കൊല്ലപ്പെട്ട ഹിസ്ബുല്‍ നേതാവിനായി പ്രാര്‍ഥനാ സംഗമം; അലിഗഢ് യൂനിവേഴ്‌സിറ്റിയിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

Posted on: October 13, 2018 11:07 am | Last updated: October 13, 2018 at 2:21 pm

ന്യൂഡല്‍ഹി: കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് മാനാന്‍ ബാഷിര്‍ വാനിക്കു വേണ്ടി ക്യാമ്പസില്‍ പ്രാര്‍ഥനാ സംഗമം നടത്തിയ സംഭവത്തില്‍ അലീഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. കശ്മീര്‍ സ്വദേശികളായ വസീം അയ്യൂബ് മാലിക്ക്, അബ്ദുല്‍ ഹസീബ് മിര്‍, പിന്നെ പേര് വെളിപ്പെടുതാത്ത മറ്റൊരു വിദ്യാര്‍ഥിക്കെതിരേയുമാണ് കേസെടുത്തത്.

പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ‘ആസാദി’ മുദ്രാവാക്യവും, തീവ്രവാദികളെ അനുകൂലിക്കുന്ന തരത്തിലുള്ള മുദ്രവാക്യങ്ങളും വിളിച്ചതായി പോലീസ് പറഞ്ഞു. കോളേജിലെ സിസിടിവി ദ!ൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വടക്കന്‍ കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മനാന്‍ ബാഷീര്‍ വാനി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ, ചില കശ്മീരി വിദ്യാര്‍ഥികള്‍ ക്യാമ്പസിലെ കെന്നഡി ഹാളിനടുത്ത് സംഗമിക്കുകയും ബാഷിര്‍ വാനിക്ക് വേണ്ടി പ്രാര്‍ഥന നടത്തുകയും ചെയ്തുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതോടെ മാനവിഭവ ശേഷി മന്ത്രാലയം സര്‍വകലാശാലയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
അതേസമയം, ക്യാമ്പസിനകത്ത് അത്തരത്തിലുള്ള ഒരു പരിപാടിയും നടന്നിട്ടില്ലെന്നാണ് അലീഗഢ് മുസ്‌ലിം സര്‍വകലാശാല പബ്ലിക്ക് റിലേഷന്‍ വിഭാഗം വ്യക്തമാക്കുന്നത്.