍സിംഗ് മുഗള്‍ രാജാവിന് സമ്മാനിച്ച ശിവക്ഷേത്രമാണ് താജ്മഹലെന്ന് വാദിച്ച് താജ്മഹലിനെ മറ്റൊരു തര്‍ക്കഭൂമിയാക്കാനും മുഗളരില്‍ നിന്നും തട്ടിയെടുക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമം സംഘ് പരിവാര്‍ നടത്തിയതുമാണ്. രാജ്യത്തെ മൂവായിരം മുസ്‌ലിം പള്ളികള്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ തകര്‍ത്തുണ്ടാക്കിയതാണെന്ന വിചിത്രമായ ആരോപണവും ആര്‍ എസ് എസ് ഉന്നയിക്കുന്നുണ്ട്. ബനാറസിലെ ബിഷേശ്വര്‍ ക്ഷേത്രം തകര്‍ത്ത് ക്ഷേത്രശിലകള്‍ ഉപയോഗിച്ചാണ് ഔറംഗസീബ് ബനാറസില്‍ പള്ളി നിര്‍മിച്ചതെന്നും മഥുര പള്ളി ഗോവിന്ദു ദേവ് ക്ഷേത്രം തകര്‍ത്തുണ്ടാക്കിയതാണെന്നുമുള്ള വെള്ളം ചേര്‍ക്കാത്ത കളവുകള്‍ ഇതിന്റെ ഭാഗമാണ്. ബാബരി മസ്ജിദ് പ്രശ്‌നത്തിന്റെ തുടക്കവും ഇത്തരം അടിസ്ഥാനമില്ലാത്ത കളവുകളില്‍ നിന്നായിരുന്നല്ലോ.

മുഗള്‍ ഭരണാധികാരി ഔറംഗസീബിന്റെ നാമത്തിലുള്ള ഡല്‍ഹിയിലെ ഔറംഗസ്ബ് റോഡ് മോദി സര്‍ക്കാര്‍ 2015ല്‍ എ പി ജെ അബ്ദുല്‍ കലാമിന്റെ പേരിലേക്ക് മാറ്റി. ഔറംഗസീബെന്ന ഇന്ത്യ കണ്ട മഹാനായ ഭരണാധികാരിയെ കിരാതനായി ചിത്രീകരിച്ച് അദ്ദേഹം രാജ്യത്ത് ഓര്‍മിക്കപ്പെടരുതെന്ന് നിഷ്‌കര്‍ഷിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്. കേവലം ഔറംഗസീബിനോടോ അക്ബറിനോടോ ഷാജഹാനോടോ മാത്രമല്ല സംഘ്പരിവാറിന് ശത്രുതയുള്ളത്. മുഗള്‍ ഭരണകര്‍ത്താക്കളെ ഒന്നാകെ ഇന്ത്യന്‍ ചരിത്രത്തിലെ അഭശിപ്തരായി മുദ്രകുത്തുകയാണവരുടെ ലക്ഷ്യം. മുസ്‌ലിം/ മുഗള്‍ നാമങ്ങളിലുള്ള അഹമ്മദാബാദും ഔറംഗാബാദും അഹമ്മദ് നഗറും ഹൈന്ദവ നാമങ്ങളിലേക്ക് മാറ്റണമെന്ന് പരിവാര്‍ സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നു. 11-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കര്‍ണദേവ് എന്ന ഹിന്ദു രാജാവാണ് അഹമ്മദാബാദ് നഗരം സ്ഥാപിച്ചതെന്നും അദ്ദേഹത്തിന്റെ ഓര്‍മക്കായി അഹമ്മദാബാദ് നഗരത്തിന് കര്‍ണാവതി എന്ന് പേര് നല്‍കണമെന്നും അവര്‍ വാദിക്കുന്നു. മുഗള്‍ ഭരണാധികാരികള്‍ക്ക് മുന്നില്‍ മുട്ട് കുത്തിയ ശിവജിയുടെ മൂത്ത മകന്‍ സംഭാജിയുടെ പേര് നല്‍കി ഔറംഗാബാദിനെ സംഭാജി നഗറാക്കി മാറ്റണമെന്നാണ് ശിവസേനയുടെ ആവശ്യം. ഹൈദരാബാദ് നഗരത്തിന് ഹൈന്ദവ ദേവിയായ ഭാഗ്യലക്ഷ്മി ദേവിയുടെ പേര് നല്‍കി ഭാഗ്യലക്ഷ്മി നഗറാക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. 1995ല്‍ ശിവസേന ബി ജെ പി ഭരണകാലത്ത് ഒരു പ്രാദേശിക സമൂഹത്തിന്റെ കുലദേവിയെ ആദരിക്കുന്നതിനായാണ് ബോംബെ നഗരത്തിന് മുംബൈ എന്ന് പേര് നല്‍കിയതെന്നത് ഇവിടെ കുട്ടി വായിക്കേണ്ടതാണ്.

2016 ഏപ്രിലിലാണ് ഹരിയാനയിലെ ബി ജെ പി ഗവണ്‍മെന്റ് ഗുഡ്ഗാവ് നഗരത്തിന്റെ പേര് ഗുരുഗ്രാം എന്നാക്കി മാറ്റിയത്. മഹാഭാരതത്തിലെ ദളിത്‌വിരുദ്ധ കഥാപാത്രം ദ്രോണാചാര്യരുടെ പേരാണ് നഗരത്തിന് ചാര്‍ത്തി നല്‍കിയത്. ഗുരുഗ്രാം എന്ന സംസ്‌കൃത പദത്തിന്റെ തെറ്റായ ഉച്ചാരണമാണ് ഗുഡ്ഗാവ് എന്നതായിരുന്നു പേര് മാറ്റത്തിന് പ്രേരണ. ഭൂരിപക്ഷം വരുന്ന ദളിതരും സാധാരണക്കാരും സംസാരിക്കുന്ന ഹരിയാനി പ്രാദേശിക ഭാഷക്ക് പുല്ല് വില കല്‍പ്പിക്കാതെ ദളിതന് നിഷിദ്ധമായ സംസ്‌കൃത ഭാഷയിലേക്ക് പറഞ്ഞ് പഴകിയ ഒരു നാമത്തെ പറിച്ച് നടുന്നതിലൂടെ ഉന്നത ജാതിക്കാരുടെ താത്പര്യ സംരക്ഷണത്തിനായി ആര്‍ എസ് എസും ബി ജെ പിയും അണിനിരക്കുകയാണ്. ബി ജെ പിയുടെ ബ്രാഹ്മണിക്കല്‍ സ്വഭാവത്തെ കൂടുതല്‍ തുറന്ന് കാട്ടുന്നതാണ് ഈ സംഭവം. 19-ാം നൂറ്റാണ്ടിലെ ഉര്‍ദു കവി ഗാലിബിന്റെ ചില വരികളും ചില ഉര്‍ദു പദങ്ങളും പാഠപുസ്തകത്തില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ആര്‍ എസ് എസ് ആശയാചാര്യന്‍ ദീന നാഥ് ബാദ്ര കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദേശീയ വിദ്യാഭ്യാസ ഗവേഷണ സമിതിയെ സമീപിച്ചിരുന്നു. ആര്‍ എസ് എസ് നല്‍കുന്ന സന്ദേശം വ്യക്തമാണ് ലോകത്തിന് അത്ഭുതമായി മാറിയ ബഹുസ്വര ഇന്ത്യയെ തുടര്‍ന്ന് പോകാന്‍ അനുവദിക്കില്ല. തങ്ങളുടെ ആശയം, ഭാഷ, സംസ്‌കാരം, അടയാളപ്പെടുത്തലുകള്‍ ഇത് മാത്രമേ രാജ്യത്ത് അനുവദിക്കുകയുള്ളൂ. ഈ സ്വഭാവ വിശേഷത്തെയാണ് ഫാസിസം എന്ന് ചുരുക്കിപ്പറയുന്നത്.

നെഹ്‌റുവിന്റെ വാക്കുകള്‍ കടമെടുത്താല്‍ നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാന തത്വം. ന്യൂനപക്ഷ ദളിത് അപരവത്കരണം നടത്തി സാംസ്‌കാരിക ബഹുസ്വരതയെ വിപാടനം ചെയ്യാനുളള കുത്സിത നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ഇന്ത്യക്ക് കനപ്പെട്ട സാംസ്‌കാരിക, രാഷ്ട്രീയ സംഭാവനകള്‍ നല്‍കിയ മുഗള്‍ ഭരണാധികാരികള്‍ വര്‍ഗീയ മനോഭാവമുള്ളവരായിരുന്നുവെങ്കില്‍ കൊളോണിയല്‍ ഇന്ത്യയില്‍ ഹൈന്ദവര്‍ ഭൂരിപക്ഷ ജനവിഭാഗമായി തുടരുമായിരുന്നില്ലെന്ന സാമാന്യ ജ്ഞാനം ഇല്ലാത്തവരല്ല സംഘ്പരിവാര്‍ നേതാക്കള്‍. ചരിത്രമോ പാരമ്പര്യമോ അവകാശപ്പെടാനില്ലാത്തവര്‍ക്ക് മുഖ്യധാരയില്‍ തിളങ്ങി നില്‍ക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന ഉത്തമ ബോധ്യമാണവരെ നയിക്കുന്നത്.