Connect with us

Editorial

റാഫേല്‍: ഇനിയും ഉരുണ്ട് കളിക്കരുത്

Published

|

Last Updated

ഫ്രഞ്ച് മാധ്യമം മീഡിയാ പാര്‍ട്ടിന്റെ പുതിയ വെളിപ്പെടുത്തലോടെ, റാഫേല്‍ ഇടപാടില്‍ യു പി എ സര്‍ക്കാറിന്റെ കരാര്‍ പൊളിച്ചെഴുതി മോദി സര്‍ക്കാര്‍ പുതിയ കരാറുണ്ടാക്കിയത് അനില്‍ അംബാനിയുടെ റിലയന്‍സിന് വേണ്ടിയാണെന്ന കാര്യം ഇനിയും നിഷേധിക്കാനാകാത്ത വിധം തെളിഞ്ഞിരിക്കയാണ്. വിമാന നിര്‍മാണത്തില്‍ റാഫേല്‍ നിര്‍മാതാക്കളായ ദസോള്‍ട്ട് ഏവിയേഷന്‍ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ അംഗീകരിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധിത വ്യവസ്ഥ വെച്ചിരുന്നതായി ദസോള്‍ട്ടിന്റെ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ലോയിക് സെഗലന്‍ കമ്പനി യോഗത്തില്‍ വിശദീകരിച്ചതായാണ് മീഡിയാ പാര്‍ട്ട് വെളിപ്പെടുത്തിയത്. ചീഫ് ഓപറേറ്റിംഗ് ഓഫീസറുടെ വിശദീകരണം രേഖപ്പെടുത്തിയ യോഗത്തിന്റ മിനുട്‌സ് തെളിവായി ഉദ്ധരിച്ചാണ് മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ കരാര്‍ നേടാന്‍ റിലയന്‍സിനെ പാര്‍ട്ട്ണറാക്കുകയല്ലാതെ നിര്‍വാഹമില്ലാതെ വന്നപ്പോഴാണ് ഫ്രഞ്ച് കമ്പനി അതിന് തയ്യാറായതെന്നാണ് ഇത് കാണിക്കുന്നത്.

ബുധനാഴ്ച പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഫ്രാന്‍സ് സന്ദര്‍ശനത്തിന് പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് മീഡിയാ പാര്‍ട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ സര്‍ക്കാറിനെ ഇത് കടുത്ത പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ ഒരു വിശദീകരണക്കുറിപ്പുമായി വ്യാഴാഴ്ച ദസോള്‍ട്ട് ഏവിയേഷന്‍ രംഗത്തുവന്നിരുന്നു. “റിലയന്‍സിനെ പങ്കാളികളാക്കുന്നതിന് തങ്ങള്‍ക്ക് ആരുടെയും സമ്മര്‍ദമുണ്ടായിരുന്നില്ല. കമ്പനി സ്വന്തം നിലയിലാണ് റിലയന്‍സിനെ തിരഞ്ഞെടുത്തതെ”ന്നായിരുന്നു വിശദീകരണം. എന്നാല്‍ കമ്പനിയുടെ വിശദീകരണത്തിനു ശേഷവും മീഡിയാ പാര്‍ട്ട് തങ്ങളുടെ നിലപാട് ആവര്‍ത്തിക്കുകയും വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെ കമ്പനിക്ക് പിന്നീട് മിണ്ടാട്ടമില്ലാതായി. മീഡിയാ പാര്‍ട്ട് തെളിവായി ഉദ്ധരിച്ച യോഗത്തിന്റെ മിനുട്‌സ് കമ്പനി ഇതുവരെ നിഷേധിച്ചിട്ടുമില്ല. റിലയന്‍സിനെ കരാറില്‍ പങ്കാളിയാക്കിയത് ഇന്ത്യന്‍ സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണെന്ന് നേരത്തെ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളന്‍ഡെയും വെളിപ്പെടുത്തിയതാണ്. അനില്‍ അംബാനിയെ പങ്കാളിയാക്കിയതില്‍ ദസോള്‍ട്ട് കമ്പനിക്ക് പങ്കില്ലെന്നും സമ്മര്‍ദത്തെ അതിജീവിച്ച് മറ്റൊരു പങ്കാളിയെ തിരഞ്ഞെടുക്കാന്‍ കമ്പനിക്ക് സാധിക്കുമായിരുന്നില്ലെന്നും ഒരു ഫ്രഞ്ച് പ്രസിദ്ധീകരണവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.

അതിനിടെ റാഫേല്‍ യുദ്ധവിമാനക്കരാര്‍ ഒപ്പിടുന്നതിനോട് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായുള്ള വിവരവും പറത്തുവന്നു. കരാറിനെക്കുറിച്ചുള്ള കൂടിയാലോചനകള്‍ക്കുവേണ്ടി രൂപവത്കരിച്ച കമ്മിറ്റിയില്‍ അംഗമായിരുന്ന ജോയിന്റ് സെക്രട്ടറി ആന്റ് അക്വിസിഷന്‍ മാനേജര്‍ വിയോജനക്കുറിപ്പ് നല്‍കിയതായി പ്രതിരോധ മേഖലയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. അക്വിസിഷന്‍ മാനേജറുടെ വിയോജന കുറിപ്പ് കരാറിന് ക്യാബിനറ്റ് അംഗീകാരം ലഭിക്കുന്നതില്‍ താമസം സൃഷ്ടിച്ചപ്പോള്‍, അദ്ദേഹത്തിന്റെ അഭിപ്രായത്തെ ഖണ്ഡിച്ച് ഡയറക്ടര്‍ ജനറല്‍(അക്വിസിഷന്‍) രംഗത്തു വന്നാണ് കരാറിന് ക്യാബിനറ്റ് അംഗീകാരം ലഭ്യമാക്കാന്‍ അവസരം ഒരുക്കിയതെന്നും പത്രം വെളിപ്പെടുത്തുന്നു.

വഴിവിട്ട കളികളാണ് റിലയന്‍സിന് വേണ്ടി സര്‍ക്കാറും ഉദ്യോഗസ്ഥ വൃന്ദവും നടത്തിയതെന്നാണ് ഈ വെളിപ്പെടുത്തലുകളില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിനെയായിരുന്നു യു പി എ സര്‍ക്കാര്‍ കരാറിലെ പങ്കാളികളായി നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ച് കരാറിനോടൊപ്പം വരുന്ന 30,000 കോടിയോളം രൂപയുടെ ഓഫ്‌സെറ്റ് കരാറുകളും ഒരു ലക്ഷം കോടി രൂപയുടെ ലൈഫ് സൈക്കിള്‍ കോസ്റ്റ് കരാറും എച്ച് എ എല്ലിന് കിട്ടേണ്ടതായിരുന്നു. രാജ്യത്തിന് വലിയൊരു മുതല്‍ക്കൂട്ടാകുമായിരുന്ന ഈ പ്രവര്‍ത്തനങ്ങളെല്ലാം പ്രതിരോധ സാമഗ്രികളുടെ നിര്‍മാണത്തില്‍ ഒട്ടും മുന്‍പരിചയമില്ലാത്ത റിലയന്‍സ് എയ്‌റോസ്‌പേസിന് ലഭ്യമാക്കിയതിലൂടെ രാജ്യത്തിനും സര്‍ക്കാര്‍ ഖജനാവിനും കനത്ത നഷ്ടമാണ് സംഭവിച്ചത്. ദസോള്‍ട്ടും റിലയന്‍സും സംയുക്തമായി നടത്തുന്ന എയ്‌റോസ്‌പേസ് കമ്പനിയുടെ 51 ശതമാനം ഓഹരികളും കരാര്‍ പ്രകാരം റിലയന്‍സിനാണ്.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതും മറ്റു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുന്നതാണ് കരാറില്‍ നടത്തിയ അട്ടിമറി. നിലവില്‍ ഇന്ത്യക്ക് പത്തോളം ഇനം യുദ്ധവിമാനങ്ങളുണ്ട്. പലതരം വിമാനങ്ങളാകുമ്പോള്‍ കൈകാര്യം ചെയ്യല്‍ ബുദ്ധിമുട്ടായതിനാല്‍ യുദ്ധവിമാനങ്ങളെ ക്രമേണ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് 126 റാഫേല്‍ വിമാനങ്ങള്‍ ഒന്നിച്ചു വാങ്ങാന്‍ യു പി എ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ 18 എണ്ണം മാത്രമാണ് ദസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് നേരിട്ടു വാങ്ങുക. ബാക്കി 108 എണ്ണം ഫ്രഞ്ച് കമ്പനി ഇന്ത്യക്ക് കൈമാറുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇവിടെ നിര്‍മിക്കാനായിരുന്നു ധാരണ. മോദി സര്‍ക്കാര്‍ കരാര്‍ മാറ്റിയപ്പോള്‍ വിമാനങ്ങള്‍ 36 ആയി ചുരുങ്ങിയെന്ന് മാത്രമല്ല വില കുത്തനെ ഉയരുകയും ചെയ്തു. നിര്‍മാണസാങ്കേതിക വിദ്യ ഇന്ത്യക്കു ലഭിക്കുകയുമില്ല. ആദ്യത്തെ കരാറിലുണ്ടായിരുന്ന ഇന്ത്യയുടെ മേല്‍ക്കൈ രണ്ടാമത്തെ കരാറില്‍ നഷ്ടപ്പെട്ടു. പുതിയ പ്രയോജനം രാജ്യത്തിനല്ല, അനില്‍ അംബാനിക്ക് മാത്രം. രാജ്യത്ത് മുമ്പും പല അഴിമതികളും നടന്നിട്ടുണ്ടെങ്കിലും ഇത്രയും പച്ചയായ ഒരു അഴിമതി വേറെ ചൂണ്ടിക്കാട്ടാനുണ്ടാവില്ല. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളന്‍ഡെയുടെയും മീഡിയാ പാര്‍ട്ടിന്റെ വെളിപ്പെടുത്തലോടെ കരാറിനെ ന്യായീകരിക്കാന്‍ സര്‍ക്കാറിന് ഒരു വഴിയുമില്ലാതായിരിക്കയാണ്. ഇനിയും ഉരുണ്ട് കളിക്കാതെ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് സമഗ്രമായ ഒരു അന്വേഷണത്തിന് ഉത്തരവിടുകയോ കരാര്‍ റദ്ദാക്കുകയോ ചെയ്യേണ്ടതാണ്.

Latest