അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍: ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ( 0-0)

Posted on: October 13, 2018 7:00 pm | Last updated: October 14, 2018 at 11:30 am

സുഹോ: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ. ആവേശപ്പോരാട്ടത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ആക്രമണത്തില്‍ ചൈനയാണ് മുന്നിട്ട് നിന്നതെങ്കിലും ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു, നായകന്‍ സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക എന്നിവരുടെ പ്രകടനവും നിര്‍ണായകമായി.

86ാം മിനുട്ടില്‍ ചൈന വലകുലുക്കിയെങ്കിലും റഫറി ഫൗള്‍വിസില്‍ മുഴക്കി. അവസാന നിമിഷം ജിങ്കന്റെ ഹെഡ്ഡര്‍ പോസ്റ്റിന്റെ മുകളിലൂടെ പുറത്തേക്ക് പോയത് ഇന്ത്യക്ക് തിരിച്ചടിയായി. ചൈനക്കെതിരെ 18 മത്സരങ്ങളില്‍ ഇന്ത്യയുടെ ആറാമത്തെ സമനിലയാണിത്.

ചരിത്രത്തില്‍ ആദ്യമായാണ് ചൈനയില്‍ ഇന്ത്യ ഫുട്‌ബോള്‍ കളിച്ചത്. 1997ലായിരുന്നു അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇരു ടീമുകളും ഇതുവരെ 18 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നില്‍ പോലും ഇന്ത്യ ജയിച്ചിട്ടില്ല. ആറു മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ 12 മത്സരങ്ങള്‍ ചൈന വിജയിച്ചു.