പൃഥ്വി ഓപണര്‍, വിരാട് മധ്യനിരയില്‍

Posted on: October 17, 2018 9:56 pm | Last updated: October 17, 2018 at 9:56 pm

ന്യൂഡല്‍ഹി: ലോകകപ്പിനുള്ള ഒരുക്കം ടീം ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. ഓപണിംഗില്‍, മധ്യനിരയില്‍, വാലറ്റത്തെ ആള്‍ റൗണ്ട് പ്രകടനത്തിനെല്ലാം സൂപ്പര്‍ താരങ്ങളെ അണിനിരത്തിയാകും ഇന്ത്യ ലോകചാമ്പ്യന്‍പട്ടത്തിനായി കളത്തിലിറങ്ങുക.
ഓപണിംഗിലും മധ്യനിരയിലും ചെറിയൊരു മാറ്റം ആദ്യഘട്ടപരീക്ഷണമെന്നോണം നടത്തിയേക്കും. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ പൃഥ്വി ഷായെ ഓപ്പണിംഗ് സ്ഥാനത്തേക്ക് ഉയര്‍ത്തി വിരാട് കോലി നാലാം സ്ഥാനത്തേക്കിറങ്ങാന്‍ ടീം മാനേജ്‌മെന്റ് ആലോചിച്ചതായി സൂചനയുണ്ട്. രോഹിത് ശര്‍മയ്‌ക്കൊപ്പം പൃഥ്വി ഓപ്പണറാകുമ്പോള്‍ ശിഖര്‍ ധവാന്‍ മൂന്നാമനായി ഇറങ്ങിയേക്കും.

ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ പൃഥ്വി ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍, ടോപ് ഓര്‍ഡര്‍ ബാറ്റിംഗില്‍ റൊട്ടേഷന്‍ നടപ്പിലാക്കാനും ആലോചനയുണ്ട്.
മധ്യനിരയിലാണ് ഇന്ത്യക്ക് ദൗര്‍ബല്യമുള്ളത്. മികച്ച മധ്യനിര ബാറ്റ്‌സ്മാന്റെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടെന്നതും പരീക്ഷണത്തിന് കാരണമാണ്.
വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ രണ്ടു മത്സരങ്ങളില്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. ഈ രീതിയില്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിക്കൊണ്ടുള്ള രീതിയിലാണ് ടീമിനെ തയ്യാറാക്കുന്നത്. ലോകകപ്പിനായുള്ള ഒരുക്കത്തിന് മുന്നോടിയായി വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ പുതിയ താരങ്ങളെ പരീക്ഷിക്കുമെന്നുറപ്പാണ്. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപ്പണിംഗില്‍ മികച്ച ഫോമിലാണ്. ലോകകപ്പില്‍ ഇവരെ മാറ്റിയേക്കാന്‍ ഇടയില്ല.

എന്നാല്‍, മധ്യനിരയിലേക്ക് പ്രധാന താരത്തെ കളിപ്പിക്കാനായി നേരത്തെ തന്നെ പരീക്ഷണം നടത്താനാണ് ടീമിന്റെ തീരുമാനം.
ഓപ്പണറായി അരങ്ങേറ്റം നടത്താന്‍ തയ്യാറാണെന്ന് പൃഥ്വി അറിയിച്ചിട്ടുണ്ട്. യുവതാരങ്ങളും പരിചയ സമ്പന്നരും അണിനിരക്കുന്ന ടീമായിരിക്കും താരതമ്യേന ദുര്‍ബലരായ വിന്‍ഡീസിനെ നേരിടുക.