ഫലസ്തീനികളുടെ പച്ചയായ ജീവിതം

Posted on: October 14, 2018 10:14 pm | Last updated: October 14, 2018 at 10:14 pm

ഡോ. ആങ് സ്വീ ചായ് എഴുതിയ ഫ്രം ബൈറൂത് ടു ജറുസലേം എന്ന പുസ്തകം ‘ജറുസലേം: കുടിയിറക്കപ്പെട്ടവന്റെ മേല്‍വിലാസം’ എന്ന പേരില്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ (ഐ പി ബി) പ്രസിദ്ധീകരിച്ചത് ഈയിടെയാണ്. അബ്ദുല്ല മണിമയാണ് വിവര്‍ത്തകന്‍. ഫലസ്തീന്‍ വായനകളില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു ഗ്രന്ഥമാണിത്. തിരസ്‌കൃതരായ ഒരു ജനത അനുഭവിക്കുന്ന മുറിവുകളുടെ മധ്യേ നടത്തിയ ദുരിതാശ്വാസ യത്‌നങ്ങള്‍ക്കിടയില്‍ സാക്ഷ്യംവഹിച്ച സങ്കടങ്ങളുടെ കഥകള്‍ പറയുകയാണ് ഡോ. ആങ് സ്വീ ചായ്. ഓരോ വരിയിലും ഫലസ്തീന്‍ എന്ന അനുഭവം എത്ര തീവ്രമാണ്, വേദനാജനകമാണ് എന്ന് വായനക്കാര്‍ക്ക് ബോധ്യമാകും.

‘ഫലസ്തീനികള്‍ക്ക്, ഫലസ്തീനികളെ സ്‌നേഹിക്കുന്നവര്‍ക്ക്’ എന്നിവര്‍ക്കാണ് പുസ്തകം എന്നു പറഞ്ഞാണ് ആരംഭിക്കുന്നത്. മുഖവുരയില്‍ തന്നെ താനാരാണെന്ന് അടയാളപ്പെടുത്തുന്നു ഡോ. ആങ് സ്വീ ചായ്. വിദ്യ നേടാന്‍ പൊരുതിയ ഒരമ്മയുടെ മകള്‍. അമ്മയുടെയും അച്ഛന്റെയും ജീവിതം സാഹസികവും നീതിക്കു വേണ്ടിയുള്ളതുമായിരുന്നു. ജയിലില്‍ വെച്ചാണ് അവര്‍ വിവാഹിതരാകുന്നത്. ചെറുപ്പത്തിലേ ഉത്സാഹത്തോടെ പഠിച്ചു ചായ്. വൈദ്യ പഠനത്തിന് ചേര്‍ന്നു. ഡോക്ടറായ ശേഷം, ഭര്‍ത്താവിന്റെ കൂടി പിന്തുണയോടെ ചായ് തീരുമാനമെടുത്തു, ഈ തൊഴില്‍ തനിക്കു പണം നേടാനുള്ളതല്ല. മറിച്ച്, പാവങ്ങളെ സേവിക്കാനുള്ളതാണ് എന്ന്. തുടര്‍ന്നാണ് പുസ്തകാധ്യായങ്ങളിലേക്ക് പ്രവേശിക്കുന്നത്.

ലണ്ടനില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുമ്പോഴാണ്, നിരന്തരം യുദ്ധം നടക്കുന്ന ലബനാനിലേക്ക് സേവനത്തിനു വിദഗ്ധ ഡോക്ടര്‍മാരെ ആവശ്യമുണ്ട് എന്ന പരസ്യം ആങ് കാണുന്നത്, 1982ല്‍. കുട്ടിക്കാലത്തെ ജീവകാരുണ്യ സേവനത്തോട് വലിയ താത്പര്യമായിരുന്നു അവര്‍ക്ക്. അക്കാലത്ത് ബി ബി സിയില്‍ വാര്‍ത്ത കേള്‍ക്കുമ്പോള്‍ അവര്‍ അമ്പരന്നു, ഇസ്‌റാഈല്‍ കൂട്ടക്കൊല നടത്തുകയോ എന്നോര്‍ത്ത്. കാരണം ഇസ്‌റാഈലിനെ കുറിച്ച് കേട്ട വിവരങ്ങള്‍ അങ്ങനെയായിരുന്നില്ലല്ലോ.

ഏതായാലും ഹോസ്പിറ്റല്‍ ജോലി അവസാനിപ്പിച്ച് അവര്‍ പുറപ്പെട്ടു, ബൈറൂത്തിലേക്ക്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള സമാന മനസ്‌കരായ നൂറോളം ഡോക്ടര്‍മാര്‍ക്കൊപ്പം.

അഞ്ച് പ്രധാന അധ്യായങ്ങളിലായാണ് പുസ്തകത്തിന്റെ ക്രമീകരണം. ഹൃദയത്തെ മുറിപ്പെടുത്തുന്ന മാരകമായ അനുഭവവിവരണങ്ങളുടെ വേലിയേറ്റം കാണാം ഓരോ അധ്യായത്തിലും. ബൈറൂത്തിലെ ആ പ്രാഥമിക യാത്രയുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആദ്യ അധ്യായം അഞ്ച് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. യുദ്ധത്തിന്റെ ഭയാനകത തീവ്രജനകമായി വിവരിച്ചിരിക്കുന്നു: ‘ഞങ്ങളെത്തുമ്പോഴേക്കും വ്യോമാക്രമണത്തിന്റെ ഏറ്റവും ദുരിതപൂര്‍ണമായ ഘട്ടം കഴിഞ്ഞിരുന്നു. ബോംബുകളും ഷെല്ലുകളും വന്നു വീഴുന്നില്ല എന്നതൊരു ആശ്വാസമായിരുന്നുവെങ്കിലും നഗരത്തില്‍ കണ്ട സംഹാര കാഴ്ചകള്‍ മരവിപ്പിക്കുന്നതായിരുന്നു. ബോംബിംഗില്‍ തകര്‍ന്ന കെട്ടിടങ്ങള്‍, അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങള്‍, തകര്‍ന്നു തൂങ്ങിനില്‍ക്കുന്ന ചുമരുകള്‍.. മുമ്പ് കാണാത്തവര്‍ക്ക് സകലതും കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതായി തോന്നും. അവിടുത്തെ പാര്‍പ്പുകാര്‍ക്കോ, എല്ലാം ഭയാനകമായ രാക്കിനാവുകളുടെ ശേഷിപ്പും. സംഹാരത്തിന്റെ കൈകള്‍ക്കു എത്തിപ്പിടിക്കാനാവാത്ത ബൈറൂത്ത് ഇപ്പോഴും സുന്ദരിയാണ്’ ഉചിതമായ പരിഭാഷാ പ്രയോഗങ്ങളിലൂടെ ആങ് വിവരിച്ച, അനുഭവങ്ങള്‍ ഒന്നൊന്നായി വരച്ചിടുന്നു പുസ്തകം.

ഇസ്‌റാഈല്‍ ബോംബ് വര്‍ഷത്തില്‍ ഓരോ ആശുപത്രിയും തകര്‍ന്നിരിക്കുന്നു. മരുന്നും അത്യാവശ്യ വസ്തുക്കളും ഇല്ല. അതിനിടയിലാണ് പലതരത്തില്‍ മാരകമായി പരുക്കേറ്റ കൊച്ചുകുഞ്ഞുങ്ങളെയടക്കം വേദനകളില്‍ നിന്ന് പുറത്തേക്കു കൊണ്ടുവരേണ്ടത്. തകര്‍ച്ചയുടെ മധ്യത്തില്‍ നില്‍ക്കുമ്പോഴും പ്രതീക്ഷയുടെ അസ്തമിക്കാത്ത കിരണങ്ങള്‍ അവരുടെ മുഖത്ത് കാണുന്നത് വിവരിക്കുന്നു ആങ്. അതോടൊപ്പം മനുഷ്യത്വത്തിന്റെ സര്‍വസീമകളെയും അതിലംഘിച്ചു ഇസ്‌റാഈല്‍ നടത്തുന്ന നരനായാട്ടുകളെയും വിവരിക്കുന്നു, ഓരോ അധ്യായത്തിലും. എങ്ങനെയാണ് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അണയാത്ത അഗ്നി, കിരാതങ്ങള്‍ക്ക് മധ്യേ ജീവിക്കുന്ന ഫലസ്തീനിലെ കുട്ടികളില്‍ പോലും സജീവമാണ് എന്ന് വിവരിക്കുന്നു ഈസ എന്ന ബാലനെ ചികിത്സിച്ച അനുഭവത്തിലൂടെ. ഫലസ്തീനി ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ള കുട്ടിയാണ് ഈസ. ഇസ്‌റാഈലിന്റെ അധിനിവേശം അവന്റെ അമ്മയുടെ ജീവനെടുത്തു. കാലുകള്‍ തകര്‍ന്നു ജീവിതത്തോട് പൊരുതുമ്പോള്‍ ഉറക്കെ അവന്‍ പറയുന്നത് തന്റെ അമ്മയെ കൊന്നവരോട് പ്രതികാരം ചോദിക്കും എന്നാണ്. എന്നാല്‍, ഏഴ് വയസ്സുകാരനായ ഈസക്ക്, ഇനി നടക്കാന്‍ പോലും കഴിയുമോ എന്ന ആധിയോടെ ആങ് ഹോപിറ്റലില്‍ നിന്ന് ഉള്ളു വിറച്ചു നടക്കുകയാണ്. കുഞ്ഞുങ്ങളെപ്പോലും എന്ത് ഭീകരത ആരോപിച്ചാണ് ഇസ്‌റാഈല്‍ കൂട്ടക്കൊല ചെയ്യുന്നത് എന്ന് ആങ് ചോദിക്കുന്നു. ഒരു ഡയറിക്കുറിപ്പ് പോലെ ആങ് വിവരിക്കുകയാണ്, താന്‍ കണ്ട കാഴ്ചകള്‍ മുഴുവന്‍ വരികളില്‍. ഇസ്‌റാഈല്‍ അധിനിവേശത്തിന്റെ ഭീകരതയും ഒരു ജനത എന്ന നിലയില്‍ അവരെ പിന്തുണക്കുമ്പോള്‍ എങ്ങനെ ഇന്ത്യയടക്കം അപരാധികളാവുന്നു എന്നും ബോധ്യപ്പെടും ഈ പുസ്തകത്തിന്റെ വായന. പതിനഞ്ച് വര്‍ഷം മുമ്പാണ് ഈ പുസ്തകം ആദ്യമായി വായിച്ചത്. അന്ന്, ഹൃദയത്തെ ഞെരുക്കിക്കളഞ്ഞിരുന്നു. ഇപ്പോള്‍, വായിച്ചപ്പോഴും അതേ അനുഭവം. ഒരു പക്ഷേ മൂലകൃതിയുടെ എല്ലാ വികാരങ്ങളും പരിഭാഷ കൃതിയിലും അടങ്ങിയത് കൊണ്ടാവാം.

ഓരോ വായനക്കാരനും മറക്കാതെ വായിക്കേണ്ടതാണ് ഈ പുസ്തകം. നമ്മുടെ കാലത്തെ ഏറ്റവും വലിയ അക്രമങ്ങള്‍ അറിയാതെ പോവരുത്. ഇസ്‌റാഈലിനെതിരെയുള്ള എല്ലാ തരത്തിലുള്ള മുന്നേറ്റങ്ങളിലും മാനസികമായെങ്കിലും നമ്മുടെ പിന്തുണ ഉണ്ടാവാന്‍ തീര്‍ച്ചയായും ഇത് പ്രേരകമാവും. മാത്രവുമല്ല, ഇപ്പോഴും ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്ത കിരാതത്തെ സംബന്ധിച്ച അനുഭവങ്ങളും നോവലുകളും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബോധപൂര്‍വമായി വിറ്റഴിക്കപ്പെടുന്നു. അതുവഴി ജൂതരോടുള്ള അനുകമ്പ ശക്തമാക്കുന്നു. അങ്ങനെ ലഭിക്കുന്ന ദയാവായ്പിന്റെ ബലത്തില്‍, അവര്‍ അന്ന് ഹിറ്റ്‌ലര്‍ ചെയ്യാത്തതിന്റെ നൂറിരട്ടി വലിയ അനീതികള്‍ ഫലസ്തീനികളോട് ചെയ്യുന്നു. ഞെട്ടിച്ച ഒരു കാര്യമുണ്ട്. ഇംഗ്ലീഷില്‍ ഈ പുസ്തകത്തിന്റെ പേര് ‘ഫ്രം ബൈറൂത് ടു ജറുസലേം’ ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ ആദ്യം വന്നത് തോമസ് ഫ്രീഡ് മാന്‍ എഴുതിയ ഇതേ പേരിലുള്ള പുസ്തകമാണ്. ആങ് സാങിന്റെ ഈ പുസ്തകം വന്ന ശേഷം ഇതേപേരില്‍ മറ്റൊരു പുസ്തകം വരണമെങ്കില്‍, അതിനെ ഗൂഗിള്‍ പ്രൊജക്ട് ചെയ്യണമെങ്കില്‍, അതിനു പിന്നിലെ താത്പര്യങ്ങള്‍ വ്യക്തമാണല്ലോ. പലവിധത്തില്‍ മറച്ചുവെക്കപ്പെടാന്‍ ശ്രമിക്കുന്ന ഈ അക്ഷരങ്ങള്‍ അതിനാല്‍ തന്നെ വായിക്കുക എന്നത്, വായന നമ്മുടെ പ്രതിരോധത്തിന്റെ കൂടി അടയാളമാവുന്നതിന്റെ ഭാഗമാണ്.
310 പേജുള്ള പുസ്തകത്തിന് 280 രൂപയാണ് മുഖവില.
.