യുവതിയെ തെറ്റിദ്ധരിപ്പിച്ചതാകാം; ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്

Posted on: October 10, 2018 1:06 pm | Last updated: October 10, 2018 at 3:39 pm

തിരുവനന്തപുരം: മി റ്റു ക്യാമ്പയിനിലൂടെ ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കൊണ്ട് നടനും എംഎല്‍യുമായ മുകേഷ് രംഗത്ത്. താനങ്ങിനെ ചെയ്യില്ലെന്നും തന്റെ പേരില്‍ ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ആരോപണത്തോട് മുകേഷ് പ്രതികരിച്ചു. ടെസ് എന്ന യുവതിയെ താന്‍ ഓര്‍ക്കുന്നില്ല. ടെസിനെ രക്ഷിച്ചുവെന്ന് പറയുന്ന ഡെറിക് ഒബ്രിയാന്‍ ഇപ്പോഴും തന്റെ സുഹ്യത്താണ്. താന്‍ ഒരു കലാകുടുംബത്തില്‍നിന്നുള്ള വ്യക്തിയാണ്. ഭാര്യ,അമ്മ, സഹോദരി എന്നിവരും ഈ രംഗത്ത് സജീവമാണ്. ഇതുകൊണ്ട്തന്നെ മീ റ്റു ക്യാമ്പയിന് വലിയ പിന്തുണ നല്‍കുന്നയൊരാളാണെന്നുംഎല്ലാ പെണ്‍കുട്ടികളും അതുമായി മുന്നോട്ട് പോകണമെന്നും മുകേഷ് പറഞ്ഞു.

ഇപ്പോള്‍ ഉന്നയിച്ച സംഭവം തനിക്ക് ഓര്‍ത്തെടുക്കാന്‍പോലും കഴിയുന്നില്ല. ലേ മെറിഡിയന്‍ ഹോട്ടലില്‍ അന്ന് ആദ്യമായാണ് താമസിച്ചത്. ഇവിടെ ക്രൂവിന് റൂമുള്ള കാര്യംപോലും തനിക്കറിയില്ലായിരുന്നു. യുവതിയെ ഫോണില്‍ ശല്യം ചെയ്തത് താനല്ല. . എന്തെങ്കിലും തെറ്റിദ്ധാരണ സംഭവിച്ചതാകും. ഡെറിക് ഒബ്രിയാനെ പിന്നെയും കണ്ട് സംസാരിച്ചിട്ടുണ്ട്. കേരളത്തിലെ ഏക സുഹ്യത്ത് താനാണെന്ന് അദ്ദേഹം പറയുകയുമുണ്ടായി. താന്‍ തെറ്റുകാരനാണെങ്കില്‍ അദ്ദേഹം വിളിക്കുമോയെന്നും മുകേഷ് ചോദിച്ചു.

കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ മുകേഷ് പലതവണ തന്നെ മുറിയിലേക്ക് വിളിപ്പിച്ചുവെന്നും മുകേഷിന്റെ മുറിക്കടുത്തേക്ക് തന്നെ മാറ്റുവാന്‍ ശ്രമിച്ചുവെന്നുമാണ് ടെസ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. തന്റെ സ്ഥാപന മേധാവിയായ ഡെറിക് ഒബ്രിയാനാണ് തന്നെ രക്ഷിച്ച് വിമാനത്തില്‍ കയറ്റിഅയച്ചതെന്നും ആരോപണത്തില്‍ പറഞ്ഞിരുന്നു.