Connect with us

Gulf

വിദേശ സഹായം ലഭ്യമാകില്ല ; കേരളത്തിനായി കൈകോര്‍ക്കണം മുഖ്യമന്ത്രി

Published

|

Last Updated

അബുദാബി : കേരളത്തിന്റെ നവനിര്‍മ്മാണത്തിനായി വിദേശ രാജ്യങ്ങള്‍ സഹായം നല്‍കാം എന്ന് അറിയിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കാരണം ലഭ്യമാകാന്‍ സാധ്യത കുറവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബിയില്‍ ഐ പി ബി ജി സംഘടിപ്പിച്ച സീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സഹായിക്കാന്‍ നിരവധി വിദേശ രാജ്യങ്ങള്‍ മുന്നോട്ട് വന്നിരുന്നു. വിദേശ രാഷ്ട്രത്തിന്റെയും സര്‍ക്കാറിന്റെയും സഹായം സീകരിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സീകരിച്ചതോടെ വിദേശ സഹായം ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാതെയാക്കി.

നമ്മുടെ അഭ്യര്‍ത്ഥന മാനിച്ചു നിലപാട് തിരുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത് എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല, വിദേശ സഹായം ലഭിക്കില്ല എന്നതാണ് നിലവിലെ അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തില്‍ കേരളം തകര്‍ന്നപ്പോള്‍ കരുത്ത് പകര്‍ന്നത് എല്ലാവരും മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും നിറമില്ലാതെ ഒന്നിച്ചു നില്‍ക്കാന്‍ കഴിഞ്ഞപ്പോഴാണ്. ഇത്തരം ഒരു നീക്കത്തെ കേരളത്തിന് പുറത്തുള്ള സമൂഹം പ്രകീര്‍ത്തിച്ചത് എല്ലാവരും കണ്ടതാണ്. രക്ഷാ പ്രവര്‍ത്തനത്തിന് ഇങ്ങിയവരില്‍ യുവ തലമുറയും മല്‍സ്യ തൊഴിലാളികളും ഏറ്റവും ആദരവ് അര്‍ഹിക്കുന്നവരാണ് പുനരധിവാസ പ്രവര്‍ത്തനത്തിന് കണക്കാക്കിയ 27000 കോടി രൂപ വേണമെന്ന് കണക്കാക്കുമ്പോള്‍ കൂടുതല്‍ തുക സമാഹരിക്കേണ്ടി വരുന്നത് പ്രളയ ദുരന്തത്തിന് മുമ്പുണ്ടായിരുന്ന കേരളത്തെ പുനഃസ്ഥാപിക്കല്‍ അല്ല ഉദ്ദേശിക്കുന്നത്, ഇനിയൊരു ദുരന്തം വന്നാല്‍ അതിനെ അതിജീവിക്കാന്‍ കഴിയണം.

ലോക ബാങ്കും എ ഡി ബി യും സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. വായ്പ പരിധി ഉയര്‍ത്തിയാല്‍ ഇത് സാധ്യമാവുകയുള്ളൂ. കേരളത്തിന് സംഭവിച്ച ദുരന്തം കേരളീയര്‍ അല്ലാത്തവരുടെ മനസ്സില്‍ എത്തിക്കാന്‍ കഴിഞ്ഞു. വിദേശ രാജ്യങ്ങള്‍ പോലും അവരുടെ രാജ്യത്തിന് സംഭവിച്ച ദുരന്തം പോലെ യാണ് കണക്കാക്കിയിട്ടുള്ളത്. ഇതിന് കാരണം കേരളമെന്ന നാടിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളത് കൊണ്ടാണ്. കേരളത്തിന് ചില വിദേശ രാജ്യങ്ങളുമായി നേരെത്തെ നല്ല ബന്ധമുണ്ട്. നമ്മുടെ നാട്ടിലുള്ളവരില്‍ നല്ലൊരു ഭാഗം പല രാഷ്ട്രങ്ങളില്‍ ഉണ്ട്. നിങ്ങളിലൂടെയാണ് പലരും കേരളത്തെ മനസിലാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കാരണം സംസ്ഥാനത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വലിയ തുക നഷ്ടപ്പെട്ട് പോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഐ പി ബി ജി ചെയര്‍മാന്‍ ഡോക്ടര്‍ ബി ആര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എം എ യുസുഫ് അലി പ്രസംഗിച്ചു. നോര്‍ക്ക സെക്രട്ടറി ഇളങ്കോവന്‍ കേരള പുനരുദ്ധാരണ പദ്ധതി വിശദീകരിച്ചു. എസ് എഫ് സി മുരളീധരന്‍. ഡോക്ടര്‍ ആസാദ് മൂപ്പന്‍, അദീപ് അഹമദ്, സുധീര്‍ കുമാര്‍ ഷെട്ടി എന്നവര്‍ പങ്കെടുത്തു