അനുവദിക്കൂ അവരെ, പ്യൂപ്പയുടച്ച് പുറത്തുവരാന്‍

Posted on: October 22, 2018 7:21 pm | Last updated: October 22, 2018 at 7:21 pm

കേട്ടാല്‍ തോന്നുക ശ്ലീലക്കമ്മിയുള്ള ഒരു കഥയാണെന്നാണ്. അതുകൊണ്ട് തന്നെ എഴുതണോ വേണ്ടേ എന്ന ചിന്തയിലുഴറി അരമണിക്കൂറിലധികമായി പേനയും പിടിച്ച് ഞാനീ ഇരിപ്പിരിക്കുന്നു. എന്തായാലും ആവട്ടെ, കാര്യപ്പെട്ട ഒരു കാരണോര്‍ പറഞ്ഞുതന്ന കഥയല്ലേ, നല്ല പാഠമുണ്ട് എന്ന വിലയിരുത്തലോടെയാണ് എഴുതിത്തുടങ്ങുന്നത്. പറ്റായ്ക തോന്നുന്ന പക്ഷം ക്ഷമിച്ചേക്ക്.
ആറ്റുനോറ്റു കിട്ടിയതാണ് ഒരു ആണ്‍തരി. അതിരുവിട്ട ലാളനയാലാണ് വളര്‍ത്തിയത്. പല്ലുതേച്ചു കൊടുക്കും. ഉടുപ്പുകളിട്ടു കൊടുക്കും. പുറങ്കാറ്റു കൊള്ളാനോ കൊതുകുകടി ഏല്‍ക്കാനോ വിടുകയേ ഇല്ല. എല്ലായ്‌പ്പോഴും കുളിച്ച് ലാമിനേറ്റ് ചെയ്ത് കുട്ടപ്പ കട്ടബൊമ്മനായി നിലനിര്‍ത്തും. വലുതായിട്ടും അവര്‍ അവനെ വെറുതെവിട്ടില്ല. പിന്നാലെകൂടി ടൈംടേബിള്‍ അനുസരിച്ച് ബുക്കെടുത്തുവെക്കല്‍, മാത്‌സിലെ പരിശീലനപ്രശ്‌നങ്ങള്‍ ചെയ്ത് കൊടുക്കല്‍, സോക്‌സ്, ബെല്‍റ്റ്, ടൈ എന്നിവ കുടുക്കിക്കൊടുക്കല്‍ എന്നുതുടങ്ങി പതിനാറാം വയസ്സില്‍ പോലും ചോറ് ഉരുളയാക്കി വായില്‍ വെച്ചുകൊടുക്കല്‍. എന്തിനധികം പറയണം അവരവനെ ഒന്നാന്തരമൊരു ടോയ്‌ബോയിയാക്കി ഓമനിച്ചു കൊന്നു.

ആള്‍ വലുതായി. പെണ്ണുകെട്ടി. കിട്ടിയതും ഇമ്മട്ടിലൊരു ഓമനച്ചിമൂരാച്ചി. ഒരു പൊണ്ണ ഉടല്‍. കാലങ്ങളേറെ കഴിഞ്ഞു. വൃദ്ധദമ്പതിമാരുടെ കണ്ണുകള്‍ കുഴിഞ്ഞുവന്നു. ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള അവരുടെ ആഗ്രഹം അകലെയായി. ഒടുവിലാരോ അവരോടു പറഞ്ഞു, ഒരു കൗണ്‍സിലിംഗ് നടത്തിനോക്കാന്‍. കൗണ്‍സിലര്‍ക്ക് കാര്യം മനസ്സിലായി.

‘ഇതുവരെ എല്ലാം ചെയ്തു കൊടുത്തത് നിങ്ങളല്ലേ, ഇതും നിങ്ങള്‍ തന്നെ നോക്കുമെന്ന് അവര്‍ കരുതിക്കാണും’.
ആ തൊണ്ടരുടെ നെഞ്ചു കരിഞ്ഞു. ഗതികെട്ട അവര്‍ മക്കളെ വിളിച്ച് ഉപദേശിച്ചു- മക്കളേ നിങ്ങള്‍ക്ക് മക്കളുണ്ടാവാന്‍ നിങ്ങള്‍ തന്നെ നോക്കണം, അതിനാരേയും കാത്തിരിക്കല്ലേ…
ഇതൊരു കഥയാകയാല്‍ അതിശയോക്തി കടിച്ചേക്കാം. എന്നാല്‍ യഥാര്‍ഥ ലോകത്ത് അല്ലലലട്ടലറിയിക്കാതെ മക്കളെ വളര്‍ത്തിയാല്‍ എല്ലാമാകും എന്ന് കരുതി ചതിപ്പെട്ടൊരാള്‍ എന്റെ മുന്നില്‍ പെട്ടതിന്റെ ചില രംഗങ്ങള്‍ കാണൂ നിങ്ങള്‍. വീടുകൂടല്‍ ക്ഷണിക്കാന്‍ വന്നതാണ് കക്ഷി. പക്ഷേ, പെട്ടെന്നാ കര്‍മം കഴിച്ച് സ്ഥലം കാലിയാക്കാതെ പ്രസംഗം തന്നെ പ്രസംഗം! കഴിഞ്ഞകാലങ്ങളില്‍ സഹിച്ച ത്യാഗങ്ങള്‍, ജീവിതത്തിലെ കഷ്ടപ്പാടുകള്‍, ഇപ്പോഴത്തെ ജീവിതത്തിലെ പ്രതിസന്ധികള്‍, പഠനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍… ഇങ്ങനെയുമുണ്ടോ ഒരു വീട്ടിക്കൂടുക്ഷണം?
കുറച്ച് കഴിഞ്ഞാണ് എനിക്ക് വെളിവുവീണത്, ഈ പ്രസംഗമൊന്നും എന്നോടല്ല, മറിച്ച് കൂടെവന്ന മകന്‍ കേള്‍ക്കാനാണെന്ന്. മാത്രവുമല്ല, ഞാനും ആ പ്രസംഗ മത്സരത്തില്‍ പങ്കെടുത്ത്, അവനെ ഒരരുക്കാക്കണം എന്നൊരു ദാഹവും ആ മുഖത്തുനിന്ന് മനസ്സിലാക്കിയെടുക്കാം. പത്തിരുപത്തെട്ടുകൊല്ലം മരുഭൂമിയില്‍ ഉരുകിപ്പഴുത്ത്, ഇപ്പോള്‍ കൊള്ളാവുന്ന വീടുപണിത് ഹൗസ് വാമിംഗിന് ഒരുങ്ങുകയാണ് ആള്‍. ഒരു കുടുംബം പോലെ ഒന്നിച്ചു കഴിഞ്ഞവരായിരുന്നു ഒരു കാലത്ത് നമ്മള്‍. ഇപ്പോഴവര്‍ മറ്റൊരിടത്ത് സ്ഥലമെടുത്തു, വീടുവെച്ചു, ഇതാ കൂടുകയായി.
‘തനിക്കുണ്ടായ കഷ്ടപ്പാട് മക്കള്‍ക്കുണ്ടാവരുത് എന്നുകരുതി ഒരു കുറവും വരുത്താതെയാണ് ഞാനിവനെ വളര്‍ത്തിയത്. ഇല്ലാത്തത് കൊണ്ട്, എന്നുപറഞ്ഞാല്‍ ബസിന് കൊടുക്കാന്‍ ഒരു രൂപയില്ലാത്തത് കൊണ്ട് തന്നെ, ഇട്ടുടുക്കാന്‍ വെടിപ്പുള്ള ട്രൗസറും കുപ്പായവും ഇല്ലാത്തത് കൊണ്ട്- കാരണം വാങ്ങിത്തരാന്‍ ഉപ്പാക്ക് ഗതിയില്ല, പഠിപ്പ് നിര്‍ത്തേണ്ടി വന്നതാ ഞാനൊക്കെ. പത്തൊമ്പതാം വയസ്സില്‍ നാടുകടന്നതാണ്. നാൡന്നോളം ഉരുകിത്തീര്‍ന്നുള്ള ഉഴലിച്ച തന്നെ.

സത്യം പറയാം, അധ്വാനിച്ചു പണമുണ്ടാക്കി എന്നല്ലാതെ ജീവിതത്തിലെ സുഖമെന്തെന്ന് ഞാനറിഞ്ഞിട്ടില്ല. പത്തുപതിനാല് മണിക്കൂര്‍ പണികഴിഞ്ഞാല്‍ അടങ്ങി നില്‍ക്കാറില്ല; പുറത്തുപോവും, പെറുക്കാന്‍! പാട്ടയും ഡബ്ബയും പ്ലാസ്റ്റിക് പൊട്ടുമെല്ലാം പെറുക്കിക്കൂട്ടി വിറ്റാല്‍ എങ്ങനെയായാലും ചെലവിന്റെ പൈശ ഒക്കും. എന്നാല്‍, മാസത്തില്‍ കിട്ടുന്നത് പൊട്ടിക്കാതെ ഇങ്ങയക്കാമല്ലോ എന്നാണ് ഞാന്‍ കണക്കുകൂട്ടിയത്. ഇവനൊന്നും ഇന്ന് ഒരു കുറവുമില്ല, പക്ഷെ പറഞ്ഞിട്ടെന്താ വേണ്ടത്, ഒരു കരപിടിക്കുന്ന രൂപത്തിലല്ല ഇവന്റെയൊന്നും പോക്ക്!
എറണാകുളത്ത് സാപ്പിന് പഠിക്കാന്ന്നും പറഞ്ഞ് ഒന്നര ലക്ഷം ഒടുക്കി. ഒരഞ്ചെട്ട് മാസം കഴിഞ്ഞപ്പോള്‍ സാപ്പൂല്ല, സോപ്പൂല്ല. പിന്നെ പറഞ്ഞ് മംഗലാപുരത്ത് ഇന്റീരിയര്‍ ഡിസൈനിംഗിന് ചേരണംന്ന്. ചേര്‍ത്തു. ഹോസ്റ്റല്‍ ചാര്‍ജടക്കം ഒന്നേകാലടച്ചു. വെറും രണ്ടര മാസം കഴിഞ്ഞപ്പോഴേക്ക് ഓനത് മതിയായി. ഇതും കൊണ്ട് കറക്കം തന്നെ- കുതിരയെ പോലെ ഓങ്ങിനിന്ന പള്‍സറിലേക്ക് ചൂണ്ടി അയാള്‍ സങ്കടപ്പെട്ടു. ബാംഗ്ലൂരില്‍ ചങ്ങായിമാര്‍ ചൈനീസ് സാധനത്തിന്റെ ബിസിനസ് തുടങ്ങുന്നുണ്ട്, ഇവനും അതില്‍ കൂടണന്നായി പിന്നെ. ഞാനും കരുതി നല്ലത് തന്നെ- ഒരേര്‍പ്പാടായല്ലോ. അങ്ങനെ പൊരപ്പണിയെല്ലാം തത്കാലം നിര്‍ത്തിവെച്ച്, ഇല്ലാത്ത പൈസ തിരിമറിയാക്കി രണ്ട് ലക്ഷം ഞാനൊപ്പിച്ചുകൊടുത്തു. അതിനും ഇപ്പോള്‍ ഒരു തുമ്പില്ല. ഇവനങ്ങ് ചെന്നുനോക്കല്‍ തന്നെയില്ല. എല്ലാം കഴിഞ്ഞ് ഇപ്പൊ ഓന്‍ പറയുന്നത് എന്തോ ഒന്ന് പഠിക്കണന്നാ.
‘എന്താടാത്, ഇവന് പറഞ്ഞ്‌കൊടുക്ക്. ഇവനതെല്ലാം തിരിയും’.
അവന്‍ പതുക്കെ തല ഉയര്‍ത്തി. ആ മുഖത്ത് പുഛവും രോഷവും നുരകുത്തുന്നുണ്ടായിരുന്നു. ‘ഇത് പറായാനാ നിങ്ങള്‍ എന്നേം കൂട്ടി ഈ വന്നതല്ലേ. ഞാനപ്പഴേ പറഞ്ഞതാ എനിക്ക് വേറെ പോവാനുണ്ട്, വരാനൊഴിവല്ലാന്ന്’ എന്ന് ഭാവം.
‘ഊം പറഞ്ഞോട്ക്ക്.’
ഞാന്‍ ബി ബി സി ന്യൂസ് അവതാരകനായ സാക്ഷാല്‍ സായിപ്പാണെന്ന നാട്യത്തില്‍, എന്നാല്‍ വളരെ കൃത്രിമമായ അറുബോറന്‍ ആക്‌സന്റില്‍ എവിടെയോ നോക്കി, ചുണ്ടുകള്‍ പരമാവധി കോട്ടിവളച്ച് അവന്‍ പറഞ്ഞു:
‘മാസ്റ്റ്‌റൊഫ് ബിസിന്‍ അമിസ്‌ററ്രേഷ്ന്‍…’
‘ഇനി നീ കുറച്ച് ഇവന് പറഞ്ഞ് കൊടുക്ക്’ എന്ന് പറഞ്ഞ് അയാള്‍ ആ മുള്‍പന്ത് എന്റെ കോര്‍ട്ടിലേക്ക് തട്ടി.
‘അതിന് നീ ഡിഗ്രി കഴിഞ്ഞോ?’ ഞാന്‍ ചോദിച്ചു.
‘ഇല്ല, ബറ്റ് ഇപ്പോള്‍ ഇതിനാണ് സ്‌കോപ്പ്’
എനിക്ക് ചിരിവന്നുപോയി. എസ്സെസ്സെല്‍സി പാസായി അരീക്കോട് മജ്മഇല്‍ എന്നെ മുസ്‌ലിയാര്‍ കോഴ്‌സിന് ചേര്‍ക്കാന്‍ പോവുന്നു എന്ന് പറഞ്ഞപ്പോള്‍ ‘നേരം വെളുക്കാത്ത പോയത്തക്കാരാ’ എന്ന് വിളിച്ച് എന്റെ ഉപ്പാനെ മക്കാറാക്കിയ വമ്പനും അവന്റെ വാവാച്ചിക്കുട്ടിമോനുമാണീ ഇരിക്കുന്നത്.
പറയുന്നത് എന്താണെന്ന് പിടികിട്ടിയോ? ക്ലേശവും കഷ്ടപ്പാടുമെന്തെന്ന് അറിയിക്കാതെ മക്കളെ കൂട്ടിലിട്ട് തീറ്റ കൊടുത്ത് വളര്‍ത്തിയാല്‍ അവര്‍ വമ്പന്‍മാരാവും എന്ന് ചിന്തിക്കുകയും ഒടുവില്‍ വിരല്‍ കടിക്കേണ്ടി വരികയും ചെയ്യുന്ന ഒന്നല്ല ഒരായിരം രക്ഷിതാക്കള്‍ നമുക്കുചുറ്റും കള്ളിമിണ്ടാതെ ഞെരങ്ങിക്കഴിയുന്നുണ്ട്.
നിങ്ങള്‍ക്കൊരു കാര്യം കേള്‍ക്കണോ? വെറുതെ കിട്ടുന്നതിന് ആരും, മക്കള്‍ പോലും വില കല്‍പ്പിക്കുകയില്ല. കഷ്ടപ്പെടുമ്പൊഴേ, കാര്യഗൗരവം വരൂ. ഓര്‍മയില്ലേ, ബനൂഇസ്‌റാഈലികളുടെ കഥ? അവര്‍ മൂസാ നബിയുടെ കൂടെ പോവുകയാണ്. വഴിയില്‍ വേണ്ടതെല്ലാം അവര്‍ ചോദിച്ചു. ചോദിച്ചതെല്ലാം മൂസാ നബി നേടിക്കൊടുത്തു. വെള്ളത്തിന് വെള്ളം. തണലിന് തണല്‍. അങ്ങനെയോരോന്നും. തിന്നാനും കുടിക്കാനുമാണെങ്കില്‍ ലോകത്തൊരാള്‍ക്കും കിട്ടാത്തത്; കാടപ്പക്ഷിയും കട്ടിത്തേനും. ഇത്ര ആയപ്പോഴേക്ക് തന്നെ നന്ദികേടിന്റെ പുഴുക്കുത്ത് കണ്ട് തുടങ്ങി. ഞങ്ങള്‍ക്കീ വെറും കാടയും കട്ടിയുമടിച്ചങ്ങനെ കഴിഞ്ഞുകൂടാനൊന്നും കഴിയില്ല. ചീര, ഗോതമ്പ്, പയറ്, കക്കിരി, ഉള്ളി ആദിയായവയെല്ലാം വേണം. ഉം, പടച്ചവനോട് പ്രാര്‍ഥിക്ക്. ഓഹോ, എല്ലാം വെറുതെ കിട്ടിയപ്പോള്‍ മൂപ്പ് കൂടുന്നുവല്ലേ, കാണിച്ചുതരാം. പിന്നീട് അവര്‍ക്ക് അലയാനായിരുന്നു വിധി. ചുട്ടുപൊള്ളുന്ന സീനാ മരുഭൂമിയില്‍ നാല്‍പ്പത് കൊല്ലക്കാലം. അലയട്ടെ, അവര്‍. ജീവിതമെന്തെന്നും പ്രയാസങ്ങളെന്തെന്നും അറിയട്ടെ.

ഒരു രാജാവിന്റെ കഥ പറയുന്നുണ്ട്, ശൈഖ് മുഹ്‌യുദ്ദീന്‍ (ഖ സി). തന്റെ പ്രജകളില്‍ പ്രമുഖനായ ഒരുത്തനെ ഒരു നാട്ടുരാജ്യത്തിന്റെ ഭരണമേല്‍പ്പിച്ചു. നാടുവാഴി ഭരണം തുടങ്ങി. അധികാരവും അലങ്കാരവും ഒത്തുവന്നപ്പോള്‍ അയാളില്‍ അഹങ്കാരം പതഞ്ഞുപൊന്തി. നിലമറന്നു പ്രവര്‍ത്തിച്ചു ആശാന്‍. സുഖലോലുപതയുടെ പളപളപ്പില്‍ അതിഭയങ്കരമായ ഉത്തരവുകളിടാനും അക്രമങ്ങളഴിച്ചുവിടാനും തുടങ്ങി. താനൊരു നാടുവാഴി മാത്രമാണെന്നും എന്റെ മീതേ മറ്റൊരു രാജാവുണ്ടെന്നും ആ പീക്കിരി മറന്നുപോയി. രാജാവിനത് പിടുത്തം കിട്ടി. ഉടന്‍ സിംഹാസനത്തില്‍ നിന്ന് ഇറക്കിച്ചു. കിരീടമഴിപ്പിച്ചു. നേരെ കാരാഗൃഹത്തിലേക്ക് തള്ളിവിട്ടു. കഠിനപീഡനങ്ങളുടെ തടവുജീവിതത്തില്‍ മടക്കിനിര്‍ത്തി. കാലമൊട്ടു കഴിഞ്ഞപ്പോള്‍ തന്നിലും ഒരകക്കണ്ണ് വിടര്‍ന്നുവന്നു. നല്ലകുട്ടിയായി. രാജാവാക്കി വീണ്ടും വാഴിച്ചു. നല്ല പോലെ ഭരിച്ചു.

സമ്പത്തുണ്ടായാല്‍ എല്ലാം ആയി എന്നാണ് ചിലരുടെ വിചാരം. എന്നാല്‍ ഒരു കാര്യം കേള്‍ക്കണോ നിങ്ങള്‍ക്ക്? സമ്പത്ത് കൂടിയാല്‍ എല്ലാം പോവുകയാണ് ചെയ്യുക. പലതും വേണമെന്ന് ബാഹ്യമായി നമുക്ക് തോന്നാമെങ്കിലും ആത്യന്തികമായി എന്താണ് ഉചിതമായിട്ടുള്ളതെന്ന്, സത്യം, നമുക്കറിഞ്ഞുകൂടാ. ചില കാര്യങ്ങള്‍ അങ്ങനെയാണ്. നാം ചിന്തിക്കുന്നതില്‍ നിന്ന് വിരുദ്ധമായിട്ടായിരിക്കും കാര്യങ്ങളുടെ കിടപ്പ്. ആയതുകൊണ്ടാണ് ത്വാഹാ റസൂല്‍ (സ) പറഞ്ഞത്, എന്റെ കാലശേഷം എന്റെ സമുദായത്തിന് ദാരിദ്ര്യം വരുന്നത് ഞാന്‍ ഭയക്കുന്നില്ല. അതേസമയം ഭൂമിക്കടിയിലെ നിധിനിക്ഷേപങ്ങള്‍ അവര്‍ക്കുമേല്‍ തുറക്കപ്പെടുന്നതാണ് എന്റെ ആധി. ഇത് നമുക്കത്രയങ്ങ് മനസ്സിലാവുകയില്ല. അതെളുപ്പം മനസ്സിലാക്കാന്‍ ഒരുദാഹരണം പറയാം.

നിങ്ങളുടെ ഒന്നര വയസ്സുള്ള കുഞ്ഞ് വാശിപിടിച്ച് കരയുകയാണ്, ഒരു കൊച്ചു സാധനത്തിനു വേണ്ടി. നിന്നും നിലത്തുവീണും ഉരുണ്ടുപിരണ്ടും കൈകാലിട്ടടിച്ചും അലമുറയിട്ട് കരയുകയാണവന്‍. നിങ്ങള്‍ പലതും വെച്ചുനീട്ടി- പണം, ഫോണ്‍, പേന, പൂ.. ഫൂൂൂ, അതൊന്നും അവന് വേണ്ട. എന്നാല്‍ പിന്നെ അതങ്ങ് കൊടുത്തുകൂടേ? പറ്റില്ല! കാരണം അവന്‍ ചോദിക്കുന്നത്, സൂചിക്കാണ്, ഹ് ഹ് ഹൂൂൂൂൂ…

ഇങ്ങനെയാണ് കാര്യങ്ങള്‍ കിടക്കുന്നത്. പലകാര്യങ്ങളും നേടിയെടുക്കാനായി നാം നെട്ടോട്ടമോടുന്നു, രാപ്പകലില്ലാതെ മുട്ടിപ്പായി പ്രാര്‍ഥിക്കുന്നു. പക്ഷെ എന്ത് കുത്തിമറിഞ്ഞിട്ടെന്താ, നാം ലക്ഷ്യത്തിലെത്തുന്നേയില്ല. എന്തുകൊണ്ടായിരിക്കാം അത്? നമുക്കെന്ത് വേണം എന്ത് വേണ്ട എന്ന് പടച്ച റബ്ബിനറിയാം. അവന്‍ തരുന്നത് സ്വീകരിക്കുക, തരാത്തതില്‍ തൃപ്തി അണയുക. രാത്രി നേരത്ത് പകലിന് വേണ്ടിയോ പകല്‍ നേരത്ത് രാത്രിക്ക് വേണ്ടിയോ പരിശ്രമിച്ചിട്ടോ പ്രാര്‍ഥിച്ചിട്ടോ കാര്യമില്ല. ശൈഖ് മുഹ്‌യുദ്ദീന്‍ (ഖ സി) തന്റെ ഫുതൂഹുല്‍ ഗൈബില്‍ ഇങ്ങനെയൊരു ഉദാഹരണം പറഞ്ഞുതന്നത് നമുക്കിവിടെ ചേര്‍ത്തുവായിക്കാം. എന്നുവച്ചാല്‍ ഇതു പകലാണ് ഇപ്പോള്‍ രാത്രിക്കായി കൊതിക്കാനോ ആയതിനായി പ്രാര്‍ഥിക്കാനോ (തിരിച്ചോ) പാടില്ല എന്ന് തിരിച്ചറിവില്ലാത്തവരാണ് നമ്മളെന്നാണ് അതിന്റെ അര്‍ഥം വരുന്നത്. നമുക്ക് പറ്റാത്തത് നാം വാശിപിടിച്ച് നേടിയെടുത്താല്‍ അത് അപകടത്തില്‍ ചാടിക്കും. കരഞ്ഞ് കൈക്കലാക്കിയ സൂചി കൊണ്ട് ഒന്നര വയസ്സുകാരന്‍ എന്താണ് ചെയ്യുക എന്നാലോചിച്ചു നോക്കുക.

മുആദുബിനു ജബല്‍ (റ)നെ യമനിലെ ഗവര്‍ണറായി യാത്രയാക്കുമ്പോള്‍ തിരുനബി (സ) പ്രത്യേകം ഉണര്‍ത്തിയ കാര്യമായിരുന്നു ആഡംബര ജീവിതം അരുതെന്ന്. കാരണം അല്ലാഹുവിന്റെ അടിയാറുകള്‍ക്ക് പറ്റിയതല്ല, സുഖലോലുപത. സമ്പത്തും സുഖവും എത്ര കിട്ടിയാലും മതിവരില്ല. ഹദീസിലുണ്ടല്ലോ ഒരാള്‍ക്ക് സ്വര്‍ണനിര്‍മിതമായ രണ്ട് താഴ്‌വരകളുണ്ടെങ്കില്‍, അവന്‍ മൂന്നാമതൊന്ന് കൊതിക്കും. മണ്ണിനല്ലാതെ അവന്റെ ഉള്ള് നിറക്കാന്‍ കഴിയില്ല.

ഇല്ലാത്തവന്‍ പറയുക, അല്പം സമ്പത്തുണ്ടായിരുന്നെങ്കില്‍, ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് കൊണ്ട് മറ്റുള്ളവരെ സഹായിക്കാമായിരുന്നു, എന്നാണ്. അത് ഇരുമ്പിന്റെ മഴു നഷ്ടപ്പെട്ടപ്പോള്‍ സ്വര്‍ണത്തിന്റെ മഴു നേര്‍ച്ചയാക്കിയ ആളും അങ്ങനെത്തന്നെയായിരുന്നു. ചോദിച്ചപ്പോള്‍ പറഞ്ഞത് അത് കിട്ടാന്‍ വേണ്ടി പറഞ്ഞതല്ലേ; കൊടുക്കാന്‍ വേണ്ടി പറഞ്ഞതല്ലല്ലോ എന്നാണ്. ഇത് തന്നെയാണ് നമ്മുടെയും അവസ്ഥ. കിട്ടിനോക്കിയാല്‍ അറിയാം, കഥ. ഓര്‍ക്കുക! സമ്പത്ത് കൂടിയാള്‍ ആള് മാറും. മാത്രവുമല്ല, കിട്ടിയിട്ട് ആര്‍ക്കുമൊട്ട് മതിയാവുകയുമില്ല. ഉയരത്തിലേക്ക് നോക്കിയാല്‍ നമ്മുടെ ആര്‍ത്തിയൊട്ട് തീരുകയുമില്ല.

ആഡംബരവും അതിസമൃദ്ധിയും നമ്മുടെ അകക്കണ്ണില്‍ ചെളിപുരട്ടുകയാണ് ചെയ്യുക.. വര്‍ത്തമാന ജീവിതത്തിന്റെ തുറസ്സുകളിലേക്ക് കണ്‍തുറന്ന് നോക്കൂ. ഭൗതിക സമൃദ്ധിയല്ലേ ഒരര്‍ഥത്തില്‍ നമ്മളിലെ നമ്മളെ കട്ടുകൊണ്ടുപോയത്? വറുതിയുടെ കാലത്ത് ബന്ധങ്ങള്‍ക്ക് എന്തൊരി കാന്തശക്തിയായിരുന്നു എന്നോര്‍മിച്ചു നോക്ക്!

നല്ല ചൂളയില്‍ ഉരുകിപ്പഴുത്ത ലോഹത്തിനായിരിക്കും ഉറപ്പുകൂടുക. എന്നതുപോലെയാണ് ജീവിതത്തിന്റെ കാര്യവും. തീക്ഷ്ണമായ പരീക്ഷണത്തിന്റെ തീച്ചൂളയില്‍ ഉരുകി ജീവിച്ചവര്‍ക്ക് തിരിച്ചറിവിന്റെ ഉള്‍നേത്രം തുറന്ന് കിട്ടും. മദിച്ചു നടന്ന കാട്ടാനയെ പന്തിയില്‍ വീഴ്ത്തി മെരുക്കിയെടുത്താല്‍, അവന്‍ എത്ര നല്ല മോനായിപ്പോയി! എന്തച്ചടക്കം! എന്ത് മര്യാദ!

ത്യാഗം സഹിക്കുന്ന സമൂഹത്തില്‍ നിന്നാണ് ഉത്ഥാനദാഹം ഉരുവം കൊള്ളുക. അവരിലാണ് പരിശ്രമവീര്യവും സേവനസന്നദ്ധതയും ഉറഞ്ഞുകൂടുക. നമ്മളോ കഷ്ടപ്പെട്ടു, മക്കളെങ്കിലും സുഖത്തില്‍ വളര്‍ന്ന് ഉന്നതങ്ങളില്‍ എത്തട്ടെ എന്ന് നാം വ്യാമോഹിക്കുന്നു. എവിടെ? ആരോടും സ്വന്തത്തോടുപോലും ഒരു കടപ്പാടില്ലാതെയാണ് അവര്‍ വളരുന്നത് എന്ന് നാം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. ആരമ്പപ്പൂവായ മുത്തുനബി (സ) പോലും അനാഥത്വത്തിന്റെ, അക്രമത്തിന്റെ, അകറ്റിനിര്‍ത്തലിന്റെ, ആട്ടിയോടിക്കലിന്റെ അഗ്നിക്കടല്‍ കടന്നാണ് ജീവിച്ചുപോയത്. എന്നിട്ട് നമ്മളിപ്പോള്‍ മക്കളെ ക്ലേശമേതുമറിയിക്കാതെ, അസ്ഥിര സ്വസ്ഥതയുടെ കാഞ്ചനക്കൂട്ടിലിട്ട് കാച്ചിയപാലും തേന്‍കുഴമ്പും നക്കിപ്പിച്ച് നാള്‍ കഴിപ്പിക്കുന്നു. നാളെയവര്‍ പണം തച്ചുതിര്‍ക്കുന്ന കോട്ട്‌സൂട്ട് ആപ്പീസര്‍മാരായി അവതരിക്കുമെന്ന് മനസ്സാ നുണഞ്ഞുകൊണ്ട്. മാറിയിട്ടില്ലേ മനുഷ്യരേ ഇനിയും നിങ്ങള്‍?

മക്കള്‍ക്കായി നിങ്ങള്‍ പണിത കൃത്രിമ സൗഖ്യത്തിന്റെ പുറ്റുകള്‍ തച്ചുപൊടിയാക്ക്! ആധികളും ആവലാതികളും നിറഞ്ഞ പുറംലോകത്തേക്ക് അവര്‍ പ്യൂപ്പയുടച്ച് ചാടിവരട്ടെ. എന്താണ് ജീവിതമെന്നും എങ്ങനെയാണ് മനുഷ്യര്‍ ജീവിക്കുന്നതെന്നും വിയര്‍പ്പെന്തെന്നും കണ്ണീരെന്തെന്നും നെഞ്ചുനീറ്റലെന്തെന്നും അവര്‍ പച്ചക്കു രുചിച്ചറിയട്ടെ. ഇത്രയെല്ലാം ഉരുകിത്തീര്‍ന്നത് അവര്‍ക്ക് വേണ്ടിയായിരുന്നെന്ന് അവര്‍ മനസ്സിലാക്കിയില്ലല്ലോ, എന്നോര്‍ത്ത് ഒടുക്കം ദുഃഖിക്കാതിരിക്കാന്‍ അതല്ലേ നല്ലത്?
.