Connect with us

Gulf

മുടിക്ക് നിറം നല്‍കവേ യുവതിയുടെ തലക്ക് പൊള്ളലേറ്റു; സലൂണ്‍ ജീവനക്കാരിക്കെതിരെ കേസ്

Published

|

Last Updated

ഷാര്‍ജ: തലമുടി കളര്‍ ചെയ്യാന്‍ സലൂണിലെത്തിയ യുവതിയുടെ തലയില്‍ പൊള്ളലേറ്റതിന് സലൂണ്‍ ജീവനക്കാരിക്കെതിരെ കേസ്. അറബ് വംശജയായ യുവതിക്ക് തലമുടി കളര്‍ ചെയ്യുന്നതിനിടെ തലക്ക് പുറമെ കഴുത്ത്, ചെവി എന്നിവിടങ്ങളിലും പൊള്ളലേറ്റിരുന്നു.
കളര്‍ വരുത്തുന്നതിന് ഉപയോഗിക്കുന്ന വസ്തുവില്‍ നിന്നാണ് പൊള്ളലേറ്റതെന്ന് യുവതി കോടതിയില്‍ പരാതിപ്പെടുകയായിരുന്നു. രാസവസ്തു തലമുടിയില്‍ പുരട്ടിയതിനെ തുടര്‍ന്ന് വേദന അനുഭവപ്പെടുകയും വേദനയുള്ളയിടത്ത് പിന്നീട് പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചുവെന്നും യുവതി കോടതിയില്‍ പരാതിപ്പെട്ടു. കോടതിയുടെ മുന്നിലെത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലും യുവതിക്ക് സാരമായി പൊള്ളലേറ്റതായി സൂചിപ്പിക്കുന്നുണ്ട്. ഏഷ്യന്‍ വംശജയായ സലൂണ്‍ ജീവനക്കാരിയുടെ അശ്രദ്ധയാണ് പരാതിക്കാരിക്ക് പൊള്ളലേല്‍ക്കാന്‍ കാരണമെന്ന് കോടതി കണ്ടെത്തി.

യുവതിയുടെ ആവശ്യപ്രകാരമാണ് നിറം നല്‍കുന്ന വസ്തു തലമുടിയില്‍ പുരട്ടിയത്. ഇതേ വസ്തു ഉപയോഗിച്ച് തന്റെ മറ്റ് ഉപഭോക്താള്‍ക്കും മുടി കളര്‍ ചെയ്തിട്ടുണ്ട്. അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നില്ല. തന്റെ സലൂണ്‍ വിട്ട് യുവതി പുറത്തുപോകുമ്പോള്‍ ശാരീരികമായി അസ്വസ്ഥതകളൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും ഏഷ്യന്‍ ജീവനക്കാരി കോടതിയില്‍ ബോധിപ്പിച്ചു.
അതേസമയം, മുടിക്ക് നിറം നല്‍കാന്‍ ഉപയോഗിച്ച വസ്തുവില്‍ നിന്നാണ് പൊള്ളലേറ്റതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി ജഡ്ജി പ്രസ്താവിച്ചു. കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു.

Latest