ഡല്‍ഹിയില്‍ മാതാപിതാക്കളും മകളും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; മകനെ പരുക്കുകളോടെ കണ്ടെത്തി

Posted on: October 10, 2018 1:41 pm | Last updated: October 10, 2018 at 6:14 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വസന്ത്കുഞ്ചില്‍ മാതാപിതാക്കളേയും മകളേയും മരിച്ച നിലയിലും മകനെ പരുക്കേറ്റ നിലയിലും കണ്ടെത്തി. യുപി സ്വദേശിയായ മിഥിലേഷ്(41) ഇദ്ദേഹത്തിന്റെ ഭാര്യ സീയ, മകള്‍ നേഹ(16) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ദേഹത്ത് പരുക്കേറ്റ പാടുകളുണ്ട്. അതേസമയം 19 വയസുള്ള മകനെ പരുക്കുകളോടെയും കണ്ടെത്തി. പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് സംഭവം ആദ്യമറിയുന്നത്.

കോണ്‍ട്രാക്റ്ററായി ജോലി ചെയ്തുവരികയായിരുന്ന മിഥിലേഷിന്റെ മകനെ ആറ് മാസംമുമ്പ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിരുന്നതായി മിഥിലേഷിന്റെ ഭാര്യ സഹോദരന്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.