ശബരിമലയെ സംഘര്‍ഷഭൂമിയാക്കി മാറ്റരുതെന്ന് കോടിയേരി; ‘ഇടതുപക്ഷം വിശ്വാസത്തിന് എതിരല്ല’

Posted on: October 19, 2018 3:55 pm | Last updated: October 19, 2018 at 11:53 pm

തിരുവനന്തപുരം: ശബരിമലയെ സംഘര്‍ഷഭൂമിയാക്കി മാറ്റരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുമുന്നണി ആരുടേയും വിശ്വാസത്തിന് എതിരല്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസികളെ ഉളക്കിവിടുകയല്ല, നിയമപരമായ നീങ്ങുകയാണ് വേണ്ടത്. സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും ഇതുവരെ പുനപ്പരിശോധനാ ഹരജി നല്‍കിയിട്ടില്ല. വിശ്വാസത്തെ ബാധിക്കാത്തവിധം വിധി നടപ്പാക്കണമെന്നാണ് പാര്‍ട്ടി നിലപാട്.

കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണ്. ബിജെപി പോലീസിനെ മതപരമായ വേര്‍തിരിച്ച് ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു. പോലീസിനെ നിര്‍വീര്യമാക്കാനുള്ള ബോധപൂര്‍വ ശ്രമാണ് നടക്കുന്നത്. കോണ്‍ഗ്രസും നേതാക്കളായ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തതായിരുന്നു. ഇടതുപക്ഷ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് കോണ്‍ഗ്രസിന്റെ നിലപാട് മാറ്റതിന് പിന്നില്‍. കോണ്‍ഗ്രസ്- ബിജെപി അവിശുദ്ധ കൂട്ടികെട്ട് ജനങ്ങള്‍ തിരിച്ചറിയണം. ഇന്ന് ബിജെപിയോടൊപ്പം സമരത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസുകാര്‍ നാളെ ബിജെപിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.