ജിദ്ദ ജയിലില്‍ ഫാക്ടറി സ്ഥാപിക്കും; തടവുകാരുടെ ഉത്പന്നങ്ങള്‍ വിപണിയിലിറക്കും

Posted on: October 12, 2018 8:59 pm | Last updated: October 12, 2018 at 8:59 pm

ജിദ്ദ: സഊദിയിലെ തടവുകാരുടെ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുമെന്നും ഇതിനായി ജിദ്ദ ജയിലില്‍ ഫാക്ടറി സ്ഥാപിക്കുമെന്നും മക്ക പ്രവിശ്യാ ജയില്‍ വിഭാഗം മേജര്‍ മേധാവി മാജിദ് ബന്ദര്‍ അല്‍ദുവൈശ് അറിയിച്ചു. ജിദ്ദയിലെ ബറൈമാന്‍ ജയിലില്‍ ഫാക്ടറി സ്ഥാപിക്കുന്നതിനു ജുംജൂം മെഡിക്കല്‍ കമ്പനിയുമായി ധാരണയിലെത്തി. മെഡിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനു 100 തടവുകാര്‍ക്ക് പരിശീലനവും പിന്നീട് തൊഴിലും നല്‍കും.

ജോലി ചെയുന്ന മുറക്ക് ശമ്പളവും ലഭിക്കും. ഒരു വര്‍ഷത്തില്‍ കുറവ് ശിക്ഷിക്കപെട്ടവര്‍ക്കാണ് പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന്് ജയില്‍ മേധാവി അറിയിച്ചു. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാല്‍ ജോലി ലഭിക്കുന്നതിനായി പരിശീലന സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് മേജര്‍ അല്‍ദുവൈശ് വ്യക്തമാക്കി.