ബിജെപിയും ആര്‍എസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു: മുഖ്യമന്ത്രി

Posted on: October 17, 2018 8:56 pm | Last updated: October 18, 2018 at 9:37 am

അബൂദബി: രാജ്യം ഭരിക്കുന്ന ബി ജെ പി യും ആര്‍ എസ് എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇതിനെതിരെ നാടിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ആണ് ചില ശക്തികള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി അബൂദബിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അയ്യപ്പ ദര്‍ശനത്തിനു വരുന്ന ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണവും സുരക്ഷിതത്വവും നല്‍കും. ഭക്ത ജനങ്ങളെ തടഞ്ഞും ഭക്തജനങ്ങളെ അക്രമിക്കുന്നത് തടയുന്ന പൊലീസുകാരെ ആക്രമിച്ചും നാട്ടില്‍ കലാപം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് പൊതു സമൂഹം അംഗീകരിക്കില്ല. പത്തോ ഇരുപതോ ആളുകള്‍ ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ വന്നു പറയുന്ന കാര്യങ്ങള്‍ അല്ല സര്‍ക്കാര്‍ സ്വീകരിക്കുന്ന യഥാര്‍ത്ഥ നിലപാടുകള്‍ ആണ് പൊതു സമൂഹം അംഗീകരിക്കുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നവകേരള നിര്‍മാണത്തിന് ധനശേഖരണാര്‍ഥം ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി യുഎഇയില്‍ എത്തിയത്. യുഎഇയിലെ കേരളീയ സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.