Connect with us

Gulf

യു എ ഇയില്‍ പുതിയ വിസാനിയമം പ്രാബല്യത്തില്‍

Published

|

Last Updated

അബുദാബി: യു എ ഇ മന്ത്രിസഭ സമീപകാലത്ത് നടപ്പില്‍വരുത്തിയ വിസാ നിയമങ്ങളിലെ മാറ്റങ്ങള്‍ തൊഴിലന്വേഷകര്‍ക്ക് ആശ്വാസമാകും.
നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്നു. സന്ദര്‍ശക വിസയുടെയും ടൂറിസ്റ്റ് വിസയുടെയും കാലാവധി ദീര്‍ഘിപ്പിക്കുന്നതുള്‍പെടെയുള്ള പരിഷ്‌കാരങ്ങളാണ് ഇന്നലെ നിലവില്‍ വന്നത്. വിസ പരിഷ്‌കരണങ്ങള്‍ യു എ ഇ കാബിനറ്റ് അംഗീകരിച്ചിരുന്നു. കാബിനറ്റിന്റെ അംഗീകാരപ്രകാരം ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ആണ് മാറ്റങ്ങള്‍ നടപ്പാക്കുന്നത്.

ടൂറിസ്റ്റ് വിസയിലോ സന്ദര്‍ശക വിസയിലോ വരുന്നവര്‍ക്ക് യു എ ഇയില്‍ നിന്ന് പുറത്ത് പോകാതെ തന്നെ രണ്ട് തവണ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ പുതിയ പരിഷ്‌കരണം അനുവദിക്കുന്നുണ്ട്. 30 ദിവസം വീതം രണ്ട് തവണകളായാണ് ഇത് ചെയ്യാനാവുന്നത്. തൊഴിലന്വേഷകരായി യു എ ഇയിലെത്തുന്ന നിരവധി വിദേശികള്‍ക്ക് വലിയ അനുഗ്രഹമാകുന്ന തീരുമാനമാണിത്. നിലവിലുള്ള രീതിയനുസരിച്ച് വിസിറ്റ് വിസ പുതുക്കാന്‍ രാജ്യത്തിന് പുറത്തേക്ക് പോകണം. പിന്നീട് പുതിയ വിസ സംഘടിപ്പിച്ചുവേണം തിരിച്ചുവരാന്‍. എന്നാല്‍ പുതിയ പരിഷ്‌ക്കരണം ഈ ബുദ്ധിമുട്ട് ഒഴിവാക്കിക്കൊടുക്കുകയാണ്. വിസിറ്റ് വിസക്ക് മൂന്ന് മാസത്തെയും ടൂറിസ്റ്റ് വിസക്ക് ഒരു മാസത്തെയും കാലാവധിയാണുണ്ടാവുക. യു എ ഇക്കുള്ളില്‍ നിന്നുതന്നെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ അവസരം ലഭിക്കുന്നതോടെ തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ സമയ ലാഭമാണു കൈവരുന്നത്. ഇടക്ക് പുറത്ത്‌പോയി മടങ്ങി വരുന്നതിനുള്ള വിമാന ടിക്കറ്റും മറ്റ് ചിലവുകളും ലാഭിക്കാനുമാകും.

ആദ്യം വിസ എടുത്ത ട്രാവല്‍ ഏജന്റ് വഴി തന്നെയാണ് ഇങ്ങനെ കാലാവധി ദീര്‍ഘിപ്പിക്കേണ്ടത്. ഓരോ തവണയും 600 ദിര്‍ഹമാണ് ഫീസ്. ഇത്തരത്തില്‍ രണ്ട് തവണ കൂടി ദീര്‍ഘിപ്പിച്ച കാലാവധി (ആകെ 60 ദിവസം) പൂര്‍ത്തിയാവുന്നതോടെ രാജ്യത്തിന് പുറത്തുപോകണമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിന്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റകന്‍ അല്‍ റാശിദി പറഞ്ഞു.

സന്ദര്‍ശക വിനോദ സഞ്ചാര വിസകളിലുള്ളവര്‍ക്ക് വിസാ കാലാവധി അവസാനിച്ചാല്‍ യു എ ഇയില്‍നിന്നുകൊണ്ട് തന്നെ സമാനമായ പുതിയ വിസ നേടാന്‍ അനുവദിക്കുന്നത് ഉള്‍പെടെയുള്ള പരിഷ്‌കരണങ്ങളാണ് നടപ്പായത്. വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍, ഇവരുടെ മക്കള്‍ എന്നിവരുടെ താമസ വിസ കാലാവധി ഒരു വര്‍ഷം കൂടി നീട്ടാനുള്ള നടപടിയും പുതിയ നിയമത്തില്‍ ഉണ്ട്.

രക്ഷിതാക്കള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്യാര്‍ഥികളുടെ സര്‍വകലാശാല, സെക്കന്‍ഡറി സ്‌കൂള്‍ പഠനത്തിന് ശേഷവും അവരുടെ താമസ വിസ കാലാവധി നീട്ടിനല്‍കുമെന്നതാണ് മറ്റൊരു പരിഷ്‌കാരം.
താമസ വിസയിലുള്ളവര്‍ക്കും കുടുംബ വിസയിലുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന നിരവധി പരിഷ്‌കരണങ്ങള്‍ക്കാണ് ജൂണില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നത്.

---- facebook comment plugin here -----

Latest