Connect with us

National

റഫാല്‍ ഇടപാട് : രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് വിവരങ്ങള്‍ വിശദീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി. ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേ സമയം കേസിലെ എതിര്‍കക്ഷി പ്രധാനമന്ത്രിയായതിനാല്‍ നോട്ടീസ് അയക്കരുതെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ വാദിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള ഹരജിയാണിതെന്നും ഹരജിയില്‍ പൊതുതാല്‍പര്യമില്ലെന്നും അറ്റോണി ജനറല്‍ കോടതിയില്‍ വാദിച്ചു. അറ്റോണി ജനറല്‍ ശക്തമായി എതിര്‍ത്തതോടെ ഹരജിയില്‍ കേന്ദ്രത്തിന് നോട്ടീസയക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. റഫാല്‍ കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് ഹരജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ വിഷയം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും പുനപരിശോധിക്കേണ്ടതില്ലെന്നുമാണ് അറ്റോണി ജനറല്‍ വാദിച്ചത്. രാജ്യാന്തര കരാറുകളില്‍ കോടതികള്‍ ഇടപെടാറില്ലെന്നും അങ്ങനെ ചെയ്യുന്നത് അനുചിതമാണെന്നും അറ്റോണി ജനറല്‍ വാദങ്ങള്‍ നിരത്തി.

Latest