‘ഡാ, കടക്ക് പുറത്ത്’ V/S ‘ഹായ് കടന്നു വാ’

Posted on: October 14, 2018 10:22 pm | Last updated: October 14, 2018 at 10:22 pm

‘ഹലോ.?’
‘അതേ, അതേ പറയൂ’
‘അല്ല, നിങ്ങള്‍ക്കീ വെറും നെഗറ്റീവ് കാര്യങ്ങള്‍ മാത്രേ എഴുതാനറിയൂ??? സ്ഥാപന നടത്തിപ്പിലെ കുറ്റവും കുറവും എഴുതി പൂതി മാറിയില്ലേ? എന്താ നിങ്ങള്‍ക്കതിന്റെ നല്ല വശങ്ങളെ പറ്റി എഴുതിക്കൂടെ? എങ്ങനെയാണ് നല്ല നിലക്ക് സ്ഥാപനം കൊണ്ടുനടക്കലെന്ന് എഴുതാതെ വെറുതെ വിമര്‍ശിച്ചത് കൊണ്ടെന്ത് ഒലക്കയാ കിട്ടാന്‍ പോവുന്നേ???.
‘ഹലോ, കേള്‍ക്കുന്നില്ലേ???’
‘കേള്‍ക്കാം പറഞ്ഞോളൂ’
‘അതെന്താ അതെഴുതാത്തത് എന്ന്????’
‘ഹാ, അതിനെന്താ, എഴുതാമല്ലൊ’
(അതെഴുതാന്‍ എനിക്കെന്തര്‍ഹത?)
‘എഴുതാമല്ലോ എന്നല്ല, എഴുതിയിരിക്കണം! അടുത്തയാഴ്ച അത് കണ്ടില്ലെങ്കില്‍ അപ്പം കാണാം’!!! ഇതും പറഞ്ഞ് ‘പ്ടും’ ഫോണ്‍ വെച്ചു. നല്ല ചൂടിലാണ് വിളി. വിളി എന്നുപറഞ്ഞാല്‍ ഒറ്റ ഒരാളുടേതല്ല. അഞ്ചെട്ടാളുകളുടെ പലവട്ടമായുള്ള വിളികളുടെ ല സാ ഗുവാണ് മുകളില്‍ കൊടുത്തത്. നെഞ്ച് തകരാന്‍ പിന്നെന്തെങ്കിലും വേണോ? ആ പേടിയില്‍ എഴുതുകയാണ്. വാക്കുകള്‍ക്ക് വിറയലുണ്ട്. ആയതിനാല്‍ ഇതില്‍ വരുന്ന കുറ്റങ്ങളും കുറവുകളും മാന്യവായനക്കാര്‍ സദയം ക്ഷമിച്ച് ഈ കോളത്തോട് അകമഴിഞ്ഞ് സഹകരിക്കണമെന്ന് വണക്കത്തോടെ അപേക്ഷിച്ച് കൊണ്ട് തുടങ്ങട്ടെ.

ശരിയാണ്, സമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിയാണ് സ്ഥാപനനടത്തിപ്പിന്റെ അടിസ്ഥാനലക്ഷ്യം. ആകാശം മുട്ടുമാറുയരത്തിലെത്തിക്കുമെന്ന സ്വപ്‌നത്തോടെയാണ് മിക്കവാറും രക്ഷിതാക്കള്‍ മക്കളെ സ്ഥാപനത്തിലേക്ക് പറഞ്ഞയക്കുന്നത്. കടന്നുവരുന്ന മക്കള്‍ക്കുമുണ്ട്, സ്ഥാപനം നമ്മെയെവിടെയെല്ലാമോ എത്തിച്ചുതരുമെന്ന മോഹമൂര്‍ച്ച. സമൂഹം സ്ഥാപനങ്ങള്‍ക്ക് ദാനമായി വരുമാനവിഹിതം വകയിരുത്തുന്നതും നാളെയുടെ നായകരാകുന്ന പ്രതിഭാമനീഷികളെ വാര്‍ത്തെടുത്തുകൊള്ളും എന്ന കരുത്തുപ്രകാരമാണ്. എല്ലാം വെച്ചുനോക്കുമ്പോള്‍ ഭാരമേറിയ ബാധ്യതയാണ് സ്ഥാപനനടത്തിപ്പ്.
അണുമുക്തമായ ലക്ഷ്യം തന്നെയാണ് പ്രധാനം. ഹ്രസ്വകാല ലക്ഷ്യം, ദീര്‍ഘകാല ലക്ഷ്യം എന്നിങ്ങനെ അതിനെ രണ്ടായി വെട്ടിയിടാം. പുലരാസ്വപ്‌നങ്ങള്‍ക്കല്ല ലക്ഷ്യം എന്ന് പറയുന്നത്. സ്ഥാപനത്തിനൊരു സ്ഥിരവരുമാനമാര്‍ഗം വേണം എന്ന് ചര്‍ച്ച. മീറ്റിംഗിലുള്ള ഒരാള്‍ പറഞ്ഞു: ‘അതിനെന്താ, വാഷിംഗ്ടണ്‍ ഡി സിയില്‍ നൂറ്റെമ്പത്തഞ്ച്് നിലകളുള്ള ഒരു ഫഌറ്റ് നിര്‍മിച്ചാല്‍ പോരേ. മാസാമാസം ഡോളറുകണക്കിന് കാഷൊഴുകിവരില്ലേ’. ഇത് അപ്പറഞ്ഞതില്‍ പെട്ടതാണ്. സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന പരസ്യങ്ങളിലും ബ്രോഷറുകളിലും അപൂര്‍വമായെങ്കിലും അച്ചടിച്ചുകാണുന്നത് ഇമ്മാതിരി ആകാസ്വപ്‌നങ്ങളാണ്?

അതാതുകാലത്തെ നടത്തിപ്പുകാര്യങ്ങളെ കെങ്കേമമാക്കിത്തീര്‍ക്കാനാണ് ഹ്രസ്വകാല ലക്ഷ്യങ്ങള്‍ രൂപവത്കരിക്കുന്നത്. അതേസമയം, സ്ഥാപനത്തിന്റെ ഉത്പന്നങ്ങള്‍ പിറകെ എന്തുസേവനം ഏതുവിധേന സമൂഹത്തിന് സമ്മാനിക്കണമെന്നതിനെ കുറിച്ചുള്ള വ്യക്തമായ മാര്‍ഗരേഖയാകണം ദീര്‍ഘകാല ലക്ഷ്യം. പക്ഷേ, നടക്കുന്നതെന്താണ്? അവിടെ കണ്ടതുപോലെ ഇവിടെ കേട്ടതുപോലെ മറ്റേയിടത്ത് പറയപ്പെട്ടതുപോലെ അനുകരിക്കുക എന്ന രീതി ചിലപ്പോഴെങ്കിലും നമ്മള്‍ തുടര്‍ന്നുപോരുന്നു.
‘ഉസ്സിസ അലത്തഖ്‌വ’- ഇലാഹീപ്രീതിക്കായി സ്ഥാപിച്ചതായിരിക്കുക എന്നതാണ് സ്ഥാപനത്തിന്റെ വിത്തുതല പത്രാസ്. തഖ്‌വാജന്യമാണെങ്കില്‍ ആ വി
ത്തുഗുണം പത്തല്ല പതിനായിരത്തിത്തൊള്ളായിരം സ്‌ക്വയറുകളായി പടര്‍ന്ന് പന്തലിച്ചുകൊള്ളും. അതേസമയം പകതീര്‍ത്തുക, വാശിയെ ഊട്ടുക, പള്ള ലാളിക്കുക, കച്ചവടത്തിനുള്ള കരുവാക്കുക, ഈഗോയെ പുന്നാരിക്കുക ആദിയായ ചീത്തമോഹങ്ങളാല്‍ തറക്കല്ലിടപ്പെടുന്ന സ്ഥാപനങ്ങള്‍ പതിയെ വേരുചീഞ്ഞ് ചാഞ്ഞുവരും. ‘ഞാനീ നിലക്ക് വലുതായിപ്പോയല്ലോ, എന്റെ പേരിലറിയപ്പെടുന്ന സ്വന്തം സ്ഥാപനം ഇല്ലായ്ക എന്നത് എന്തുമാത്രം ചേപ്രത്തരമാണ്’ എന്ന പുഴുത്തമോഹത്താല്‍ തുടങ്ങപ്പെടുക എന്നതാണ് ഈഗോയെ പുന്നാരിക്കുക എന്ന് പറഞ്ഞതിന്റെ ഒരു വ്യാഖ്യാനം. സ്ഥാപനത്തില്‍ ഒരാള്‍ക്ക് കിട്ടിയിരിക്കുന്ന സ്വാധീനത്തെ/പദവിയെ/ അധികാരത്തെ സ്വകാര്യമുതലെടുപ്പ് എന്ന കെട്ട ലക്ഷ്യത്തിലേക്ക് വഴിമാറ്റുന്നവന്‍, സംശയംവേണ്ടാ, ഇന്നോ നാളെയോ ‘ഷിഫ്റ്റ് ഡിലീറ്റ’ടിക്കപ്പെടും, എന്നെന്നേക്കുമായി.

ഒരു സ്ഥാപനത്തിന്റെ എന്‍ജിന്‍ എന്ന് പറയുന്നത് അഗ്രേസരരായ ഗുരുസാഗരങ്ങളുടെ സാന്നിധ്യമാണ്. എന്തുവിലകൊടുത്തും അത്തരക്കാരെ ആകര്‍ഷിക്കാനും പിടിച്ചുനിര്‍ത്താനുമുള്ള ഗഡ്‌സുണ്ടായിരിക്കണം, സ്ഥാപനമേധാവികള്‍ക്ക്. അറിവൂറുന്ന ഗുരുക്കന്മാരെന്നത് മധുനിറഞ്ഞ പൂക്കളാണ്. പൂക്കളുള്ളിടത്തേക്ക് പൂമ്പാറ്റകള്‍ പാറിയെത്തും. പഴനിബിഢമായ മരങ്ങളിലേക്ക് പക്ഷികള്‍ പാറിവരും പോലെ. അവര്‍ക്ക് കത്തോ മെയ്‌ലോ മെസ്സേജോ ആവശ്യമില്ല. ‘യസ്ആ ഇലാ മുസ്മിരിന്‍ മിന്‍ കുല്ലി അംകിനതിന്‍’…..ഉം! പൂരിപ്പിച്ചാട്ടെ ‘റസാന:’യുടെ മറ്റേവരി. ശരിയല്ലേ, ‘ഇന്നയിടത്ത് ഇന്ന നിറത്തിലും വലുപ്പത്തിലുമുള്ള പൂക്കള്‍ വിരിഞ്ഞിരിക്കുന്നു, പാറ്റകളേ, പ്രാണികളേ, മണ്ടിവരീം, മണ്ടിവരീം’. എന്ന് എവിടെയെങ്കിലും എപ്പോഴെങ്കിലും നമ്മള്‍ പത്രപ്പരസ്യം കണ്ടതായി/ അനൗണ്‍സ്‌മെന്റ് കേട്ടതായി ഓര്‍ക്കുന്നുണ്ടോ, ഇല്ല!

കോളുള്ളവരെ കൂടെനിര്‍ത്തി, കോളൂറ്റിയെടുക്കാനും വേണം ഒരു വിരുത്. മനസ്സിലായില്ല? കേമന്മാര്‍ കടന്നുവന്നാല്‍ ഞാന്‍ ഇടിഞ്ഞുപോവുമോ എന്ന് ചിന്തിച്ചാല്‍ കാര്യം ക്ലോസ്. എന്നേക്കാള്‍ കാര്യപ്പെട്ട ഒറ്റയൊരുത്തനും ഇങ്ങോട്ട് വേണ്ട എന്ന് ചിന്തിച്ചാല്‍ സ്ഥാപനം പിന്നെ താടികെട്ടി. തന്നേക്കാള്‍ കഴിവുള്ള എന്നല്ല, എന്തെങ്കിലും തരത്തില്‍ ഏതെങ്കിലും കഴിവുള്ള എത്ര ചെറിയവനേയും ഉള്‍ക്കൊള്ളാനും അയാളുടെ കഴിവിനെ സ്ഥാപനത്തിന്റെ പൊതുനന്മക്കായി ടാപ് ചെയ്‌തെടുക്കാനും കഴിയുമാറ് മനസ്സിനെ വിശാലമാക്കുമ്പോഴാണ് സ്ഥാപനം പുഷ്പ്പിച്ച് പൂവാടിയാകുക.

പശുവിന്റെ കാര്യം തന്നെ നോക്ക്. ‘പാല് തരുന്നു എന്ന് കരുതി എന്നേക്കാള്‍ വലിയവന്‍ ആയി ഞെളിയണ്ട’ എന്ന് ചിന്തിച്ച് നാം പശുവിന്റെ പുറത്ത് കയറി നിന്നാണോ പാല് കറക്കുന്നത്? അല്ല. പിന്നെയോ? വിനയത്തോടെ താഴെയിരുന്ന് കാലുഴിഞ്ഞ് അകിട് തടവി പതിയെപ്പതിയെ കറന്ന് കുപ്പിയിലാക്കുകയാണ് പതിവ്. തേനിന്റെ കാര്യമോ? ‘എടാടാ, എന്താ എല്ലാം കൂടി അവിടുന്ന് കുതിര കളിക്കുകയാ, കള്ളഹമുക്കുകളേ, വേഗം തേന്‍ കൊണ്ടുവാ, ഉം ഉം വേഗം, വേഗം’ എന്ന് പറഞ്ഞ് തേനീച്ചക്കൂട്ടത്തില്‍ ചെന്ന് ഉറഞ്ഞുതുള്ളി നാം സ്റ്റാറാവുകയല്ല ചെയ്യുന്നത്. മറിച്ച്, ഒന്നാം നമ്പര്‍ മിണ്ടാപ്പൂച്ചയായി ചെന്ന് തേനീച്ചയുടെ കുത്തും കടിയുമേറ്റ് തേന്‍ പിഴിഞ്ഞെടുക്കുകയാണ്. വാസ്തവത്തില്‍ ഇവിടെ പശുവിന്റെയും തേനീച്ചയുടെയും ഇടയില്‍ നാം ചെറുതാകുകയല്ല. മറിച്ച് ചെറുതായി എന്ന് തോന്നിച്ച് നാമവരെ ഊറ്റുകയും ഫലത്തില്‍ രണ്ട് പേരും വലുതാവുകയുമാണ്. പാലിന്റെയും തേനിന്റെയും വില അറിയാവുന്നത് കൊണ്ടാണിത്. ആ അറിവ് എന്ന് പറയുന്നത് ലോകോത്തര നിലവാരമുള്ള മഹാതിരിച്ചറിവാണ്. മനസ്സിടുങ്ങിയ തനിലോക്കല്‍സുകള്‍ക്ക് അതുള്‍ക്കൊള്ളാനാവില്ല.

സ്ഥാപനത്തിന്റെ വിജയത്തിന് പ്രാപ്തരായവരെ തേടിപ്പിടിച്ച് മെരുക്കി നിര്‍ത്തുക എന്നത് നല്ല കഴിവുവേണ്ട ഒരപൂര്‍വസിദ്ധി തന്നെയാണ്. വാഴ്ത്തപ്പെടേണ്ടതാണ് അതുള്ളവരെ. ഈ സുപ്രീം സ്‌കില്ലില്‍ ഖലീല്‍ തങ്ങള്‍ക്കും എ പി ഉസ്താദിനുമുള്ള ഗ്രേഡ് എ പ്ലസ് പ്ലസ് പ്ലസ് പ്ലസ് പ്ലസ് പ്ലസിനും എത്രയോ മീതെയാണ്. അവരെ അനുധാവനം ചെയ്ത് സ്ഥാപന നടത്തിപ്പില്‍ മോഡലാകുന്നവര്‍ക്കുമുണ്ട് ആ എ പ്ലസിന്റെ ഗുണഗന്ധം. അത്തരം സ്ഥാപനങ്ങളിലും കാണാം ആ പാലും തേനും പുഴകളായി ഒഴുകുന്നത്. അതേസമയം, ‘തന്നേക്കാള്‍ വലിയവന്‍ നാളിന്നുവരെ ഒരുമ്മക്ക് പിറന്നവനായി ഇല്ല, ഖിയാമത് നാളുവരെ അതൊട്ടുണ്ടാവുകയുമില്ല’ എന്ന് മനസ്സില്‍ ദൃഢമായി വിശ്വസിച്ച് നാക്കുകൊണ്ട് വെളിവാക്കി പറയുന്നവരുടെ സ്ഥാപനങ്ങള്‍ മേത്തരം തൊഴുത്തുകളായി അളിഞ്ഞുകൊണ്ടിരിക്കും. അപകടമാണത് കെട്ടോ.

ജോലിക്ക് നിര്‍ത്തിയവരെ ആവും വിധമെല്ലാം തൃപ്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുക വളരെ പ്രധാനമാണ്. അതില്‍ ഒന്നാം സ്ഥാനം മെച്ചപ്പെട്ട വേതനം കൃത്യമായി കൊടുക്കുക എന്നതാണ്. എന്താണ് ‘കൃത്യമായി’ എന്ന് പറഞ്ഞാല്‍ എന്ന് നിങ്ങള്‍ക്കറിയാമോ? കൂറ്റമ്പാറ ഉസ്താദിന്റെ ഒരു കിടുപ്രസംഗത്തില്‍ കുറച്ചുകൂടി കൂട്ടിപ്പറയുകയാണെങ്കില്‍:- എല്ലാ മാസവും ഒന്നാന്തി, ഓരോരുത്തരുടെയും മാസവേതനം പുതുമണമുള്ള പിടയുംനോട്ടുകളാക്കി കവറിലിട്ട് പേരെഴുതി അതാത് ചേംബറില്‍ എത്തിച്ച് ‘താങ്കളുടെ ഈ മാസത്തെ ശമ്പളമിതാ, സ്വീകരിച്ചാലും’ എന്ന് പറഞ്ഞ് പുഞ്ചിരിയോടെ കൈമാറുക, ഹ! അല്ലാതെ നാല് മാസം മുമ്പുള്ള സാലറിയുടെ നാലിലൊന്ന് നാല് പ്രാവശ്യം ചെന്ന് കെഞ്ചുമ്പോള്‍ ഞെട്ടിക്കുക, അടുത്ത നാലിലൊന്ന് നാലാഴ്ച കഴിഞ്ഞേ നോക്കേണ്ടു കെട്ടോ എന്ന് ഭീഷണിപ്പെടുത്തുക. ആത്മാര്‍ഥതക്ക് തുരുമ്പ് പിടിക്കുന്ന കാര്യങ്ങളാണിതെല്ലാം. നിങ്ങള്‍ മറിച്ച് ചെയ്തുനോക്കൂ, ആത്മാര്‍ഥതയുടെ ഗ്രാഫ് ശ്രീഹരിക്കോട്ടയില്‍ നിന്ന് റോക്കറ്റ് കുതിക്കുമ്പോലെ തെറിച്ചുയരുന്നത് കാണാം. മതപണ്ഡിതന്‍മാര്‍ക്ക് നല്ല ശമ്പളത്തിന് വേണ്ടി വാദിച്ച നെല്ലിക്കുത്ത് ഉസ്താദിനെ ആദരവോടെ ഓര്‍ക്കാം, അല്‍ഫാതിഹ!

വേതനത്തിന്റെ കാര്യം പറയുമ്പോള്‍ സാന്ദര്‍ഭികമായി ഒരു കാര്യം തടവുചാടി വരികയാണ്; എഴുത്തുകാര്‍ക്കും വേണം മുന്തിയ വേതനം നല്‍കാന്‍. ഇല്ലേ, മഹാവിപത്ത് വരാനിരിക്കുന്നു! ഈയടുത്ത് എഴുത്തുകാരായ കുറച്ച് സുഹൃത്തുക്കള്‍ ഒരു മീറ്റിംഗ് ചേരാനായി വിളിച്ചു. ഐയേയെമ്മിയുടെ മീറ്റിംഗിന് ശേഷം ഞാനവരുമായി കോഴിക്കോട്ട് സംഗമിച്ചു. നിങ്ങള്‍ക്കൊക്കെ പറഞ്ഞാലറിയുന്ന ആളുകളാണ് അധികവും. രണ്ടാളുടെ നാടിന്റെ പേര്, വേറെ രണ്ടാളുടെ ഇനീഷ്യല്‍, ഒരാളുടെ പേരിന്റെ ആദ്യ രണ്ടക്ഷരം എന്നിവ സൂചിപ്പിച്ചാല്‍തന്നെ നിങ്ങള്‍ക്ക് വേഗമോടും അവരാരൊക്കെയാണെന്ന്.

പറയുന്നതിതാണ്; എഴുത്തുകാര്‍ക്ക് മഹാ അവഗണന. ഇതിനെതിരെ പ്രതികരിക്കണം. എന്താണ് പരിഹാരം? എല്ലാവരും ഒറ്റക്കെട്ട്- ഞാന്‍ പറയണമത്രെ!! മേലായ റബ്ബേ!! ഞാന്‍ എളുപ്പത്തില്‍ മൂച്ചിമ്മേല്‍ കയറുന്നവനാണെന്ന വിവരം എങ്ങനെയോ ഇവര്‍ മണത്ത് പിടിച്ചിരിക്കുന്നു എന്നത് ക്ഷണനേരം കൊണ്ട് (അവരുടെ മുഖഭാവത്തില്‍ നിന്ന്) ഞാന്‍ വായിച്ചെടുത്തു. ഉടന്‍ ഞാന്‍ കൂറുമാറി. ഒരു സാത്വികഭാവത്തിലേക്ക് നൂണ്ടു. ഞാന്‍ പറഞ്ഞു: മഹാന്മാരായ എഴുത്തുകാരൊന്നും റെമ്യുണറേഷന്‍ വാങ്ങാറില്ല, ഹൗ!!! ഞാന്‍ വെണ്ണക്കോട് ഉസ്താദിന്റെയും കോടമ്പുഴ ഉസ്താദിന്റെയുമൊക്കെ കഥകള്‍ പറഞ്ഞു. വാസ്തവം പറഞ്ഞാല്‍ ഒന്നും വാങ്ങരുത് എന്ന പക്ഷമാണ് എനിക്കുള്ളത്. അതേസമയം, വാങ്ങുകയാണെങ്കിലോ, വാങ്ങി എന്ന പേരുദോഷം ഉണ്ടാക്കാന്‍ മാത്രമായിപ്പോവുകയും അരുത്. എന്തെങ്കിലും ചപ്ലാച്ചി തന്ന് ഒപ്പിക്കുന്ന മൂരാച്ചിത്തരത്തിനെതിരെ മുര്‍ദാബാദ് മുഴങ്ങണം.

ചര്‍ച്ചക്കിടെ ഒരുത്തന്‍ പറയുകയാണ്. പത്രമാസികകളിലെ റെമ്യൂണറേഷന്‍ റേറ്റ് തീരുമാനിക്കുന്ന ആനഅര്‍ക്കീസിനെ ഇരുട്ടടി അടിക്കുക! അപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു അതുവേണ്ട, അതൊട്ടും പ്രൊഫഷനല്‍ അല്ല. നല്ലത്, അവരെ കൊടിയ സുനീര്‍, ബനിയന്‍ മഅ്‌റൂഫ്, ട്രൗസര്‍ മനോജ്, കിര്‍മാണി ജോസഫ്, ടയര്‍ ശഫീഖ് എന്നിവരടങ്ങുന്ന വിദഗ്ധ വൈദ്യസംഘത്തെ കൊണ്ട് നന്നായി ഒന്നു ചികിത്സിച്ചാല്‍ മതി. അവര്‍ അങ്ങനെ ഉറപ്പിച്ചുപോയിരിക്കുകയാണ്. സൂചിപ്പിച്ചെന്ന് മാത്രം. അഞ്ചാറ് മണിക്കൂര്‍ ഊരയൊടിയുമാറ് ഒറ്റിയിരുപ്പിരുന്ന് ഉരുട്ടിമിനുക്കിയുണ്ടാക്കുന്നതിന് പുല്ലുവില എന്നു വെച്ചാല്‍ കിട്ടണ്ടേ ഇവര്‍ക്ക് എമ്പേയ്ക്കുള്ള ചാമ്പ്.

തിരിച്ചുവരാം. സ്ഥാപനത്തിന്റെ അകത്തളവും തെളിഞ്ഞ കുളം പോലെ സുതാര്യമായിരിക്കണം. മാനേജ്‌മെന്റും അധ്യാപകരും തമ്മില്‍, അധ്യാപകര്‍ തമ്മില്‍ത്തമ്മില്‍ ‘പാലേതേനേ’ എന്ന ബന്ധമായിരിക്കണം. ക്ലാസില്‍ വന്ന് മറ്റേ മാഷിനെ കുറ്റം പറയുന്ന ഒരു മാഷുണ്ടായാല്‍ മതി പശൂനെയ്യില്‍ മൂപ്പിച്ച ആടുമന്തിയില്‍ എലിവിഷം കലര്‍ന്നതുപോലെയായി. സ്ഥാപനത്തിന്റെ ധനകാര്യങ്ങള്‍ ചിങ്ങമാസത്തെ ആകാശം പോലിരിക്കണം. ഖജാഞ്ചി കള്ളക്കണക്കെഴുതിയതും/ മാനേജര്‍ വൗച്ചര്‍ കീറിയെറിഞ്ഞതും/ അഡ്മിന്‍ റിസീപ്റ്റ്കുറ്റി ചുട്ടുകരിച്ചതും/ പ്രിന്‍സിപ്പാള്‍ വകമാറ്റി ചെലവഴിച്ചതുമെല്ലാം കുട്ടികള്‍ക്കിടയില്‍ ചര്‍ച്ചക്കെത്തിയാല്‍ സ്ഥാപനം ചിതലുതിന്നു എന്നാണര്‍ഥം. കൂടുതല്‍ കഴിവുള്ള ഉദ്യോഗാര്‍ഥികള്‍ കടന്നുവരുമ്പോള്‍ മനസ്സ് വിമാനത്താവളമാക്കണം. എന്നല്ല, ഏറ്റവും കഴിവുള്ളവരെ തേടിപ്പിടിക്കാന്‍ തിടുക്കം കാണിക്കണം, മത്സരിക്കണം.

ഈ മുന്തിയ മാനസികാവസ്ഥക്ക് മാതൃകയാണ് മൂസാ നബി (അ). പ്രബോധനത്തിന് പോകാനിരിക്കവെ മഹാനോര്‍ അല്ലാഹുവിനോട് ആവശ്യപ്പെടുന്നത് ഹാറൂനെ (അ) കൂടെ അയക്കണമെന്നാണ്. ‘ഒന്നിനും പറ്റിയിട്ടോ ഒരുപകാരമുണ്ടായിട്ടോ അല്ല, ഒറ്റക്കല്ലേ, ഇരിക്കട്ടെ കൂട്ടിനൊരു മുരിക്ക്’ എന്നല്ലേ നമ്മളൊക്കെ കഴിവുള്ളവനെ കൂടെക്കൂട്ടുമ്പോള്‍ കാരണം പറയുക. മൂസാ നബി (അ)പറയുന്നത് മറിച്ചാണ്: ‘എന്റെ സഹോദരന്‍ ഹാറൂനെ വിട്ടുതാ, അദ്ദേഹം എന്നേക്കാള്‍ സര്‍ഗസമ്പന്നനാണ്’! ശ്രദ്ധിക്കണം- അത്യാവശ്യം എന്തെങ്കിലുമൊക്കെ സംസാരിക്കാന്‍ കഴിയും എന്നല്ല; എന്നേക്കാള്‍ വാചാലനാണ് എന്ന് വാചാവ്യക്തമാക്കുന്ന അസാമാന്യ വിനയം. കൂടെയുള്ളവന്റെ ജ്ഞാനനിറവിനെ/ സര്‍ഗസിദ്ധിയെ/ അധ്യാപന മിടുക്കിനെ/ ഭരണ നൈപുണിയെ/ നിര്‍വഹണ ത്രാണിയെ ഉള്‍ക്കൊള്ളാന്‍ എന്ന് സജ്ജരാവുന്നുവോ അന്നേ നമ്മളും നമ്മുടെ സ്ഥാപനങ്ങളും നന്നാവൂ.

അപ്പോള്‍ ‘കടക്ക് പുറത്ത്’ എന്ന് പറയാന്‍ കരുത്തുള്ളവര്‍ വേണമെന്നപോലെ ‘കടന്നുവരൂ’ എന്ന് പറയാന്‍ കഴിവുള്ളവരും സ്ഥാപനത്തില്‍ വേണം. ഖുര്‍ആനില്‍ ‘ഉഖ്‌റുജ്’ പോലെയുള്ള മറ്റൊരു പ്രയോഗമുണ്ട്, ഉദ്ഖുലൂ/ഉദ്ഖുലീ, ‘ഹാ, കടന്നുവാ’ എന്നതാണത്. ‘നിങ്ങള്‍ നിര്‍ഭയരായി സമാധാനത്തോടെ കടന്നുവരീന്‍’. താജ്മഹലിന്റെ പുറംകവാടത്തില്‍ എഴുതിയ ഖുര്‍ആന്‍ സൂക്തം അവസാനിക്കുന്നത് ‘എന്റെ സ്വര്‍ഗഭൂമിയിലേക്ക് കടന്നു വാ’ എന്ന വാചകത്തോടെയാണ്. നമ്മുടെ സ്ഥാപനങ്ങള്‍ ആന്തര ബാഹ്യ സൗന്ദര്യങ്ങളുടെ താജ്മഹലുകളായി പരിലസിക്കണം. അവിടേക്ക് ‘ഹായ്, നിങ്ങള്‍ കടന്നുവരൂ’ എന്ന് ആളെവിളിക്കാന്‍ മനസ്സൗന്ദര്യമുള്ളവരായി നമ്മള്‍ മാറുകയും വേണം.

വീരാന്‍കുട്ടിയുടെ ഒരു കടുകിടു കവിത നമുക്ക് വെറുതെ ഒന്ന് മൂളാം:
താജ്മഹലിനോളം വരില്ല/ ലോകത്തെ ഒരു വീടും/ എന്നാല്‍ ഏതുവീടും താജ്മഹലാകുന്ന/ ഒരുജ്ജ്വല സന്ദര്‍ഭമുണ്ട്/ ഓര്‍ക്കാപ്പുറത്ത്/ സഹികെട്ട്/ അല്ലെങ്കില്‍ മറ്റെപ്പോഴെങ്കിലും/ ഒരാള്‍ തന്റെ വീടിനെ/ ശവകുടീരമേ! എന്ന്/ അറിയാതെ പറഞ്ഞുപോകുമ്പോള്‍.
സമുദായമേ! താജ്മഹലുകളാകേണ്ട സ്ഥാപനങ്ങളെ ശവകുടീരങ്ങളെന്ന് വിളിപ്പിക്കല്ലേ!!!