ബെംഗളൂരു സ്‌ഫോടനക്കേസ് പ്രതി സലീം കണ്ണൂരില്‍ പിടിയില്‍

Posted on: October 10, 2018 10:38 pm | Last updated: October 11, 2018 at 10:01 am

കണ്ണൂര്‍: ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി സി സലീം പിടിയില്‍. കണ്ണൂര്‍ പിണറായിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തടിയന്റവിട നസീറിന്റെ പ്രധാന കൂട്ടാളിയാണ് പിടിയിലായ സലീം.

കേസില്‍ 21ാം പ്രതിയായ ഇയാള്‍ പത്ത് വര്‍ഷമായി ഒളിവിലായിരുന്നു. കണ്ണൂരില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ നടത്തുകയും പിടികൂടുകയുമായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിന് ശേഷം ബെംഗളൂരു പോലീസിന് കൈമാറും. കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. പെരുമ്പാവൂരില്‍ ഒരു വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലും സലീം പ്രതിയാണ്.

2008 ജൂലൈയിലാണ് ബെംഗളൂരുവിലെ പലയിടങ്ങളിലായി സ്‌ഫോടനം നടന്നത്. 18 പൂച്ചട്ടികളില്‍ ബോംബ് നിര്‍മിച്ച ശേഷം ബെംഗളൂരുവില്‍ കൊണ്ട് വന്ന് വിവിധ കേന്ദ്രങ്ങളില്‍ ഒരേ സമയം സ്‌ഫോടനമുണ്ടാക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒട്ടേറേ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.