പ്രളയം: സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കി

Posted on: October 16, 2018 7:10 pm | Last updated: October 17, 2018 at 10:26 am

തിരുവനന്തപുരം: 2018 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലുണ്ടായ പ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും ആധാരം നഷ്ടപ്പെട്ടവര്‍ക്ക് അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കുന്നതിന് മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ പുര്‍ണമായും ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയക്കെടുതിയില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാരോ സംഘടനകളോ വ്യക്തികളോ സൗജന്യമായി നല്‍കുന്ന ഭൂമിയുടെ രജിസ്‌ട്രേഷനാവശ്യമായ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയും ഒഴിവാക്കാന്‍ തീരുമാനമായി.

സര്‍വ്വെ ചെയ്തിട്ടില്ലാത്ത ഭൂമിക്ക് കരം സ്വീകരിക്കാന്‍ നേരിടുന്ന തടസ്സം ഒഴിവാക്കുന്നതിന് 1961-ലെ കേരള ഭൂനികുതി ആക്ടില്‍ ഭേദഗതി വരുത്താനും തീരുമാനിച്ചു. സര്‍വ്വെ ചെയ്തിട്ടില്ലാത്ത ഭൂമിക്ക് കരം സ്വീകരിക്കാനുളള സമയപരിധി നിലവിലുളള നിയമവ്യവസ്ഥ പ്രകാരം 1975 ഡിസംബര്‍ 31 ആണ്. പല വില്ലേജുകളിലും ഇതുവരെ സര്‍വ്വെ പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഭൂനികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് കഴിയുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സമയപരിധി ഒഴിവാക്കുന്നതിനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.

മറ്റു തീരുമാനങ്ങള്‍:

പുതുതായി പ്രവര്‍ത്തനം തുടങ്ങിയ നാല് പോലീസ് സ്റ്റേഷനുകളിലേക്ക് 49 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. മൊത്തം 174 തസ്തികകളാണ് അനുവദിച്ചത്. ബാക്കി തസ്തികകള്‍ പുനര്‍വിന്യാസം വഴി നികത്തും.
2015-16 അധ്യയനവര്‍ഷം അനുവദിച്ച ഗവണ്‍മെന്റ് ഹയര്‍സെക്കന്റി സ്‌കൂളുകളിലേക്കും അധിക ബാച്ചുകളിലേക്കും മതിയായ എണ്ണം കുട്ടികള്‍ ഉളള 39 ഗവണ്‍മെന്റ് ഹയര്‍സെക്കന്റി സ്‌കൂളുകളിലേക്കുമായി 259 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
2019-ലെ പൊതു അവധി ദിനങ്ങളുടെ പട്ടിക അംഗീകരിച്ചു.

പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ജീവിതം

പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഒരു ജീവിതക്രമത്തെ വികസിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പരിസ്ഥിതിയെയും ജനങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടുള്ള വികസനമെന്ന കാഴ്ചപ്പാടിന്റെ പ്രായോഗിക രൂപമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതോടൊപ്പം തന്നെ ജനങ്ങളുടെ ജീവനോപാധികളെയും ജീവിത സവിശേഷതകളെയും സംരക്ഷിക്കുന്ന വിധമുള്ള ഇടപെടലാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ലോകത്തെമ്പാടുമുളള അനുഭവങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ പുനര്‍നിര്‍മാണ പദ്ധതി നടപ്പാക്കുക. ഇത് സംബന്ധിച്ച് വരുന്ന വിവിധ ആശയങ്ങളും നടക്കുന്ന ചര്‍ച്ചകളും ഉള്‍ക്കൊണ്ടുകൊണ്ടാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
പുനര്‍നിര്‍മ്മാണം നടത്തുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തതയോടെ നിര്‍വഹിക്കും.
1. ആസ്തികളുടെ പുനരുദ്ധാരണത്തിനും പുനര്‍നിര്‍മാണത്തിനും ഉന്നത നിലവാരം.
2. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കല്‍.
3. പാരിസ്ഥിതിക സവിശേഷതകള്‍ കണക്കിലെടുക്കും.
4. ഏതൊരു പ്രളയവും നേരിടാനുളള ശേഷി പുനര്‍നിര്‍മിക്കപ്പെടുന്ന ആസ്തികള്‍ക്ക് ഉണ്ടാവണം.

ഇക്കാര്യങ്ങളെല്ലാം ഉറപ്പുവരുത്തുന്ന രീതിയില്‍ പുനര്‍നിര്‍മാണം നടത്താനുളള തീരുമാനമാണ് മന്ത്രിസഭ എടുത്തത്.

പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് സംസ്ഥാനത്ത് നടന്ന പല പഠനങ്ങളും വ്യക്തമാക്കുന്നത്. ഈ കാലയളവിനുള്ളില്‍ തന്നെ അവ പൂര്‍ത്തീകരിക്കുന്നതിനുള്ള നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും.

നാടിന്റെ പാരിസ്ഥിതികമായ സവിശേഷതകള്‍ കണക്കിലെടുത്ത് അതിനനുയോജ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വിഭിന്നങ്ങളായ പ്രദേശങ്ങളുടെ സവിശേഷതകളെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തനം നടത്താനാവണം. സമുദ്രനിരപ്പിനേക്കാള്‍ താഴെയുള്ള കുട്ടനാട്ടിലെ അതേ സമീപനം മലയോരമേഖലയായ ഇടുക്കിയിലും വയനാട്ടിലും സാധ്യമാവില്ല. സമതലപ്രദേശങ്ങളില്‍ അതിന് അനുയോജ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുക എന്നതും പ്രധാനമാണ്.
വികസപദ്ധതികള്‍ തുടരണം

പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തന്നെ തന്ത്രപ്രധാനമായ വലിയ വികസനപദ്ധതികള്‍ നടപ്പിലാക്കുക എന്നതും പ്രധാനമാണ്. മുഖ്യ ബിസിനസ്സ് മേഖലയായ എറണാകുളം-കൊച്ചി ഇടനാഴി ശക്തിപ്പെടുത്തുക എന്നത് ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ കാണുന്നു. മറ്റ് പ്രധാന മെട്രോ നഗരങ്ങളായ തിരുവനന്തപുരത്തിന്റെയും കോഴിക്കോടിന്റെയും സമഗ്ര പശ്ചാത്തല സൗകര്യവികസനത്തിനുളള പദ്ധതികളും പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി നടപ്പാക്കും. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ സമഗ്ര പുനരധിവാസത്തിനുളള പദ്ധതികളും ഇതൊടൊപ്പം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. സമൂഹത്തിലെ ഏറ്റവും പിന്നോക്കമായവരെയടക്കം എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍ പദ്ധതി നടപ്പാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

അടിസ്ഥാന സമീപനങ്ങള്‍

വേഗത, കാര്യക്ഷമത, ഗുണനിലവാരം, നൂതനവും ആധുനികവുമായ സാങ്കേതിക വിദ്യ, ദീര്‍ഘകാല നിലനില്‍പ്പ്, ദുന്തങ്ങളില്‍ തകരാതെ നില്‍ക്കുന്നതിനുളള ശേഷി, നീതിപൂര്‍വ്വകമായ പുനരധിവാസം എന്നിവ കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ അടിസ്ഥാന സമീപനങ്ങളായിരിക്കും.
കൂടുതല്‍ ആശയങ്ങളെ സ്വീകരിക്കല്‍
പുതിയ കേരളം സൃഷ്ടിക്കുന്നതിന് ധാരാളം ആശയങ്ങളും വിദഗ്ധ ഉപദേശങ്ങളും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അത്തരം നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുക. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതുമാണ്.
1. യുവജനങ്ങളുടെ നൂതന ആശയങ്ങളും വിവിധ മേഖലകളില്‍ വിപുലമായ അനുഭവമുളള വിദഗ്ധരുടെ പരിജ്ഞാനവും അര്‍ത്ഥവത്തായി സമന്വയിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കും.
2. നൂതന വികസന ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനും സമാഹരിക്കുന്നതിനും വികസന സെമിനാറുകളും ഹാക്കത്തോണുകളും സംഘടിപ്പിക്കുന്നതാണ്.
3. സ്‌കൂള്‍-കോളേജ് തലങ്ങളില്‍ അനുയോജ്യമായ പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്നത് പ്രോത്സാഹിപ്പിക്കും.
4. ആശയരൂപീകരണത്തിനുളള ഹാക്കത്തോണുകളുടെ നടത്തിപ്പ്, നവീന ആശയകൈമാറ്റങ്ങള്‍ക്കുളള വേദി, പ്രൊജക്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കല്‍, പദ്ധതി പരിശോധനകളും അംഗീകാരങ്ങളും എന്നിവയൊക്കെ കൈകാര്യം ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഉണ്ടാക്കും.
5. നിര്‍ദേശിക്കപ്പെടുന്ന പദ്ധതികളുടെ ഗുണഭോക്തൃ സ്വീകാര്യത അറിയുന്നതിന് ഇ-പോളിംഗ് സംവിധാനം നടപ്പാക്കും.

സംഘടനാ സംവിധാനം

രക്ഷാ പ്രവര്‍ത്തനവും പുനരുദ്ധാരണ പ്രവര്‍ത്തനവും ഫലപ്രദമാക്കി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയും ഒന്നിച്ചുചേര്‍ത്തുകൊണ്ട് മുന്നോട്ടുപോയതിനാലാണ്. ഇതിന് സമാനമായ വിധം കേരളപുനര്‍നിര്‍മ്മാണ പദ്ധതിയും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കേരള പുനര്‍നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സ്ഥാപനതലത്തിലുള്ള ക്രമീകരണത്തെ സംബന്ധിച്ചും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. സമയബന്ധിതമായും ശാസ്ത്രീയമായും പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഇതിലൂടെ സാധ്യമാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതിനുള്ള സംഘടനാ സംവിധാനം മന്ത്രിസഭ നിശ്ചയിച്ചിട്ടുണ്ട്.
മന്ത്രിസഭയായിരിക്കും ഈ സംവിധാനത്തില്‍ ഏറ്റവും മുകളില്‍. ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ പദ്ധതികളും മന്ത്രിസഭ അംഗീകരിക്കേണ്ടതാണ്.

ഉപദേശക സമിതി

മന്ത്രിസഭയ്ക്കു താഴെ മുഖ്യമന്ത്രി ചെയര്‍മാനായി ഉപദേശക സമിതിയുണ്ടാകും. പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ആസുത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍, ഭരണരംഗത്ത് പരിചയസമ്പന്നരായ രണ്ട് പ്രമുഖര്‍ (ടി.കെ.എ. നായര്‍, കെ.എം. ചന്ദ്രശേഖര്‍), ഒരു യുവസംരംഭകന്‍ (ബൈജു രവീന്ദ്രന്‍, ബൈജുസ് ആപ്പ്), ആലീസ് വൈദ്യന്‍, എം.എ. യൂസുഫലി, ഡോ. കെ.പി. കണ്ണന്‍ (സി.ഡി.എസ്), മുന്‍ ഹഡ്‌കോ ചെയര്‍മാന്‍ വി. സുരേഷ്, ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയവര്‍ ഈ സമിതിയില്‍ അംഗങ്ങളായിരിക്കും.
പദ്ധതികള്‍ സംബന്ധിച്ച് ഉപദേശവും മാര്‍ഗനിര്‍ദേശവും നല്‍കുകയാണ് ഉപദേശക സമിതിയുടെ മുഖ്യ ചുമതല. ഉപദേശക സമിതിയുടെ ആദ്യ യോഗം ഈ മാസം 22-ാം തീയതി ചേരുന്നതിനും നിശ്ചയിച്ചിട്ടുണ്ട്.

ഉന്നതതല അധികാരസമിതി

മൂന്നാം തലത്തില്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി ഉന്നതതല അധികാര സമിതി പ്രവര്‍ത്തിക്കും. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും നോമിനേറ്റ് ചെയ്യപ്പെടുന്ന രണ്ട് എക്‌സ് ഓഫീഷ്യോ അംഗങ്ങളും മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഉള്‍പ്പെടുന്നതാണ് സമിതി. സമിതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗവ. സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനായിരിക്കും. മന്ത്രിസഭയുടെയും ഉപദേശക സമിതിയുടെയും അംഗീകാരത്തിനായി നിര്‍വ്വഹണ സമിതി മുന്നോട്ടുവെയ്ക്കുന്ന പദ്ധതി നിര്‍ദേശങ്ങള്‍ പരിശോധിച്ച് അംഗീകരിക്കുകയെന്നതാണ് ഈ സമിതിയുടെ പ്രധാന ചുമതല. മന്ത്രിസഭ അംഗീകരിക്കുന്ന വിവിധ പദ്ധതികളുടെയും പരിപാടികളുടെയും നിര്‍വ്വഹണ നിരീക്ഷണവും ഈ സമിതി നടത്തും. വിവിധ വകുപ്പുകളുമായുളള ഏകോപനം, ധനസമാഹരണത്തിന് സര്‍ക്കാരിന് ഉപദേശം നല്‍കല്‍ എന്നിവയും ഈ സമിതിയുടെ ചുമതലകളാണ്.

നിര്‍വഹണ സമിതി

ഉന്നതല അധികാര സമിതിക്ക് താഴെയായി മൂന്ന് അംഗങ്ങളുളള ഒരു നിര്‍വ്വഹണ സമിതിയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ഈ സമിതിയുടെ ചെയര്‍മാനും ഡോ. വി. വേണു ചീഫ് എക്‌സിക്യൂട്ടീവുമായിരിക്കും.

സെക്രട്ടറിയറ്റ് സംവിധാനം

ഇതിനു പുറമെ പ്രൊഷണലുകള്‍ ഉള്‍പ്പെടുന്ന ഒരു സെക്രട്ടറിയേറ്റ് സംവിധാനവും പുനര്‍നിര്‍മാണ പദ്ധതി നടപ്പാക്കുന്നതിന് രൂപീകരിക്കും. ഏറ്റെടുക്കുന്ന പുനര്‍നിര്‍മാണ പദ്ധതികളുടെ നിര്‍വ്വഹണത്തിനും മേല്‍നോട്ടത്തിനും വകുപ്പുതലത്തിലും ജില്ലാതല സമിതികള്‍ രൂപീകരിച്ചുമുള്ള ക്രമീകരണവും ഉണ്ടാകും. പദ്ധതി നിര്‍വഹണത്തിനായുള്ള സാമഗ്രികളുടെയും സേവനങ്ങളുടെയും ശേഖരണവും വലിയൊരു ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ വൈദഗ്ധ്യമുള്ള ഒരു ഏജന്‍സിയെ ഇക്കാര്യം ഏല്‍പ്പിക്കും.

പദ്ധതി നിര്‍വഹണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനും ഫണ്ടിംഗ് ഏജന്‍സികളുടെ വിശ്വാസം ഉയര്‍ത്തുന്നതിനും ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് തേര്‍ഡ് പാര്‍ടി ഓഡിറ്റിംഗ് നടത്തും.
ഇത്തരത്തില്‍ പുനര്‍നിര്‍മാണത്തിനുളള പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനും സമഗ്രമായ രൂപരേഖയാണ് മന്ത്രിസഭ അംഗീകരിച്ചത്.

ധനവിഭവ സമാഹരണം

വിവിധ വിഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ സഹായമാണ് പ്രളയ ദുരന്തത്തിനിടയില്‍ നമുക്ക് പ്രതീക്ഷ നല്‍കിയ പ്രധാന ഘടകം. സാമൂഹ്യപ്രതിബദ്ധതയോടെ ജനങ്ങളെല്ലാം ഒന്നിച്ച് അണിനിരന്നു. കൈയ്യഴിഞ്ഞ സംഭാവനകള്‍ വിവിധ മേഖലയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ ആവശ്യം അതിനേക്കാള്‍ ഏറെ വലുതാണ് എന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. അത് മനസ്സിലാക്കിക്കൊണ്ട് ധനസമാഹരണത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിശദമായ കാഴ്ചപ്പാടും രൂപീകരിച്ചിട്ടുണ്ട്.
വിവിധ ധനകാര്യ സ്രോതസ്സുകളില്‍ നിന്നാണ് പദ്ധതി നിര്‍വ്വഹണത്തിന് ഫണ്ട് സ്വരൂപിക്കുക.
1. വിവിധ വകുപ്പുകള്‍ക്ക് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ വിഹിതത്തിന്റെ പുനഃക്രമീകരണം.
2. വായ്പാപരിധി ഉയര്‍ത്തുകവഴി ലഭ്യമാകുന്ന അധിക ഫണ്ട്.
3. കേന്ദ്ര ദുരന്ത പ്രതിരോധ നിധിയില്‍ നിന്നും കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നിന്നും ലഭ്യമായേക്കുന്ന വിഹിതം.
4. കേന്ദ്ര സര്‍ക്കാര്‍ സ്‌കീമുകളിലെ ഫ്‌ളക്‌സി ഫണ്ട്.
5. വേള്‍ഡ് ബാങ്ക്, എഡിബി തുടങ്ങിയ മള്‍ട്ടി ലാറ്ററല്‍ ഏജന്‍സികളില്‍ നിന്നുളള സഹായം.
6. ക്രൗഡ് ഫണ്ടിംഗ്.
7. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ സ്വരൂപിക്കുന്ന തുക.
8. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സി തുടങ്ങിയ ബൈലാറ്ററല്‍ ഏജന്‍സികളില്‍ നിന്നുളള സഹായം.
9. നബാര്‍ഡ് ധനസഹായം.
10. ഹഡ്‌കോ വായ്പ.