ഒരു മാസത്തിന് ശേഷം വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി

Posted on: October 10, 2018 3:13 pm | Last updated: October 10, 2018 at 3:14 pm

മഞ്ചേരി: വീട്ടമ്മയുടെ ഒരു മാസം പഴകിയ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തി. മലപ്പുറം പുല്ലാര മുതിരിപ്പറമ്പ ഖബറിസ്ഥാനില്‍ മറവുചെയ്ത മൃതദേഹമാണ് ഇന്ന് രാവിലെ എട്ടിന് പുറത്തെടുത്തത്. മഞ്ചേരി പട്ടര്‍കുളം പരേതനായ പുത്തലത് കുഞ്ഞി മൊയ്തീന്റെ മകള്‍ ആയിഷ യുടെ മയ്യിത്താണ് പുറത്തെടുത്തത്. പെരിന്തല്‍മണ്ണ ആര്‍ ഡി ഒ യുടെ നിര്‍ദ്ദേശപ്രകാരം ഏറനാട് തഹസില്‍ദാര്‍ പി സുരേഷ്, മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ എന്‍ ബി ഷൈജു, എസ് ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത് മഞ്ചേരി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്‍ ബന്ധുക്കള്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13നാണു ആയിഷ ഭര്‍തൃ വീട്ടില്‍ മരണപ്പെട്ടത്. രാവിലെ വീട്ടിനകത്തു അബോധാവസ്റ്റയില്‍ കിടക്കുന്നത് കണ്ട ഭാര്യയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതായി ഭര്‍ത്താവു പുല്ലാര മുതിരിപ്പറമ്പ് പെരപ്പുറത്തു ഉസ്മാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആയിഷയുടെ മരണത്തില്‍ അന്ന് ആരും സംശയങ്ങളൊന്നും പറഞ്ഞിരുന്നില്ല. ബന്ധുക്കളുടെയും നാട്ടുകാരുടെയും പഞ്ചായത്ത് മെമ്പറുടെയും മൊഴിയിലും അന്ന് ദുരൂഹത ഉണ്ടായിരുന്നില്ലെന്ന് എസ് ഐ ജലീല്‍ പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞതോടെ ആയിഷയുടെ മരണത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നുവന്നു. ജനലില്‍ തൂങ്ങി മരിച്ചതാണ് എന്ന് അയല്‍ക്കാരും കുക്കര്‍ പൊട്ടിത്തെറിച്ചതാണ് മരണകാരണമെന്ന് മറ്റു ചിലരും പറയാന്‍ തുടങ്ങി. ഇതോടെ ബന്ധുവായ അഭിഭാഷകന്റെ സഹായത്തോടെ ആയിഷയുടെ സഹോദരന്‍ മരണകാരണം വ്യക്തമാകണമെന്നാവശ്യപ്പെട്ടു മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് സിറാജ്‌ലൈവിനോട് പറഞ്ഞു.