മീറ്റു: വനിതാ മാധ്യമപ്രവര്‍ത്തകക്ക് എതിരെ മന്ത്രി എംജെ അക്ബര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

Posted on: October 15, 2018 6:19 pm | Last updated: October 16, 2018 at 10:01 am

ന്യൂഡല്‍ഹി: മീറ്റു കുരുക്കില്‍ കുടുങ്ങിയ കേന്ദ്ര മന്ത്രി എംജെ അക്ബര്‍ തനിക്കെതിരെ ആരോപമുന്നയിച്ച വനിതാ പത്രപ്രവര്‍ത്തകക്ക് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. അക്ബറിനെതിരെ ആദ്യമായി ആരോപണമുന്നയിച്ച പ്രിയ രമണിക്കെതിരെയാണ് പരാതി. തനിക്കെതിരായ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് അക്ബര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നും മനപൂര്‍വം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മാനനഷ്ട ഹര്‍ജിയില്‍ അക്ബര്‍ ചൂണ്ടിക്കാട്ടി.

ഒരാഴ്ചത്തെ വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെയാണ് അക്ബര്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഇന്ത്യയില്‍ എത്തിയാലുടന്‍ അക്ബര്‍ രാജിവെച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ മാനനഷ്ടക്കേസ് നല്‍കിയതോടെ രാജിക്ക് പകരം നിയമപരമായ വഴി തേടുകയാണ് അക്ബറെന്ന് വ്യക്തമായി.

പ്രിയ രമണിക്ക് പിന്നാലെ ഒരു ഡസനോളം വനിതാ മാധ്യമപ്രവര്‍ത്തകര്‍ അക്ബറിന് എതിരെ മീറ്റു ആരോപണം ഉന്നയിച്ചിരുന്നു.