ശബരിമല: ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

Posted on: October 19, 2018 7:25 pm | Last updated: October 20, 2018 at 10:13 am

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജിക്ക് പകരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. ശബരിമലയിലെ നിലവിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്ന് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്. ഇതിനായി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.

സുപ്രീം കോടതിക്ക് മുന്നിലുള്ള 25ല്‍ അധികം പുനഃപരിശോധനാ ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡ് കക്ഷിയാണ്. മറ്റു നടപടിക്രമങ്ങള്‍ മനു അഭിഷേക് സിംഗ് വിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇതോടൊപ്പം മുതിര്‍ന്ന മറ്റു അഭിഭാഷകരുടെ നിയമപോദശേവും ബോര്‍ഡ് തേടും.

സുപ്രീം കോടതി വിധിയെ രാഷ്ട്രീയവത്കരിക്കാന്‍ നടക്കുന്ന നീക്കങ്ങളില്‍ ദേവസ്വം ബോര്‍ഡിന് പങ്കില്ല. ശബരിമലയെ കലാപ ഭൂമിയാക്കാന്‍ ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.