Connect with us

National

രാവിലെ ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ രാത്രി കോണ്‍ഗ്രസില്‍ തിരിച്ചെത്തി

Published

|

Last Updated

ഹൈദരാബാദ്: തെലങ്കാനയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം പാര്‍ട്ടിവിട്ട് തിരികെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവ് സി ദാമോദര്‍ രാജനരസിംഹയുടെ ഭാര്യയും സാമൂഹികപ്രവര്‍ത്തകയുമായ പദ്മിനി റെഡ്ഡിയാണ് പത്ത് മണിക്കൂര്‍ ബിജെപിയില്‍ ചേര്‍ന്ന ശേഷം തിരികെ കോണ്‍ഗ്രസിലെത്തിയത്.

വ്യാഴാഴ്ച രാവിലെ പദ്മിനി സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ ലക്ഷ്മണന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു. വൈകീട്ട് താന്‍ എടുത്ത തീരുമാനത്തില്‍ നിന്ന് പദ്മിനി പിന്മാറുകയും രാത്രി ഒമ്പത് മണിയോടെ തിരികെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് വരികയുമായിരുന്നു. പാര്‍ട്ടി വിട്ടതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ വികാരഭരിതരായാണ് പ്രതികരിക്കുന്നതെന്നും അതിനാലാണ് താന്‍ തിരികെ പാര്‍ട്ടിയിലേക്ക് വന്നതെന്നും പദ്മിനി പറഞ്ഞു. പദ്മിനി സ്വന്തം താത്പര്യപ്രകാരം പാര്‍ട്ടിയില്‍ ചേരുകയും പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതായി അറിയിച്ചുവെന്നും അവരുടെ തീരുമാനം അംഗീകരിക്കുന്നതായും ബിജെപി വക്താവ് കൃഷ്ണ സാഗര്‍ റാവു വ്യക്തമാക്കി.

രാഷ്ട്രീയത്തില്‍ വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഭാര്യയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് രാജനരസിംഹയുടെ പ്രതികരണം. അവിഭക്ത ആന്ധ്രാപ്രദേശിലെ കിരണ്‍കുമാര്‍ റെഡ്ഡി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു രാജനരസിംഹ. നിലവില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കമ്മിറ്റി ചെയര്‍മാനാണ്. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ നിയമസഭ തിരഞ്ഞെടുപ്പ്.

Latest