അലഹബാദിന്റെ പേര് മാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ്

Posted on: October 15, 2018 7:06 pm | Last updated: October 15, 2018 at 7:06 pm

ലക്‌നോ: ഉത്തര്‍പ്രദേശിലെ പ്രമുഖ നഗരമായ അലഹബാദിന്റെ പേര് മാറ്റാനൊരുങ്ങി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലഹബാദിന് പകരം ‘പ്രയാഗ്‌രാജ്’ എന്ന് പേര് മാറ്റാനാണ് ശ്രമം. അലഹബാദിന്റെ പേര് മാറ്റം ഭൂരിപക്ഷം പേരുടെയും ആഗ്രഹമാണെന്നും എല്ലാവരും ഇത് അംഗീകരിക്കുകയാണെങ്കില്‍ അത് നല്ല സന്ദേശമാകുമെന്നും യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

മഹാകുംഭമേളക്ക് മുമ്പായി പേര് മാറ്റം പ്രാബല്യത്തില്‍ വരുത്താന്‍ നീക്കം സജീവമാണ്. കുംഭമേള നടക്കുന്ന സ്ഥലം പ്രയാഗ് എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഇതുമായി ബന്ധപ്പെടുത്തി അലഹബാദ് നഗരത്തിന്റെ മൊത്തം പേര് പ്രയാഗ് രാജ് എന്നാക്കാനാണ് യോഗിയുടെ ശ്രമം.

അതേസമയം, യോഗിയുടെ നീക്കത്തിന് എതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. കുംഭമേള നടക്കുന്ന സ്ഥലം നിലവില്‍ തന്നെ പ്രയാഗ് എന്നാണ് അറിയപ്പെടുന്നത്. ഗവണ്‍മെന്റിന് താത്പര്യമുണ്ടെങ്കില്‍ പ്രയാഗ് രാജിനെ പ്രത്യേക നഗരമാക്കിയാല്‍ പോരെയെന്ന് കോണ്‍ഗ്രസ് നേതാവ് ഓംഗാര്‍ സിംഗ് പറഞ്ഞു.