ഏഷ്യന്‍ പാരാലിമ്പിക്‌സ്: യു എ ഇ താരങ്ങള്‍ക്ക് ശൈഖ് മുഹമ്മദിന്റെ ആശീര്‍വാദം

Posted on: October 13, 2018 6:27 pm | Last updated: October 13, 2018 at 6:27 pm

ദുബൈ: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ പാരാലിമ്പിക്‌സില്‍ നേട്ടം കൈവരിച്ച യു എ ഇ താരങ്ങള്‍ക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആശീര്‍വാദം നേര്‍ന്നു. ട്വിറ്ററിലൂടെയാണ് മുഴുവന്‍ യു എ ഇ മത്സരാര്‍ഥികള്‍ക്കും ശൈഖ് മുഹമ്മദ് വിജയാശംസ നേര്‍ന്നത്.
44 കളിക്കാരും അത്‌ലറ്റിക്കുകളുമാണ് ഏഷ്യന്‍ പാരാലിമ്പിക്‌സില്‍ യു എ ഇയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. രണ്ട് സ്വര്‍ണം, ആറ് വെള്ളി, മൂന്ന് വെങ്കലം എന്നിവയാണ് ഇതുവരെ യു എ ഇയുടെ നേട്ടം.

അത്‌ലറ്റിക്‌സില്‍ ഇതുവരെ അഞ്ച് മെഡലുകളാണ് യു എ ഇ സ്വന്തമാക്കിയത്. പുരുഷന്‍മാരുടെ 800 മീറ്ററില്‍ മുഹമ്മദ് അല്‍ ഹമ്മാദി സ്വര്‍ണം നേടി. 100 മീറ്ററില്‍ വെള്ളിയും ഹമ്മാദി നേടി. പുരുഷന്മാരുടെ ഷോട്പുട്ടില്‍ മുഹമ്മദ് അല്‍ കഅബിയും വെള്ളി നേടി.
വനിതാ ജാവലിംഗ് ത്രോയില്‍ മറിയം അല്‍ മത്‌റൂശിയും ഷോട്പുട്ടില്‍ സാറ അല്‍ സിന്നാനിയും വെങ്കലം നേടി.
പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ അര്‍യാനി സ്വര്‍ണവും 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളിയും നേടി.
സൈക്ലിംഗ് ഇനത്തില്‍ റാശിദ് അല്‍ ദാഹിരി ഇരട്ട വെള്ളിമെഡല്‍ സ്വന്തമാക്കി.

ഭാരദ്വഹനത്തില്‍ പുരുഷന്മാരുടെ 97 കിലോ വിഭാഗത്തില്‍ മുഹമ്മദ് ഖലഫ് വെള്ളി മെഡല്‍ ജേതാവായി. വനിതകളുടെ 73 കിലോ വിഭാഗത്തില്‍ ഹൈഫ അല്‍ നഖ്ബി വെങ്കലവും നേടി.
കഴിഞ്ഞ മാസം നടന്ന ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് സ്വര്‍ണം, ആറ് വെള്ളി, അഞ്ച് വെങ്കലമടക്കം 14 മെഡലുകള്‍ യു എ ഇ നേടിയിരുന്നു.