മുഖ്യമന്ത്രി ഇന്ന് ഐ എസ് സി യില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും 

Posted on: October 18, 2018 1:53 pm | Last updated: October 18, 2018 at 1:53 pm

അബുദാബി : നവകേരള നിര്‍മിതിയുടെ ഭാഗമായി നാല് ദിവസത്തെ സന്ദര്‍ശനത്തിനായി യു എ ഇ യിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാത്രി ഏഴിന് അബുദാബി ഇന്ത്യ സോഷ്യല്‍ കള്‍ച്ചറല്‍ സെന്ററില്‍ മലയാളി സമൂഹത്തെ അഭിസംബോധനം ചെയ്യും. നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം എ യൂസഫ് അലി യുടെ അധ്യക്ഷതയില്‍ സഹിഷ്ണുത കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്യും.

തകര്‍ന്ന കേരളത്തിന്റെ സമഗ്ര ചിത്രവും നവകേരളത്തിന്റെ പുനര്‍നിര്‍മാണ പദ്ധതികളും ഉള്‍പെടുത്തി വിശദമായ മാസ്റ്റര്‍പ്ലാന്‍ തന്നെ പ്രവാസികള്‍ക്കു മുന്നില്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ അവതരിപ്പിക്കും. ഇതില്‍ ഭവന നിര്‍മാണം, റോഡ്, സ്‌കൂള്‍, ആശുപത്രി തുടങ്ങി ചെറുതും വലുതുമായ വ്യത്യസ്ത പദ്ധതികളുണ്ടാകും. സാലറി ചലഞ്ചുപോലെ ഓരോരുത്തര്‍ക്കും അവനവന്റെ സാമ്പത്തിക ശേഷി അനുസരിച്ച് പദ്ധതികളും ഏറ്റെടുക്കാനുള്ള അവസരമുണ്ടാകും. ഇതില്‍ വ്യവസായികള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നുള്ള ഗ്രൂപ്പുകള്‍ക്കും പദ്ധതിയില്‍ നിക്ഷേപിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വ്യവസായ പ്രമുഖനും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എംഎ യൂസഫലി അധ്യക്ഷത വഹിക്കും.

കേരളത്തിന്റെ സമ്പദ് ഘടനയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ തന്നെ തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിക്കാനും കൈകോര്‍ക്കണമെന്നാണ് പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുക. ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പൊതുസമ്മേളനത്തിന് ശേഷം അബുദാബിയിലെ സംഘടനാ ഭാരവാഹികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ന് രാത്രി തന്നെ ദുബൈയിലേക്ക് പോകുന്ന മുഖ്യമന്ത്രി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെ എയര്‍പോര്‍ട്ട് ലെ മെറിഡിയനില്‍ ഇന്ത്യന്‍ ബിസിനസ് പ്രഫഷണല്‍ കൗണ്‍സില്‍ (ഐബിപിസി) സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റില്‍ പങ്കെടുക്കും. കേരളത്തിന്റെ പുനരുദ്ധാരണത്തിന് ഇന്ത്യന്‍ വ്യവസായികളുടെ സഹകരണം തേടും. അന്നു രാത്രി എട്ടിന് ദുബൈ അല്‍ നസര്‍ ലിഷര്‍ലാന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.