നജ്മല്‍ ബാബു ചോദിക്കുന്നു

കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ നിരന്തരം കടന്നുവന്ന ഒരാളായിരുന്നു നജ്മല്‍ ബാബു. സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗത്ത് നിറയെ സൗഹൃദങ്ങളുള്ള ഏറ്റവും പ്രമുഖരില്‍ ഒരാള്‍. പക്ഷേ, ആ സൗഹൃദങ്ങളെല്ലാം അടിസ്ഥാനപരമായ ഒരു അഭിലാഷത്തിന്റെ നിര്‍വഹണത്തിലേക്ക് എത്തിയപ്പോള്‍ നിശബ്ദമാവുകയോ, തിരിഞ്ഞുകുത്തുകയോ ചെയ്തു. നജ്മല്‍ ബാബു എന്ന മുസ്‌ലിം സ്വത്വത്തെയോ അതിനും മുമ്പേ ആഗ്രഹിച്ച മുസ്‌ലിംകളോട് ശാരീരികമായും രാഷ്ട്രീയമായും ചേര്‍ന്ന് നില്‍ക്കാനുള്ള ധീരമായ തീരുമാനത്തെയോ മനസ്സുകൊണ്ട് അംഗീകരിച്ചവരായിരുന്നില്ല അടുത്ത സുഹൃത്തുക്കള്‍ എന്ന് പറയപ്പെടുന്ന സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പലരുമെന്ന്, അത്യധികം സങ്കടകരമായ ആ സംഭവത്തിനു ശേഷമുള്ള മൗനങ്ങളില്‍ നിന്ന് വ്യക്തമാണ്.
Posted on: October 11, 2018 9:00 am | Last updated: October 10, 2018 at 9:55 pm

നജ്മല്‍ ബാബു പോയിട്ട് ഒരാഴ്ചകഴിഞ്ഞിരിക്കുന്നു. ഇപ്പോഴും നിലക്കാത്ത ഒരു തേങ്ങല്‍ മനസ്സില്‍ അവശേഷിപ്പിക്കുന്നു. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ നിരന്തരം കടന്നുവന്ന ഒരാളായിരുന്നു അദ്ദേഹം. നിറയെ സൗഹൃദങ്ങളുള്ള അതും കേരളത്തിലെ സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗത്തെ ഏറ്റവും പ്രമുഖരില്‍ ഒരാള്‍. പക്ഷേ, ആ സൗഹൃദങ്ങളെല്ലാം അടിസ്ഥാനപരമായ ഒരു അഭിലാഷത്തിന്റെ നിര്‍വഹണത്തിലേക്ക് എത്തിയപ്പോള്‍ നിശബ്ദമാവുകയോ, തിരിഞ്ഞുകുത്തുകയോ ചെയ്തു. അനന്തരം, റൂഹ് വിട്ടുപിരിഞ്ഞ ആ ശരീരം ചേരമാന്‍ പള്ളിയിലേക്ക് അണയാനാവാതെ കത്തിയെരിക്കപ്പെട്ടു.

കൊലക്കയറിലേക്ക് കൊണ്ടുപോകുന്ന വലിയ കുറ്റവാളികളോട് പോലും ചോദിക്കാറുണ്ട് അന്ത്യാഭിലാഷം. അത് നിറവേറ്റിക്കൊടുക്കാനും ശ്രമിക്കാറുണ്ട്. പ്രാഥമികമായ നൈതികതയാണത്. നോക്കൂ, ജീവിതത്തിലെ അവസാനത്തെ അഞ്ച് വര്‍ഷം നജ്മല്‍ ബാബു പലപ്പോഴായി പങ്കുവെച്ചതാണ് ചേരമാന്‍ പള്ളിയിലെ ഖബര്‍സ്ഥാനിയില്‍ തന്നെ അടക്കം ചെയ്യണം എന്ന ആഗ്രഹം, രേഖാപരമായും വാചികമായും. മുസ്‌ലിമായിരുന്ന സൈമണ്‍ മാഷെ, സ്വന്തം ആഗ്രഹത്തിന് വിരുദ്ധമായി കുടുംബം അവരുടെ താത്പര്യപ്രകാരം അന്ത്യകര്‍മം നടത്തിയപ്പോള്‍ നജ്മല്‍ ബാബു ആശങ്കയോടെ ഫേബുക്കില്‍ കുറിപ്പിട്ടു, തനിക്കും ഈ ഗതി വരരുതെന്ന്. അതേ അവസ്ഥ, അതിനേക്കാള്‍ ഭീകരമായും മാരകമായും നടപ്പിലാക്കപ്പെട്ടു, എന്നും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ഉശിരോടെ പൊരുതിയ അദ്ദേഹത്തിന്റെ ജീവനറ്റ ശരീരത്തിന് മീതെ.

ചേരമാന്‍ പള്ളിയിലെ ഇമാമിനെഴുതിയ കത്തില്‍ അവസാനം അദ്ദേഹം കുറിക്കുന്നുണ്ട്; പിന്നില്‍ ആരവങ്ങളൊന്നുമില്ലാത്ത ഒരു ദുര്‍ബലന്റെ പിടച്ചിലില്‍ എന്റെ കൂടെ നില്‍ക്കണമെന്ന്. കൂടെയുള്ള ആരവങ്ങളില്‍ പലതും മൗലികമായ തന്റെ മോഹം നിറവേറ്റേണ്ട ഘട്ടം വരുമ്പോള്‍ നിശബ്ദമാകും എന്ന തീര്‍ച്ചയില്‍ നിന്ന് തന്നെയാവണം ആ കുറിപ്പ് വന്നത്. 2015ല്‍ നജ്മല്‍ ബാബു എന്ന പേര് സ്വീകരിച്ച് മുസ്‌ലിമായ ശേഷം അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്,’ നേരത്തെ രാഷ്ട്രീയമായി എന്റെ ദേഹം മാത്രമാണ് ഇസ്‌ലാമിലേക്ക് വന്നിരുന്നത്; എന്നാല്‍ ഇപ്പോള്‍ എന്റെ ആത്മാവ് കൂടി വന്നിരിക്കുന്നു.’ സ്വയം അടയാളപ്പെടുത്തുന്ന ഈ സാക്ഷ്യത്തിലുണ്ട് നജ്മല്‍ ബാബു ജീവിതാവസാന കാലത്ത് എത്ര ആലോചിച്ചും, മനസ്സറിഞ്ഞും എടുത്ത തീരുമാനമായിരുന്നു അതെന്ന്.

അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പോലീസ് മര്‍ദനവും ദീര്‍ഘമായ തടവും ഏല്‍പ്പിച്ച ആഘാതമുള്ള, പലപ്പോഴും രോഗപീഡകളാല്‍ ബുദ്ധിമുട്ടിയ ശരീരവും കൊണ്ടായിരുന്നു നജ്മല്‍ ബാബു സാംസ്‌കാരിക പ്രവര്‍ത്തനം നടത്തിയത്. എവിടെയൊക്കെ ദുര്‍ബലര്‍ അനീതി നേരിടുന്നുവോ, ഹിംസകളുടെ ആധിക്യം പതിതര്‍ക്ക് മേലെ പ്രയോഗിക്കപ്പെടുന്നുവോ അവിടെയെല്ലാം ഊര്‍ജസ്വലതയോടെ പിന്തുണയുമായെത്തി അദ്ദേഹം. വിശേഷിച്ചും മധ്യകേരളത്തിന്റെ പരിസരങ്ങളില്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ അദ്ദേഹത്തെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുമ്പോള്‍ തോന്നിയിരുന്നു, എന്തിനാണ് ഈ മനുഷ്യന്‍ ഇത്രയധികം പ്രതികരണങ്ങള്‍ പത്രങ്ങളിലേക്ക് അയക്കുന്നത് എന്ന്. വ്യവസ്ഥകളുടെ ദുഷിപ്പുകളോട് അക്ഷരങ്ങള്‍ കൊണ്ടെങ്കിലും പൊരുതാനായെങ്കില്‍ അതായല്ലോ എന്ന കൊച്ചു സംതൃപ്തിക്കു വേണ്ടിയാവണം അത്.

നജ്മല്‍ ബാബു മരണപ്പെട്ടപ്പോള്‍ നടന്ന കാര്യങ്ങള്‍ കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ നിഷേധമായിരുന്നു. കുടുംബമെന്നും യുക്തിവാദികള്‍ എന്നും പറയുന്നവര്‍ ആ ദേഹം എടുത്ത്, അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തെ ഒരര്‍ഥത്തിലും നിറവേറ്റാന്‍ സമ്മതിക്കാതെ കൊണ്ടുപോയി കത്തിച്ചു കളഞ്ഞു. ജീവിതം മുഴുവന്‍ അവകാശങ്ങള്‍ക്കായി പൊരുതിയ ഒരാള്‍ക്ക് വിരല്‍ത്തുമ്പ് പോലും അനക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യത്തിന്റെ മധ്യേ ഇസ്‌ലാം വിരോധവും, ഒരു പ്രസംഗത്തില്‍ നജ്മല്‍ ബാബു പ്രയോഗിച്ച ‘യുക്തിവാദം സവര്‍ണ ഫാസിസത്തിന്റെ മറ്റൊരു പതിപ്പാണ്’ എന്നതിനെ അന്വര്‍ഥമാക്കുന്ന ഫാസിസ്റ്റ് രീതിശാസ്ത്രവും അവലംബിച്ചു അവര്‍.

എന്തുതരം യുക്തിവാദമാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്? ആഗോളതലത്തില്‍ യുക്തിവാദികളുടെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന റിച്ചാഡ് ഡോക്കിന്‍സ് പലപ്പോഴും ഇസ്‌ലാം വിരുദ്ധത പ്രത്യക്ഷത്തില്‍ തന്നെ പ്രകടിപ്പിക്കുന്ന ആളാണ്. യുക്തിവാദവും ലിബറലിസവും സ്വയം അണിഞ്ഞു നടക്കുമ്പോള്‍ പലരും ഉള്ളില്‍ അണിഞ്ഞ കുപ്പായം ഇസ്‌ലാം വിരോധത്തിന്റെതാണ്. അത്തരം ഉപരിപ്ലവവും, അനര്‍ഥകരവും, വ്യാജവുമായ ലിബറല്‍ പരിവേഷത്തിന്റെ അസ്വസ്ഥകളില്‍ നിന്ന് മോചനം തേടിത്തന്നെയാണ് നജ്മല്‍ ബാബു ടി എന്‍ ജോയിയില്‍ നിന്ന് മുക്തി നേടി ഇസ്‌ലാമിലേക്ക് വന്നത്. ചേരമാന്‍ പള്ളിയുടെ ഓരത്തെ ശാന്തതയില്‍ മണ്ണടയാന്‍ മോഹിച്ചത്.

കുടുംബത്തിന്റെ ധാര്‍ഷ്ട്യം മാത്രമായിരുന്നു നജ്മല്‍ ബാബുവിന്റെ അഭിലാഷത്തെ ഹനിച്ചു കളഞ്ഞത് എന്ന് വിചാരിച്ചാല്‍ പോലും, അദ്ദേഹത്തിന്റെ നജ്മല്‍ ബാബു എന്ന മുസ്‌ലിം സ്വത്വത്തെയോ അതിനും മുമ്പേ ആഗ്രഹിച്ച മുസ്‌ലിംകളോട് ശാരീരികമായും രാഷ്ട്രീയമായും ചേര്‍ന്ന് നില്‍ക്കാനുള്ള ധീരമായ തീരുമാനത്തെയോ മനസ്സുകൊണ്ട് അംഗീകരിച്ചവരായിരുന്നില്ല അടുത്ത സുഹൃത്തുക്കള്‍ എന്ന് പറയപ്പെടുന്ന സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക മേഖലയിലെ പലരുമെന്ന്, അത്യധികം സങ്കടകരമായ ആ സംഭവത്തിനു ശേഷമുള്ള മൗനങ്ങളില്‍ നിന്ന് വ്യക്തമാണ്. മാത്രവുമല്ല, നജ്മല്‍ ബാബു എന്ന പേരിനെ തന്നെ എങ്ങനെയെങ്കിലും മായ്ച്ചുകളഞ്ഞു പഴയ ലിബറല്‍ സ്വത്വമുള്ള ടി എന്‍ ജോയിയെ ത്തന്നെ പുനഃപ്രതിഷ്ഠിക്കാന്‍ പറ്റുമോ എന്നതിനുമുള്ള അധ്വാനത്തിലാണ് അവരെന്ന് തോന്നുന്നു.

കൊടുങ്ങല്ലൂരില്‍ ഒരു വര്‍ഷം മുമ്പ് നടന്ന ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ നജ്മല്‍ ബാബു, തന്നെ നജ്മല്‍ ബാബു എന്ന പേരില്‍ തന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചവരെ അഭിനന്ദിച്ചു കൊണ്ടാണ് തുടങ്ങിയത്; എന്നെ നജ്മല്‍ ബാബു എന്ന് സംബോധന ചെയ്ത രാഷ്ട്രീയത്തെ താന്‍ ബഹുമാനിക്കുന്നു എന്നു പറഞ്ഞുകൊണ്ട്. എന്നാല്‍, അടുത്ത ദിവസം നേരത്തെ പറഞ്ഞ ലിബറലുകളും സംഘവുമെല്ലാം ‘ജോയോര്‍മ പെരുന്നാള്‍’ എന്ന പേരില്‍ അനുസ്മരണം സംഘടിപ്പിക്കുന്നു എന്നത് എത്രമാത്രം വന്യമായ നിന്ദ്യതയും അനാദരവുമാണ്.

നിറയെ സുഹൃത്തുക്കളുള്ള, മനുഷ്യാവകാശത്തിന്റെ സംരക്ഷണം പറയുന്നവര്‍ തോളില്‍ കയ്യിട്ടു നടന്നിരുന്ന നജ്മല്‍ ബാബുവിന് ഇതാണ് സംഭവിച്ചത് എങ്കില്‍, സമാനമായ ഏതൊരാള്‍ക്കും എന്നല്ല ആര്‍ക്കും സംഭവിക്കാവുന്ന കാര്യങ്ങളാണ് ഇതൊക്കെ. കമല്‍ സി നജ്മലിനെ പോലുള്ളവര്‍ ആധിയോടെ സൂക്ഷിക്കേണ്ടതും അതാണ്. വിശ്വാസികള്‍ എന്ന നിലയില്‍ മത സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം യുക്തിവാദി ഫാസിസ്റ്റുകളെ തിരിച്ചറിയേണ്ടതുമുണ്ട് നാം.

പ്രിയപ്പെട്ട നജ്മല്‍ ബാബു, റൂഹ് പറന്നുപോയ അങ്ങയുടെ ജഡത്തെ മാത്രമാണ് അവര്‍ക്ക് ആക്രമിക്കാന്‍ പറ്റിയത്. എന്നാല്‍, ശോഭിച്ചു നില്‍ക്കുന്ന ഒന്നാണ് മരണാനന്തരം റൂഹ് എന്നത് അവര്‍ക്ക് അറിയാനേ കഴിയില്ലല്ലോ.