Connect with us

National

സിബിഐയിലെ പോര്: പ്രധാനമന്ത്രി ഡയറക്ടര്‍മാരെ വിളിച്ചുവരുത്തി വിശദീകരണം തേടി

Published

|

Last Updated

ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ പോര് മുറുകുന്നതിനിടെ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയേയും സിബിഐ ഡയറക്ടര്‍ അലോക് വര്‍മയേയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുവരുത്തി. അഴിമതിക്കേസില്‍ രാകേഷ് അസ്താനക്കെതിരെ സിബിഐ കേസെടുത്തിരുന്നു. അലോക് വര്‍മ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് രാകേഷ് അസ്താന പ്രധാനമന്ത്രിക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നടപടി. ഇരുവരില്‍ നിന്നും പ്രധാനമന്ത്രി വിശദീകരണം തേടിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കള്ളപ്പണക്കേസില്‍നിന്നും രക്ഷപെടുത്താമെന്നു വാഗ്ദാനം ചെയ്തു മാംസവ്യാപാരിയായ മോയിന്‍ ഖുറേഷിയില്‍നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അസ്താനയ്‌ക്കെതിരെ കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് അസ്താനക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഡിഎസ്പി ദേവേന്ദ്ര കുമാറിനെ ഇന്ന് സിബിഐ അറസ്റ്റ് ചെയ്തു. ഖുറേഷിക്കെതിരായ കള്ളപ്പണക്കേസില്‍ നേരത്തെ ദേവേന്ദ്ര കുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. അസ്താനയായിരുന്നു അന്വേഷണ സംഘത്തലവന്‍. ഹൈദരാബാദിലെ ബിസിനസുകാരനായ സതീഷ് സനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാകേഷ് അസ്താനക്കെതിരെ സിബിഐ കേസെടുത്തത്. കേസ് ഒഴിവാക്കുന്നതിനായി രാകേഷ് കൈക്കൂലിയായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു സനയുട പരാതി. ദുബൈയിലെ മനോജ് പ്രസാദ് എന്നയാള്‍ പണം കൈമാറ്റം ചെയ്യുന്നതിന് ഇടനിലക്കാരനായതായും പരാതിയുണ്ട്. അസ്താനക്കെതിരെ ആറ് കേസുകളില്‍ അന്വേഷണം നടക്കുന്നതായി സിബിഐ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്ഥനാണ് രാകേഷ് അസ്താന. ഇദ്ദേഹത്തെ സിബിഐ സ്‌പെഷല്‍ ഡയറക്ടറായി നിയമിച്ചത് വിവാദമായിരുന്നു.

Latest