പത്തനംതിട്ട: സ്ത്രീ പ്രവേശനത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ തുലാമാസ പൂജ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. സഹസ്ര കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ എന്നിവക്ക് ശേഷം അയ്യപ്പ വിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തിയാണ് നട അടച്ചത്. നവംബര്‍ അഞ്ചിന് വീണ്ടും തുറക്കും.
നട തുറന്നത് മുതല്‍ ശബരിമല സംഘര്‍ഷ ഭൂമിയായിരുന്നു. സുപ്രീം കോടതി വിധിയുടെ ബലത്തില്‍ മല കയറാന്‍ ഒരുങ്ങി വരുന്ന സ്ത്രീകളെ തടയാന്‍ സജ്ജരായി വിശ്വാസികള്‍ പമ്പയിലും നിലയ്ക്കലിലുമെല്ലാം തമ്പടിച്ചു നിന്നു. കയറാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പോലീസ് പല രീതിയിലും സന്നിധാനത്ത് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിശ്വാസികള്‍ മനുഷ്യകവചം തീര്‍ത്ത് എതിര്‍ത്തതോടെ പാളുകയായിരുന്നു.