ദിലീപ് മോഹന്‍ലാലിന് രാജിക്കത്ത് കൈമാറി; രേവതിയുടെ വിമര്‍ശനങ്ങള്‍ തേജോവധം ചെയ്യാന്‍: സിദ്ദിഖ്

Posted on: October 15, 2018 2:52 pm | Last updated: October 15, 2018 at 8:09 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താര സംഘടനയായ അമ്മക്കെതിരെ വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ‘അമ്മ’യുടെ സെക്രട്ടറി സിദ്ധിഖ്. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച് ഡബ്ല്യുസിസി നടത്തിയ വിമര്‍ശനങ്ങളില്‍ പലതും ബാലിശമാണെന്ന് സിദ്ധിഖ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപ് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് ഒക്ടോബര്‍ 10ന് രാജിക്കത്ത് കൈമാറിയതായും സിദ്ധിഖ് സ്ഥിരീകരിച്ചു.സമൂഹമാധ്യമങ്ങളില്‍ ആക്ഷേപിക്കുന്നു എന്നു പറയുന്നവര്‍ അത് ജനങ്ങളുടെ പ്രതികരണമാണെന്നു തിരിച്ചറിയണം. ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനം അമ്മ’ ജനറല്‍ ബോഡിയാണ് മരവിപ്പിച്ചത്. ദിലീപിന്റെ തൊഴില്‍ നിഷേധിക്കാന്‍ വേണ്ടിയുള്ള സംഘടനയല്ല ‘അമ്മ’. നടിമാര്‍ എന്നു വിളിച്ച് ആക്ഷേപിച്ചെന്ന ഡബ്യുസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണ്. ‘അമ്മ’ നടീനടന്മാരുടെ സംഘടനയാണ്. അങ്ങനെ വിളിച്ചതില്‍ ആക്ഷേപം തോന്നേണ്ട കാര്യമില്ല. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ് മുന്നറിയിപ്പു നല്‍കി.

അമ്മയില്‍നിന്ന് രാജിവച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ല രാജിവച്ചവരെ തിരിച്ചു വിളിക്കില്ല എന്നത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമാണ്. ചെയ്ത തെറ്റുകള്‍ക്ക് മാപ്പുപറഞ്ഞ് അംഗത്വ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്നത് പരിഗണിക്കും. സംഘടനയ്ക്കുള്ളില്‍ നിന്ന് സംഘടനയ്‌ക്കെതിരെയും പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും പ്രവര്‍ത്തിച്ച നടിമാര്‍ക്കെതിരെ നടപടിയെടുക്കും. ‘മീ ടൂ’ ക്യാമ്പയിന്‍ നല്ലതാണ്. പക്ഷേ ദുരുപയോഗിക്കുന്നത് ശരിയല്ല. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടി രേവതി ഉന്നയിച്ച വിമര്‍ശനങ്ങള്‍ തേജോവധം ചെയ്യാനാണെന്നും സിദ്ധിഖ് ആരോപിച്ചു