Connect with us

Books

മലബാര്‍ കലാപത്തെക്കുറിച്ച് ഡോ. കെ ടി ജലീലിന്റെ പുസ്തകം; ശൈഖ് സുല്‍ത്താന്‍ പ്രകാശനം ചെയ്യും

Published

|

Last Updated

ദുബൈ: കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ എഴുതിയ “റീവിസിറ്റിങ് മലബാര്‍ റിബല്ലിയന്‍ 1921” എന്ന പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. മലബാര്‍ കലാപത്തിന്റെ പശ്ചാതലത്തിലാണ് ചരിത്രാധ്യാപകന്‍ കൂടിയായ ഡോ. കെ ടി ജലീലിന്റെ എഴുത്ത്. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രകാശനം ചെയ്യും. പുസ്തകം കേരളത്തിലെ മാപ്പിള സമൂഹത്തിന്റെ ഉല്‍പത്തിയാണ് പ്രതിപാദ്യമെന്ന് ലിപി പബ്ലിക്കേഷന്‍ എം ഡി അക്ബര്‍ അറിയിച്ചു.

യൂറോപ്യന്‍മാരുടെ വരവും തീരമേഖലയില്‍ കച്ചവട ഭൂമി അധികാര ബന്ധങ്ങളില്‍ വന്ന മാറ്റങ്ങളും പുസ്തകം വിശകലനം ചെയ്യുന്നു. കാര്‍ഷിക സമരം സായുധ മുന്നേറ്റമായി പരിവര്‍ത്തിപ്പിക്കപ്പെട്ടതും മതപണ്ഡിതര്‍ വഹിച്ച പങ്കും രണ്ടാം അധ്യായം വിവരിക്കുന്നു. മലബാര്‍ മുന്നേറ്റത്തില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വഹിച്ച പങ്കിനൊപ്പം മതേതര മണ്ണ് സംരക്ഷിച്ച് നിര്‍ത്താന്‍ ആ മഹാപുരുഷന്‍ നടത്തിയ പ്രയത്‌നങ്ങളും പുസ്തകം വിവരിക്കുന്നു. ആലി മുസ്‌ലിയാരുടെ നേതൃപാടവം, മലബാര്‍ വിപ്ലവം മാപ്പിളമാരുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ജീവിതത്തില്‍ വരുത്തിയ സ്വാധീനങ്ങളാണ് പിന്നീട് ചര്‍ച്ച ചെയ്യുന്നത്. സമകാലിക രാഷ്ട്രീയത്തില്‍ ഏതെല്ലാം രീതിയില്‍ പ്രതിഫലിക്കുന്നു എന്ന അന്വേഷണവും ഡോ. ജലീല്‍ നടത്തുന്നുണ്ട്. ഏറെ നാള്‍ നീണ്ട പരിശ്രമത്തിന്റെ പാടുകള്‍ പതിഞ്ഞതാണ് പുസ്തകത്തിന്റെ ഓരോ താളുകളും.