കരീംഗ്രാഫി എന്ന കലിഗ്രഫി

മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ അമ്മയുടെ കണ്ണുനീര്‍ കലിഗ്രഫിയാക്കിയപ്പോള്‍ ആ അക്ഷരങ്ങളില്‍ നിന്ന് ഇറ്റു വീണ രോഷവും വേദനയുമെല്ലാം അനേകായിരങ്ങള്‍ ഏറ്റെടുത്തു. കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള താക്കീതായി മാറി. ഈയടുത്ത് മരിച്ച നജ്മല്‍ ബാബുവുമായി ബന്ധപ്പെട്ടാണ് കരീംഗ്രഫി ഒടുവില്‍ കലിഗ്രഫിയെ പ്രതിഷേധായുധമാക്കിയത്. ചേരമാന്‍ പള്ളിയില്‍ ആറടി മണ്ണ് നിഷേധിക്കപ്പെട്ടതിലെ രോഷം തിളച്ചുമറിയുന്നതായി ആ സൃഷ്ടി. സഞ്ജീവ് ഭട്ടിനെ കുറിച്ചുള്ള 'നമുക്ക് ട്രോളാനറിയാം 'ഭട്ട്' #S-anjiv Bhatt' ' എന്ന പോസ്റ്റ് മിനുട്ടുകള്‍ക്കകം തന്നെ തരംഗമായി.
Posted on: October 14, 2018 10:30 pm | Last updated: October 14, 2018 at 10:42 pm

കലിഗ്രഫി ഒരു പ്രതിഷേധ/ നിലപാട് രൂപമായി സ്വീകരിക്കാമോ? അതിന് എത്രത്തോളം ശ്രദ്ധയും ജനസമ്മിതിയുമുണ്ടാകും? അതിനുള്ള മറുപടിയാണ് കരീംഗ്രാഫി എന്ന ഫേസ്ബുക്ക് ഐ ഡി. പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നിലപാട് പറച്ചിലിന്റെയും പുതുവിപ്ലവം തീര്‍ക്കുകയാണ് മലപ്പുറം കക്കോവ് നിവാസി അബ്ദുല്‍ കരീമെന്ന പ്രവാസി കലിഗ്രഫിയിലൂടെ. തീക്ഷ്ണമായ സംഭവങ്ങളില്‍ മാത്രമല്ല, മാധ്യമശ്രദ്ധ ലഭിക്കാത്തവയില്‍ പോലും ഈ യുവാവിന്റെ അക്ഷരങ്ങളും വരികളും പതിയാറുണ്ട്. നിമിഷങ്ങള്‍ക്കകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്യും.

തീപ്പൊരി ചിതറുന്ന അക്ഷരങ്ങള്‍
അക്ഷരങ്ങളില്‍ പ്രതിഷേധാഗ്നിയുടെ ചൂട് പിടിപ്പിക്കുകയാണ് ഖത്വറിലെ സ്വകാര്യ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ചെറുപ്പക്കാരന്‍. കലയുടെ തനിമ തുളുമ്പുന്ന വലിയൊരു കലാരൂപമാണ് കലിഗ്രഫിയെന്നും കലാകാരന്‍ സാമൂഹികമായി വളരെ അടുത്ത ബന്ധം പുലര്‍ത്തേണ്ടവനാണെന്നും എപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുകയാണ് കരീം. അക്ഷരങ്ങളിലൂടെ പ്രതിഷേധിക്കുന്നത് ഒരു കഥയോ കവിതയോ അല്ല. മൂന്നും നാലും അക്ഷരങ്ങള്‍ മാത്രം വളച്ചും തിരിച്ചും ഒടിച്ചുമുള്ള ചിത്രീകരണം.
മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ അമ്മയുടെ കണ്ണുനീര്‍ കലിഗ്രഫിയാക്കിയപ്പോള്‍ ആ അക്ഷരങ്ങളില്‍ നിന്ന് ഇറ്റു വീണ രോഷവും വേദനയുമെല്ലാം അനേകായിരങ്ങള്‍ ഏറ്റെടുത്തു. കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള താക്കീതായി മാറി.
ഈയടുത്ത് മരിച്ച നജ്മല്‍ ബാബുവുമായി ബന്ധപ്പെട്ടാണ് കരീംഗ്രഫി ഒടുവില്‍ കലിഗ്രഫിയെ പ്രതിഷേധായുധമാക്കിയത്. ചേരമാന്‍ പള്ളിയില്‍ ആറടി മണ്ണ് നിഷേധിക്കപ്പെട്ടതിലെ രോഷം തിളച്ചുമറിയുന്നതായി ആ സൃഷ്ടി. ഗുജറാത്തിലെ മുന്‍ ഐ പി എസ് ഉദ്യോഗസ്ഥനും മോദി സര്‍ക്കാറിന്റെ നിത്യ വിമര്‍ശകനുമായ ഈയടുത്ത് അറസ്റ്റിലായ സഞ്ജീവ് ഭട്ടും കരീമിന്റെ വരയില്‍ നിറഞ്ഞു. ‘നമുക്ക് ട്രോളാനറിയാം ‘ഭട്ട്’ #ടമിഷശ് ആവമേേ’ അടിക്കുറിപ്പോടെയുള്ള പോസ്റ്റ് മിനുട്ടുകള്‍ക്കകം തന്നെ തരംഗമായി. കേരളത്തിലെ മഹാപ്രളയം, പ്രളയത്തില്‍ മത്സ്യത്തൊഴിലാളികളുടെ ധീരോദാത്ത രക്ഷാപ്രവര്‍ത്തനം, രോഹിത് വെമുല, ജെ എന്‍ യുവിലെ നജീബ് തിരോധാനം, ഡോ. കഫീല്‍ഖാന്‍ തുടങ്ങി നൂറുകണക്കിന് ആനുകാലിക വിഷയങ്ങളിലാണ് ഇടപെട്ടത്.

എല്ലാ പാര്‍ട്ടിക്കാരുടെയും
സ്വന്തം ആര്‍ട്ടിസ്റ്റ്
കക്കോവിലെ ഗ്രാമത്തില്‍ ജനിച്ച കരീമിന് ചെറുപ്പത്തിലേ ചിത്രവരയോട് താത്പര്യമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബെഞ്ചിലും കൂട്ടുകാരുടെ നോട്ടു പുസ്തകങ്ങളിലുമെല്ലാം വരച്ച് ജന്മവാസന പ്രകടമാക്കി. സ്‌കൂളില്‍ അധ്യാപകര്‍ ബോര്‍ഡില്‍ വരക്കുന്നത് സൂക്ഷ്മതയോടെ നിരീക്ഷിച്ച് മനസ്സില്‍ ആഴത്തില്‍ പതിപ്പിച്ചു. വീട്ടിലെത്തിയാല്‍ അവ സ്ലേറ്റില്‍ പരീക്ഷിക്കും. ക്രമേണ സ്‌കൂളില്‍ മികച്ച കൈയെഴുത്തുകാരനും കൊച്ചു കലാകാരനെന്നുമുള്ള അംഗീകാരം കിട്ടി. ടൗണില്‍ പോകുമ്പോള്‍ വലിയ അക്ഷരങ്ങളുള്ള ബോര്‍ഡുകള്‍ കാണുമ്പോള്‍ നിരീക്ഷിക്കുകയും ശൈലി മനസ്സിലാക്കുകയും ചെയ്തു. കോണ്‍ഗ്രസ്, സി പി എം, ലീഗ് തുടങ്ങിയ എല്ലാ പാര്‍ട്ടികളുടെയും ബോര്‍ഡ് എഴുതിയായിരുന്നു തുടക്കം. എല്ലാ പാര്‍ട്ടിക്കാരും കരീമിനെ തേടി വീട്ടിലെത്തും. അദ്ദേഹത്തിന്റെ ബോര്‍ഡ് എഴുത്ത് അത്ര ആകര്‍ഷകമായിരുന്നു. സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ സി ടി അലി എന്ന ആര്‍ട്ടിസ്റ്റിന്റെ ശിഷ്യനായി. ചിത്രകലയിലെ നവീകരണത്തിന്റെ നാളുകളായിരുന്നു ആ ശിഷ്യത്വകാലം. കോഴിക്കോട്ട് വെച്ച് കുറച്ചുകാലം ചിത്രകലയും പഠിച്ചു. ചുമരെഴുത്തും രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റും ബോര്‍ഡ് എഴുത്തുമായി നടക്കുമ്പോഴും അക്ഷരങ്ങള്‍ക്ക് കൂടുതല്‍ ഭംഗികൂട്ടാനുള്ള താത്പര്യം മനസ്സില്‍ കനല്‍പോലെ തിളങ്ങിയിരുന്നു.
ഇതിനിടെ, 1998ല്‍ സഊദിയിലേക്ക് ജീവിതം പറിച്ചുനട്ടു. അവിടെ മൂന്ന് വര്‍ഷം ജോലി ചെയ്തു. പ്രവാസത്തില്‍ നിന്നാണ് കരീമില്‍ കലിഗ്രഫി കലാകാരന്‍ പിറവിയെടുക്കുന്നത്. ഈജിപ്ത്, പാക്കിസ്ഥാന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളില്‍ നിന്നാണ് കലിഗ്രഫി കൂടുതലായി പഠിക്കുന്നത്. ആദ്യം സുഹൃത്തുക്കളുടെ പേരുകളും ഫോട്ടോകളും പകര്‍ത്തിയായിരുന്നു പരീക്ഷണം. സൃഷ്ടികള്‍ മികച്ചതാണെന്ന സുഹൃത്തുക്കളുടെ അഭിനന്ദനവും പ്രോത്സാഹനവുമാണ് കലിഗ്രഫിയെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ കാരണമായത്. അതിനിടെ 2001ല്‍ ദുബൈയിലേക്ക് പോയി. കരീമിന്റെ അക്ഷര ക്യാന്‍വാസ് ഒന്നു കൂടി വിപുലമാകാന്‍ ഇവിടം സഹായകമായി.

പ്രകാശം കൊണ്ട്
അന്തരീക്ഷത്തില്‍ എഴുതി
2011 മുതല്‍ ഖത്വറിലാണ്. ഇവിടെ നിന്നാണ് മലയാളം കാലിഗ്രാഫിയെ കൂടുതല്‍ ജനകീയമാക്കാന്‍ കഴിഞ്ഞത്. കലാകാരന്മാര്‍ക്ക് വളക്കൂറുള്ള മണ്ണാണ് ഖത്വറിന്റെതെന്ന് കരീം പറയുന്നു. ഇക്കാലയളവില്‍ കലിഗ്രഫിയുടെ വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനയിലേക്കും പ്രവേശിച്ചു. ലീവിന് നാട്ടിലെത്തിയാല്‍ കലിഗ്രഫിയുടെ പ്രചാരണത്തിന് വേണ്ടി ഓടി നടക്കുകയാണ്. വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും പ്രസ്ഥാനങ്ങളും സംഘടനകളുമെല്ലാം ഒരുക്കുന്ന വേദികളില്‍ കലിഗ്രഫിയെ സംബന്ധിച്ച അറിവും കഴിവും ഈ കലാകാരന്‍ പങ്കുവെക്കുന്നു. അറബി- മലയാളം കലിഗ്രഫിയില്‍ കൂടുതല്‍ പഠനങ്ങളും ശ്രമങ്ങളും നടത്തണമെന്നാണ് കരീമിന്റെ താത്പര്യം. ദിവസങ്ങള്‍ക്ക് മുമ്പ് ലൈറ്റ് കലിഗ്രഫിയും അദ്ദേഹം പരീക്ഷിച്ചു. പ്രകാശം കൊണ്ട് അന്തരീക്ഷത്തില്‍ എഴുതുന്ന വിദ്യ ഫ്രഞ്ച് കലിഗ്രഫര്‍ ജൂലിയന്‍ ബ്രിട്ടനില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് കരീം പരീക്ഷിക്കുന്നത്. ക്യാമറയും പ്രകാശവും സംയോജിക്കുന്ന വിദ്യയാണിതെന്ന് അദ്ദേഹം ലളിതമായി പറയുന്നു. ഈ വിഭാഗത്തില്‍ കൂടുതല്‍ പരീക്ഷണങ്ങളും മറ്റും നടത്താനാണ് അദ്ദേഹത്തിന്റെ ശ്രമം.
സോഷ്യല്‍ മീഡിയ ജനകീയമായതോടെയാണ് മലയാളം കലിഗ്രഫി ശ്രദ്ധിക്കപ്പെടുന്നതെന്ന് കരീം പറയുന്നു. പലരും ഈ രംഗത്തുണ്ടെങ്കിലും വേണ്ടത്ര പ്രോത്സാഹനങ്ങളില്ലാത്തത് കാരണം ഉള്‍വലിയുകയാണ്. അറബിയുടെ അത്ര വഴങ്ങുന്ന രൂപമല്ല മലയാളത്തിനുള്ളതെങ്കിലും പുള്ളിക്ക് പകരം വള്ളികളുമായി മലയാളം അക്ഷരങ്ങളെ മനോഹരമാക്കാന്‍ ഈ കലക്ക് കഴിയുമെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്. കുടുംബ സമേതം ഖത്വറിലാണ് താമസം. അധ്യാപികയായ ഭാര്യ ഫാസിജയും ചിത്രകലാ രംഗത്തുണ്ട്. ക്രോഷേ, കരകൗശല പ്രവൃത്തികളില്‍ തത്പരയാണ്. മക്കള്‍: അഹ്മദ് കാശിഫ്, അയിശ ഇശാല്‍, മറിയം മനാല്‍.
.

കലിഗ്രഫി

പേനയോ ബ്രഷോ ഉപയോഗിച്ച് കടലാസിലോ മറ്റു പ്രതലങ്ങളിലോ മനോഹരമായി എഴുതുന്ന കലയാണ് കലിഗ്രഫി അഥവാ കൈയെഴുത്തുകല. കലയുടെ തനിമ നഷ്ടമാവാതെ അക്ഷരങ്ങളെ മനോഹര ചിത്രമാക്കി മാറ്റുന്ന ഏറ്റവും വലിയ കലാ രൂപം എന്നുപറയാം. അക്ഷര സൗന്ദര്യത്തിന്റെ കലാവിഷ്‌കാരം ഇതില്‍ കാണാം. വടിവോടെയും അല്ലാതെയും എഴുതുന്ന ഈ രചനാരൂപവും സാധാരണ കൈയെഴുത്തും വ്യത്യാസപ്പെട്ടിരിക്കുന്നത് കലാപരമായ അംശത്തിന്റെ അടിസ്ഥാനത്തിലാണ്.
ചരിത്രം

ബി സി 2560 – 2420 വര്‍ഷങ്ങള്‍ക്കിടയില്‍ ഈജിപ്ത് ഭരിച്ചിരുന്ന അഞ്ചാം രാജവംശത്തിന്റെ കാലത്ത് രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പാപ്പിറസ് ലിഖിത മാതൃകകളാണ് ലോകത്തെ ആദ്യത്തെ കലിഗ്രഫിക് രചനകള്‍. പുരാതന ഗ്രീസില്‍ കണക്കുകളെഴുതി സൂക്ഷിച്ചിരുന്ന ലിപിയോടൊപ്പം കലാ സൗന്ദര്യമുള്ള കൈയെഴുത്ത് ലിപികളും വികസിച്ചുവന്നു. എടുപ്പുകളിലും ചരിത്ര സ്മാരകങ്ങളിലും മറ്റും പേരെഴുതി വെക്കുമ്പോള്‍ അതിമനോഹരമായിരിക്കണമെന്ന് ജനങ്ങള്‍ നിഷ്‌കര്‍ഷിച്ചു. ഇതും കലിഗ്രഫിയുടെ വളര്‍ച്ചക്ക് നിദാനമായി.
യൂറോപ്പില്‍ രണ്ടുതരം രചനാ രൂപങ്ങളാണ് ഉണ്ടായിരുന്നത്. വലിയക്ഷരങ്ങള്‍ക്ക് ഒന്നും ചെറിയക്ഷരങ്ങള്‍ക്ക് മറ്റൊരു രീതിയും. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഷാര്‍ലമൈന്‍ ഇത് പരിഷ്‌കരിക്കുകയും ചെറിയക്ഷരങ്ങള്‍ക്ക് കുറേക്കൂടി ഭംഗിയും വ്യക്തതയും വരുത്തുകയും ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ കലിഗ്രഫി പല പരിഷ്‌കാരങ്ങള്‍ക്ക് വഴിവെച്ചു. അച്ചടി കണ്ടുപിടിച്ചതോടെ നിത്യജീവിതത്തില്‍ കലിഗ്രഫിയുടെ പ്രയോഗം കുറഞ്ഞുവന്നെങ്കിലും അതതു പ്രദേശത്തെ കൈയെഴുത്തുരീതികള്‍ അച്ചടിയെ സ്വാധീനിച്ചിട്ടുണ്ട്.

ഇസ്‌ലാമിക് കലിഗ്രഫി
അറബി ലിപി വളര്‍ന്നുവന്നത് കൂഫി രചനാ സമ്പ്രദായങ്ങളിലൂടെയാണ്. വളരെയധികം അലങ്കാരപ്പണികളോടെ എഴുതിയിരുന്ന കൂഫി അക്ഷരങ്ങള്‍ വായിക്കാന്‍ താരതമ്യേന പ്രയാസമായിരുന്നു. അതോടെ ഒഴുക്കന്‍ മട്ടില്‍ എഴുതാന്‍ കഴിയുന്ന നസ്ഖി അക്ഷരങ്ങള്‍ പ്രചാരത്തിലായി. ഉമവി- അബ്ബാസി ഖലീഫമാരുടെ കാലത്ത് കൈയെഴുത്ത് കലക്ക് അതിയായ പ്രോത്സാഹനം ലഭിച്ചു. അക്കാലഘട്ടത്തിലുള്ള സ്വര്‍ണം, വെള്ളി, ചെമ്പ് ലോഹ നാണയങ്ങളില്‍ ഇസ്‌ലാമിക ലിഖിത രൂപങ്ങള്‍ സ്ഥാനം പിടിച്ചു. കാലാന്തരത്തില്‍ വര്‍ണങ്ങളും അലങ്കാര രൂപങ്ങളും രചനകളില്‍ കൂടുതലായി പ്രത്യക്ഷപ്പെട്ടു. ഖുര്‍ആനിലെ സൂറതുകളെയും ജുസ്ഉകളെയും വേര്‍തിരിക്കുന്ന സ്ഥലങ്ങളില്‍ മനോഹരമായ അലങ്കാരപ്പണികള്‍ ആലേഖനം ചെയ്യുന്നതും പേജുകളുടെ അരികുകളില്‍ അലങ്കാരപ്പണികള്‍ ചിത്രണം ചെയ്യുന്നതും സാധാരണമായിത്തീര്‍ന്നു. അറബി ഭാഷ വിവിധ രൂപങ്ങളില്‍ എഴുതിയിരുന്നെങ്കിലും മുഖ്യമായും കൂഫി, നസ്ഖി, മുഹഖ്ഖക്, തുല്‍ത്, റൈഹാന്‍, മഗ്‌രിബി എന്നീ രചനാ രീതികളിലേ ഖുര്‍ആന്‍ എഴുതിയിരുന്നുള്ളൂ.

ഉസ്മാനിയ ഖലീഫമാരുടെ കാലത്ത് കൈയെഴുത്ത് കലക്ക് വളരെയേറെ പ്രോത്സാഹനം ലഭിച്ചു. കടലാസില്‍ രേഖപ്പെടുത്തുന്നതോടൊപ്പം മരങ്ങള്‍, ലോഹങ്ങള്‍ എന്നീ മാധ്യമങ്ങളിലും അക്ഷരങ്ങള്‍ കൊത്തിവെക്കാന്‍ തുടങ്ങി. പള്ളികളുടെ ഖുബ്ബകളിലും വാതിലുകളിലും കലിഗ്രഫിക്ക് രൂപങ്ങള്‍ മുദ്രണം ചെയ്യുന്ന പതിവ് വന്നു. കലിഗ്രഫിക് മുദ്രകള്‍ രാജാക്കന്‍മാര്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങി. മുഗള്‍ കാലത്ത് കൈയെഴുത്ത് കല അക്ഷരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ പെയിന്റിംഗ്, വാസ്തുശില്‍പ്പം എന്നീ മേഖലകളിലേക്കും വ്യാപിച്ചു. വെറും കൈയെഴുത്ത് എന്നതിനപ്പുറം നാണയങ്ങള്‍, മുദ്രകള്‍, പാത്രങ്ങള്‍, കെട്ടിടങ്ങള്‍, ജാലകങ്ങള്‍, പള്ളി മിനാരങ്ങള്‍ എന്നിവ രൂപകല്‍പ്പന ചെയ്യുമ്പോള്‍ ഒരു കലാരൂപമായിത്തന്നെ അക്ഷരങ്ങളുടെ സന്നിവേശം വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു.
അറബി കലിഗ്രഫിയുടെ പ്രമുഖ ശൈലികള്‍ നസ്ഖി, തഅ്‌ലീഖ്, തലൂത്, മഗ്‌രിബി, ദീവാനി തുടങ്ങിയവയാണ്. അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്ത് മഗ്‌രിബി ശൈലിയും മറ്റുഭാഗങ്ങളില്‍ റുഖഅ് ശൈലിയുമാണ് സാമാന്യേന ഉപയോഗിക്കുന്നത്. തുര്‍ക്കിയിലും ഇറാനിലുമാണ് ദീവാനി രീതിയുടെ ഉപയോഗം കൂടുതലായും കാണപ്പെടുന്നത്.