സി ബി ഐ തലപ്പത്ത് നടക്കുന്നത്

Posted on: October 23, 2018 8:48 am | Last updated: October 22, 2018 at 9:50 pm

അസാധാരണമാണ് സി ബി ഐയിലെ രണ്ടാം സ്ഥാനക്കാരനും സ്‌പെഷ്യല്‍ ഡയറക്ടറുമായ രാകേഷ് അസ്താനയെ കൈക്കൂലിക്കേസില്‍ സി ബി ഐ തന്നെ പ്രതിചേര്‍ത്ത നടപടി. കുറ്റാന്വേഷണ ഏജന്‍സിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ് അത്യുന്നതനായ ഒരു ഉദ്യോഗസ്ഥനെ മുഖ്യ പ്രതിയാക്കി കേസെടുക്കുന്നത്. ഇറച്ചിക്കയറ്റുമതി വ്യാപാരി മുഈന്‍ ഖുറൈശിക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനില്‍ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് നടപടി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കഴിഞ്ഞവര്‍ഷം ഖുറൈശിയെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്വേഷണം നേരിടുന്ന ഹൈദരാബാദ് സ്വദേശി സന സതീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അസ്താനക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സി ബി ഐ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അസ്താനക്കും മറ്റു രണ്ട് പേര്‍ക്കും കൈക്കൂലി നല്‍കിയതായി സന സതീഷ് മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. ടെലിഫോണ്‍ സംഭാഷണങ്ങളും വാട്‌സാപ്പ് സന്ദേശങ്ങളും അസ്താനക്കെതിരായ തെളിവായി സി ബി ഐ നിരത്തുന്നു.

സി ബി ഐയുടെ ഒന്നും രണ്ടും സ്ഥാനത്തുള്ള അലോക് വര്‍മയും രാകേഷ് അസ്താനയും തമ്മില്‍ അടുത്തായി കടുത്ത അഭിപ്രായ ഭിന്നതയിലാണ്. ചട്ടങ്ങള്‍ മറികടന്ന് സി ബി ഐയിലെ രണ്ടാമനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച അസ്താന ഡയറക്ടറെയും മറികടക്കുന്ന സമാന്തര അധികാരകേന്ദ്രമായി മാറിയതാണ് പ്രശ്‌നങ്ങളായത്. ഇവര്‍ക്കിടയിലെ ചേരിപ്പോര് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം സി വി സി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് സി ബി ഐയുടെ തലപ്പത്തുള്ളവരുടെ തമ്മിലടി വിജിലന്‍സ് അന്വേഷണത്തിനെത്തുന്നത്.

ഈ ചേരിപ്പോരിന്റെ തുടര്‍ച്ചയാണ് രാകേഷ് അസ്താനക്കെതിരായ കേസ് എന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍, ഭൂതകാലം അത്ര തിളങ്ങുന്നയാളല്ല അസ്താനയെന്നും മോദിയുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ അന്വേഷണ ഏജന്‍സിയുടെ ഉന്നത പദവിയിലെത്തിച്ചതെന്നും കാണാം. നേരത്തെ ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേശരയുടെ വിവാദ കമ്പനിയായ സ്റ്റര്‍ലിംഗ് ബയോടെകില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ സി ബി ഐ തന്നെ ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഇക്കാരണം കൊണ്ട് സ്‌പെഷ്യല്‍ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള അസ്താനയുടെ നിയമനത്തെ ഡയറക്ടര്‍ അലോക് വര്‍മ എതിര്‍ത്തിരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ നയിക്കുന്ന പ്രൊമോഷന്‍ ബോര്‍ഡ് യോഗത്തിലാണ് അലോക് വര്‍മ തന്റെ രണ്ട് പേജ് വരുന്ന വിയോജനക്കുറിപ്പ് സമര്‍പ്പിച്ചത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ സെലക്ഷന്‍ കമ്മിറ്റി മേധാവി കെ വി ചൗധരിയും വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതറിഞ്ഞതോടെ തൊട്ടടുത്ത ദിവസം തന്നെ മോദി സര്‍ക്കാര്‍ അസാധാരണമായ വിധത്തില്‍ അസ്താനയെ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിച്ച് ഉത്തരവിറക്കി.

ധൃതിപിടിച്ചുള്ള ഈ നടപടിക്ക് നിരവധി കാരണങ്ങളുണ്ട്. ഗുജറാത്ത് കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥനായ അസ്താന മോദിയുടെയും അമിത് ഷായുടെയും അടുപ്പക്കാരനാണ്. ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് കത്തിയ കേസ് അന്വേഷിച്ചതും ഗുജറാത്ത് വംശഹത്യാ കേസില്‍ മോദിക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതും ഇദ്ദേഹമാണ്. 1997ല്‍ കാലിത്തീറ്റ കേസില്‍ ലാലു പ്രസാദ് യാദവിനെ അറസ്റ്റ് ചെയ്തതും അസ്താന തന്നെ. അന്നദ്ദേഹം സി ബി ഐ, എസ് പിയായിരുന്നു. മോദിയും അമിത്ഷായുമായുള്ള അടുപ്പത്തെ തുടര്‍ന്നാണ് 2016 ഡിസംബറില്‍ സി ബി ഐയുടെ ഇടക്കാല ഡയറക്ടറായി നിയമിതനായതും. അന്നത്തെ ഡയറക്ടറായിരുന്ന അനില്‍ സിന്‍ഹ വിരമിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ തത്സ്ഥാനത്തേക്കു സാധ്യതകല്‍പ്പിക്കപ്പെട്ടിരുന്ന ആര്‍ കെ ദത്തയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറിയായി സ്ഥലം മാറ്റിയായിരുന്നു ഈ നിയമനം.

അതേസമയം അസ്താന പറയുന്നത് ഖുറൈശി കേസില്‍ തനിക്കെതിരായുള്ള എഫ് ഐ ആര്‍ വ്യാജമാണെന്നും സി ബി ഐയിലെ ചില ഉദ്യോഗസ്ഥരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തമ്മിലുള്ള ഗൂഢാലോചനയാണ് തന്നെ പ്രതിയാക്കിയതിന് പിന്നിലെന്നുമാണ്. എന്നാല്‍ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയാണ് സി ബി ഐ. കാര്യക്ഷമമായ അന്വേഷണങ്ങളിലൂടെ സങ്കീര്‍ണമായ പല കേസുകളുടെയും കുരുക്കഴിച്ചതിലൂടെ ജനങ്ങളുടെ വിശ്വാസ്യത നേടാനും ഈ അന്വേഷണ ഏജന്‍സിക്കായിട്ടുണ്ട്. വിശ്വസ്തരും സത്യസന്ധരും മുന്‍കാല സര്‍വീസ് റിക്കാര്‍ഡുകളില്‍ തിളങ്ങിയവരുമായിരിക്കണം അതിന്റെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കപ്പെടുന്നവര്‍. ഭരണത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ താത്പര്യമോ മറ്റോ ആകരുത് നിയമന മാനദണ്ഡം. പ്രത്യുത അത് അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയെ ബാധിക്കും. സി ബി ഐയെ സര്‍ക്കാര്‍ കൂട്ടിലെ തത്തയാക്കുന്നുവെന്ന ആശങ്ക ഇതിനിടെ സുപ്രീം കോടതി തന്നെ പ്രകടിപ്പിക്കുകയുണ്ടായി. ഇതോടൊപ്പം അഴിമതിയുടെ കറ പുരണ്ടവര്‍ തലപ്പത്ത് നിയോഗിക്കപ്പെടുക കൂടി ചെയ്താല്‍ ഏജന്‍സിയില്‍ അവശേഷിക്കുന്ന വിശ്വാസവും കൂടി നഷ്ടപ്പെടും.