20 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദമ്പതികള്‍ അറസ്റ്റില്‍

Posted on: October 10, 2018 11:16 am | Last updated: October 10, 2018 at 4:17 pm

മെക്‌സിക്കോ സിറ്റി: 20 സ്ത്രീകളെ ബാലാത്സംഗം ചെയ്തതിന് ശേഷം ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത ദമ്പതികളെ മെക്‌സിക്കോ പോലീസ് അറസ്റ്റ് ചെയ്തു. ബേബി കാര്യേജില്‍ മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇവര്‍ പിടിയിലായത്. 20 പേരെ കൊലപ്പെടുത്തിയതായി ഇവര്‍ പോലീസിനോട് സമ്മതിച്ചു. ജുവാന്‍ കാര്‍ലോസ് എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. 20 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും ഇവരുടെ മൃതദേഹങ്ങളിലെ ഭാഗങ്ങള്‍ വില്‍ക്കാറുണ്ടെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.

ഇദ്ദേഹത്തിന്റെ ഭാര്യ പാട്രീഷ്യയെ കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പത്ത് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന സംശയത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ കൊലപാതക വിവരം പുറത്തുവന്നത്. കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങള്‍ ഇവര്‍ പോലീസിന് കൈമാറി.

എന്നാല്‍ ഇവരുടെ വെളിപ്പെടുത്തല്‍ ശരിയാണോ എന്നകാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ചെറിയ കുഞ്ഞുള്‍പ്പെടെ ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് മൃതശരീരങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തി.