ചേസിന് സെഞ്ച്വറി; ഉമേഷിന് ആറ് വിക്കറ്റ്, വിന്‍ഡീസ് 311ന് പുറത്ത്

Posted on: October 13, 2018 10:47 am | Last updated: October 13, 2018 at 1:22 pm

ഹൈദരാബാദ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് 311 റണ്‍സിന് പുറത്ത്. വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ റൊസ്റ്റന്‍ ചേസ് സെഞ്ച്വറി നേടി. 189 പന്തുകളില്‍ 106 റണ്‍സായിരുന്നു ചേസിന്റെ സമ്പാദ്യം. ചേസിനെ ഉമേഷ് യാദവ് ബൗള്‍ഡാക്കുകയായിരുന്നു.

295/7 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് 16 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. റൊസ്റ്റണെ കൂടാതെ ദേവേന്ദ്ര ബിഷൂവും ഗബ്രിയേലും ഉമേഷ് യാദവിന് മുന്നില്‍ കീഴടങ്ങി. ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദവ് മൂന്നും അശ്വിന്‍ ഒരു വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 4.2 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 38 റണ്‍സെടുത്തിട്ടുണ്ട്.