Connect with us

Book Review

ജീവിതപ്പച്ച തൊടുന്ന കവിതകള്‍

Published

|

Last Updated

“ഷബീര്‍, വളരെ നല്ല വരികള്‍, ഈ ഈണങ്ങളില്‍ ലയിച്ച് ഞാന്‍ നന്നായുറങ്ങി, തുടരുക ഈ സര്‍ഗശ്രമങ്ങള്‍”. ഈണവും ആശയവും ചോരാതെ ഉറുദു ഗസലുകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത “ലൗഹ്” എന്ന ഗാനസമാഹാരം ആസ്വദിച്ച് കമലാസുരയ്യ എറണാകുളത്തേക്ക് വിളിപ്പിച്ച് ഷബീര്‍ അണ്ടത്തോട് എന്ന കവിക്ക് നല്‍കിയ കുറിപ്പാണിത്. കവിതയോട് അടങ്ങാത്ത പ്രണയമാണ് ഷബീറിന്.

“വിദ്വാന്‍മാരാല്‍ ചമക്കപ്പെടുന്ന തത്വപരമായ കാര്യങ്ങള്‍” എന്ന കവിതയുടെ നിര്‍വചനത്തെ യഥോചിതം ഉള്‍ക്കൊള്ളുകയും പ്രയോഗവത്കരിക്കുകയും ചെയ്യുന്നു ഈ കവി. വായനകള്‍ക്കിടയിലെ അപരിചിത പദങ്ങള്‍ വേഗം ഹൃദിസ്ഥമാക്കുന്നത് ചെറുപ്പത്തിലേയുള്ള പതിവാണ്. വാക്കുകളെ അത്രമേല്‍ ഇഷ്ടപ്പെടുന്നതിനാല്‍ നിഘണ്ടു നോക്കിയാലേ സ്വസ്ഥത വരൂ. പുതിയ കാലത്തെ മാറിയ കവിതാ സങ്കല്‍പ്പങ്ങളില്‍ ദുഃഖമുണ്ട്. പ്രാസമോ വൃത്തമോ ശബ്ദാലങ്കാരമോ ഇല്ലാത്ത അടുക്കിവെച്ച വാക്കുകളുടെ ശ്രേണി മാത്രമായി പുതിയ കാലത്തെ കവിത മാറിയെന്ന് അദ്ദേഹത്തിന്റെ പരിഭവം. ഷബീറിന്റെ വീക്ഷണത്തില്‍ കവിത അര്‍ഥപൂര്‍ണമാകാന്‍ അഞ്ച് ഘടകങ്ങള്‍ വേണം; സര്‍ഗവാസന, ആജ്ഞാശക്തി, ലോകജ്ഞാനം, പദപരിചയം, ബുദ്ധി. പത്ത് വയസ്സില്‍ തന്നെ ഗാനങ്ങളും പദ്യ ശകലങ്ങളും എഴുതി സര്‍ഗാത്മക ലോകത്ത് പിച്ചവെച്ചു. നൂറോളം ഗാന കാസറ്റുകള്‍ക്ക് രചന നടത്തിയ ഇദ്ദേഹം പുത്തന്‍പള്ളി പെരുമ്പടപ്പ് മൂപ്പരെ കുറിച്ചു മാത്രം അഞ്ചിലേറെ ഗാനസമാഹാരങ്ങള്‍ക്ക് മഷി പുരട്ടിയിട്ടുണ്ട്. കവിതയുടെ അന്തസ്സത്തയില്‍ ലയിച്ച ഷബീറിന്റെ വരികള്‍ ഭാഷാ സവിശേഷതയും കാതലായ ആശയങ്ങളും കൊണ്ട് സമ്പന്നമാണ്. 48 ാം വയസ്സിലാണ് ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങുന്നത്. നടപ്പുരീതിയനുസരിച്ച് “വൈകിയ” പുസ്തകലോക പ്രവേശനം. അതേസമയം, ഒന്നാമത്തെ സമാഹാരം ഇറങ്ങി തൊട്ടടുത്ത നാല് വര്‍ഷങ്ങളില്‍ അഞ്ച് സമാഹാരങ്ങള്‍ വെളിച്ചം കണ്ടത് സ്വീകാര്യതയുടെ പ്രകടമായ ലക്ഷണമാണ്. നാല്‍ക്കവലയോളം ഭൂമി, ഒഴുകാതെ ഒരു പുഴ, പിന്നീടുള്ള ദിനങ്ങള്‍, ചിലയിനം മണ്‍കോലങ്ങള്‍, ഇരുട്ടു തിന്നുന്ന ഭൂമി, പകലുറങ്ങുന്ന പക്ഷി തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. ആശാന്‍ കവിതകളോട് ഏറെ പ്രിയമാണ്. വീണപൂവിന്റെ ലാവണ്യം ഹഠാദാകര്‍ഷിച്ചിട്ടുണ്ട്.

നാല്‍ക്കവലയോളം ഭൂമിയില്‍ തുടങ്ങി
ആദ്യ കവിതാ സമാഹാരമായ “നാല്‍ക്കവലയോളം ഭൂമി” നാല് വ്യത്യസ്ത ദിശകളിലുള്ള കവലകളുടെ മധ്യത്തിലായി ഭൂമിയെ പ്രതിഷ്ഠിച്ചിരിക്കുന്നു കവി. സാമൂഹിക തിന്മകളായ വ്യഭിചാരം, മദ്യപാനം, പിടിച്ചുപറി, ചൂതാട്ടങ്ങള്‍ എന്നിവയാണ് കവലകള്‍. ഇവക്ക് മധ്യേ അകപ്പെടുന്ന ഒരാളുടെ നിസ്സഹായാവസ്ഥയാണ് വരികളില്‍. തിന്മകള്‍ നിറഞ്ഞ ചുറ്റുപാടുകളെ നിര്‍വികാരനായി നോക്കിക്കാണുന്ന സമകാലീന ലോകം വാക്കുകളില്‍ തെളിഞ്ഞുവരുന്നു. സ്ത്രീധനം, സ്ത്രീയാണ് ധനം, മരണഗേഹം, യാത്ര, വിഷക്കാറ്റ്, അതിഥി തുടങ്ങി ആഴമേറിയ പദപ്രയോഗങ്ങളുള്ള ഇരുപത്തിയഞ്ച് വിഷയങ്ങളാണുള്ളത്. “ആറ്റിലേക്ക് ചാഞ്ഞ് ആറ്റ് തീരത്ത് വളരുന്ന ഓലകള്‍ പോലെ ഷബീറിന്റെ വരികള്‍” എന്നാണ് അവതാരികയില്‍ കുറിക്കപ്പെട്ടത്. പി സുരേന്ദ്രന്‍, ആലംകോട് ലീലാകൃഷ്ണന്‍, പ്രസാദ് കാക്കശ്ശേരി, കെ ജി ശങ്കരപ്പിള്ള, ടി ഡി രാമകൃഷ്ണന്‍, എം കമറുദ്ദീന്‍, രാധാകൃഷ്ണന്‍ കാക്കശ്ശേരി തുടങ്ങിയവരാണ് പുസ്തകങ്ങളുടെ അവതാരിക എഴുതിയത്.

സ്വാതന്ത്ര്യമില്ലായ്മയെ കുറിച്ചാണ് 12 കവിതകളുള്ള “ഒഴുകാതൊരു പുഴ” സംവദിക്കുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും പാരതന്ത്ര്യത്തില്‍ തന്നെയാണെന്ന ബോധത്തില്‍ നിന്നാണ് കവിമനസ്സ് തൂലികയെടുക്കുന്നത്. പുസ്തകേപ്പരിലെഴുതിയ കവിതയില്‍, വരളുന്ന ജീവജലത്തിന്റെ ചക്രശ്വാസം അടക്കിവെച്ചത് ഇപ്രകാരം വായിക്കാം: “ഇലയറ്റ പൂക്കാമരങ്ങള്‍/ ശ്രുതിവറ്റി പാടാകുയിലുകള്‍/ നിനവറ്റു വിരിയാമലരുകള്‍”. ദയനീയ ചിത്രമോരോന്നും എത്ര മനോഹരമായാണ് അക്ഷരങ്ങള്‍ കൊണ്ട് വരച്ചത്.

സ്വന്തം സഹോദരിയുടെ വിയോഗം വരുത്തിയ മനോവ്യഥയില്‍ നിന്നുയിര്‍ക്കൊണ്ട അക്ഷരപുഷ്പങ്ങളാണ് “പിന്നീടുള്ള ദിനങ്ങള്‍” എന്ന സമാഹാരം. പ്രാണന് തുല്യം സ്‌നേഹിച്ച കൂടപ്പിറപ്പിന് ബാധിച്ച മാരകരോഗം അവളെയുംകൊണ്ടാണ് കടന്നത്. ഒരു സഹോദരന് താങ്ങാവുന്നതിലുമപ്പുറത്തെ ആ നോവുകാഴ്ചകള്‍ ജീവിത യാഥാര്‍ഥ്യമായി വരികളില്‍ കുറിച്ചു. സഹോദരിയുടെ ജീവിതത്തിന്റെ ഗതിമാറ്റിയെഴുതിയ ഓര്‍ക്കാപ്പുറത്തെ രോഗവും രോഗകാരണവും അന്ത്യയാത്രയും അനന്തര ജീവിതവും തുടങ്ങി വിലാപങ്ങളുടെ മുഖങ്ങള്‍ ഓരോ ശീര്‍ഷകത്തില്‍ വരച്ചിട്ടിരിക്കുന്നു. പ്രകൃതിയും പറവകളും പ്രണയവും ഗസലും തുടങ്ങിയ മറ്റനേകം വ്യത്യസ്ത കവിതകളും ഈ സമാഹാരത്തിന് മാറ്റുകൂട്ടുന്നു.

അനുഭവങ്ങളുടെ ഉള്‍ക്കടലില്‍ നിന്നാണ് “പകല്‍ ഉറങ്ങുന്ന പക്ഷി” ചിറകടിച്ചുയരുന്നത്. പ്രവാസജീവിതത്തിന്റെ തീക്ഷ്ണമായ അനുഭവച്ചൂടുകള്‍ സദാ അസ്വസ്ഥമാക്കിയ സമയത്ത് ഉള്ളിലുറങ്ങിയ ഭാവനകളെ മനോഹരമാക്കിയ 34 കവിതകള്‍. നേരനുഭവങ്ങളുടെ ചൂളയില്‍ ചുട്ടെടുത്ത ഓരോ കവിതയും അധര്‍മങ്ങള്‍ക്കെതിരെയുള്ള ധീര ശബ്ദമാണ്. അസ്വാരസ്യങ്ങള്‍ക്ക് നേരെ ചേര്‍ത്തുവെച്ച പടവാള്‍. സമൂഹത്തിലെ രോദനങ്ങളെയും അന്ധകാരങ്ങളെയും അറിവിന്റെ വെട്ടംവഴി സംശുദ്ധമാക്കാന്‍ ഉള്‍പ്രേരകമാണ് ഓരോ വരിയും. കെട്ടകാലത്തിന്റെ കെട്ടിപ്പൊക്കിയ പകല്‍ മാന്യതകളെ കേവലം പുറംതോടുകളായി വര്‍ണിച്ച് നീതിബോധത്തിന്റെ നന്മനാമ്പ് തളിര്‍ക്കാന്‍ നാം പാടുപെടണമെന്ന് ഉണര്‍ത്തുന്ന കവിതയില്‍ പകല്‍ വെട്ടത്തില്‍ പച്ചമനുഷ്യനെ ചികഞ്ഞ ഡയോജനിസിന്റെ പ്രതിരൂപം കാണാം. മനസ്സും ആത്മാവും പ്രണയവും വ്യക്തിത്വവും ചികയുന്ന മനുഷ്യന്‍ മനുഷ്യത്വമെവിടെയെന്ന് തിരക്കാന്‍ മറന്നുവെന്ന് കവിത വിചാരണ ചെയ്യുന്നു. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തല തിരിഞ്ഞ വ്യവസ്ഥകളോടുള്ള കലഹം കൂട്ടലാണ് മിക്ക കവിതകളും. ഫാസിസം, തീവ്രവാദം, ദുര്‍നടപ്പുകള്‍ ഓരോന്നും ചുടുവിചാരണകള്‍ നേരിടുന്നു.

ബാല്യകാലത്ത് കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരില്‍ പിതാവിനോടൊത്ത് ചെയ്ത യാത്രയും അവിടെ താമസിച്ച് ദര്‍സ് പഠനം നടത്തിയതും ഉള്‍പ്പെടെയുള്ള ഓര്‍മകളുടെ ആവിഷ്‌കാരമാണ് ചിലയിനം മണ്‍കോലങ്ങള്‍. അന്ന് വയ്സ്സ് പത്ത്. പരിസരത്തെ വലിയ മലയില്‍ പോകുക പതിവാണ്. ഒരു ദിവസം ഏകാന്തനായി തൊട്ടടുത്തുള്ള മലക്ക് കീഴെ നോക്കി നില്‍ക്കവേ ഒരു ഗുഹ ശ്രദ്ധയില്‍പ്പെട്ടു. അസ്തമയ സൂര്യന്റെ ശോഭയില്‍ ചില പാത്രങ്ങളും പാമ്പുകളും തുടങ്ങിയ രൂപങ്ങള്‍ ആരോ എടുത്തുവച്ചതുപോലെ അനുഭവപ്പെട്ടു. വല്ലാത്ത ആകര്‍ഷണം തോന്നിയ ആ കോലങ്ങളെ പറ്റിയായി പിന്നീട് ചിന്ത. അതാണ് ചിലയിനം മണ്‍കോലങ്ങളുടെ പിറവിക്ക് ഹേതു.

ഭൂമിയില്‍ സൂര്യനുദിക്കുന്നുവെങ്കിലും അക്ഷരാര്‍ഥത്തില്‍ കട്ടപിടിച്ച ഇരുട്ടാണ് പരക്കെ. തെറ്റുകളുടെയും ദുര്‍നടപ്പുകളുടെയും ഇരുട്ട്. മനുഷ്യന്റെ ദുരാഗ്രഹങ്ങളാല്‍ ഇരുള്‍മൂടിയ സമൂഹത്തില്‍ അരക്ഷിതാവസ്ഥയാണുള്ളത് എന്ന് “ഇരുട്ടുതിന്നുന്ന ഭൂമി” തെളിവുസഹിതം സമര്‍ഥിക്കുന്നു. ആനുകാലിക യാഥാര്‍ഥ്യങ്ങളെ സരസവും ലളിതവുമായി അവതരിപ്പിക്കുന്ന “മഴമുറിച്ച്”, പ്രവാചക ചരിത്രകഥകളുടെ കാവ്യാവിഷ്‌കാരമായ “നൂലുകോര്‍ത്ത രാത്രി” എന്നീ കൃതികള്‍ പണിപ്പുരയിലാണ്. വിശ്രുത പണ്ഡിതനും ബഹുഭാഷാ സാഹിത്യ പ്രതിഭയുമായിരുന്ന ശുജായി മൊയ്തു മുസ്‌ലിയാരുടെ നാലാം തലമുറയില്‍ തൃശ്ശൂര്‍ അണ്ടത്തോട് കുളങ്ങര വീട്ടില്‍ കെ കെ മുഹമ്മദ് മുസ്‌ലിയാര്‍- നഫീസ ദമ്പതിമാരുടെ പുത്രനാണ്.
.