Editorial
ചട്ടം പാലിച്ചും അനുമതി നല്‍കരുത്

വൈകിവന്ന വിവേകമെങ്കിലും ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും നല്‍കിയ അനുമതി റദ്ദാക്കിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. പിഴവുകളും അബദ്ധങ്ങളും സംഭവിച്ചാല്‍ അത് തിരുത്താനുളള വിവേകവും വിശാലമനസ്‌കതയുമാണ് ജനായത്ത ഭരണകൂടങ്ങള്‍ക്കുണ്ടാകേണ്ടത്. മഹാപ്രളയം വരുത്തി വെച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ യാതൊരു വിധ ആശയക്കുഴപ്പവുമുണ്ടാകരുതെന്നതു കൊണ്ടാണ് നടപടി റദ്ദാക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ബ്രൂവറി അനുമതിയിലെ വ്യക്തമായ ക്രമക്കേടും നയവൈകല്യവുമാണ് പുനരാലോചനക്ക് നിര്‍ബന്ധമാക്കിയതെന്നാണ് മറുവാദം. മദ്യം നിയമം വഴി നിരോധിക്കുന്നതിനോട് സി പി എമ്മിന് യോജിപ്പില്ലെങ്കിലും പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും വേണ്ടെന്ന നിലപാടാണ് പാര്‍ട്ടി ഇക്കാലമത്രയും സ്വീകരിച്ചിരുന്നത്. 1999ല്‍ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് പുതിയ ഡിസ്റ്റിലറികള്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അന്നത്തെ നികുതി വകുപ്പ് സെക്രട്ടറി വിനോദ് റായി പുറത്തിറക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അത് നിരസിക്കുകയായിരുന്നു. ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും വന്ന അപേക്ഷകള്‍ ഒന്നും പരിഗണിക്കേണ്ടതില്ലെന്നായിരുന്നു സെക്രട്ടറിയുടെ ഉത്തരവ്.
2008ല്‍ വി എസ് മുഖ്യമന്ത്രിയായിരിക്കെ പാലക്കാട്ടെ സണ്‍ ഡിസ്റ്റിലറീസ് പെരുമാട്ടി പഞ്ചായത്തില്‍നിന്ന് പുതുശ്ശേരി പഞ്ചായത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് അപേക്ഷ വന്നപ്പോഴും 1999ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ അത് നിരസിച്ചു. പുതുതായി എവിടെയും മദ്യനിര്‍മാണ യൂനിറ്റുകള്‍ തുടങ്ങേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നയമെന്നും നിരസിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 1999ലെ ഉത്തരവില്‍ പിന്നീട് എന്തെങ്കിലും മാറ്റം വരുത്തിയതായി സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. മാത്രമല്ല, പുതിയ മദ്യനിര്‍മാണ യൂനിറ്റുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പാര്‍ട്ടിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തിട്ടുമില്ല. ഇതൊക്കെയാണ് ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിന് ഇടവരുത്തിയത്.
എക്‌സൈസ് മന്ത്രിയുടെ സ്റ്റാഫിലെ ചിലരുടെ വഴിവിട്ട ഇടപെടലുകളാണ് ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ച് ബ്രൂവറിക്ക് അനുമതി നല്‍കാന്‍ ഇടയാക്കിയതെന്ന് പറയപ്പെടുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ശക്തമായ അന്വേഷണം ആവശ്യമാണ്. മന്ത്രിമാരുടെ ഓഫീസ് സ്റ്റാഫിന്റെ വഴിവിട്ട കളി സര്‍ക്കാറിന്റെ പ്രതിച്ഛായയെ തന്നെ ബാധിച്ചേക്കും. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധമാണല്ലോ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിനെ പിടിച്ചു കുലുക്കിയതും സര്‍ക്കാറിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കിയതും. അധികാരത്തിലേറിയ ഉടനെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി ഇക്കാര്യം ഉണര്‍ത്തുകയും ഇടനിലക്കാര്‍ സെക്രട്ടേറിയറ്റില്‍ കറങ്ങി നടക്കുന്നതും മന്ത്രി ഓഫീസുകളില്‍ ഡീലര്‍മാരായി കയറിപ്പറ്റുന്നതും ശ്രദ്ധിക്കണമെന്ന് ഉണര്‍ത്തുകയും ചെയ്തിരുന്നു.
നിലവില്‍ നല്‍കിയ അനുമതി റദ്ദാക്കിയെങ്കിലും പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും വേണ്ടെന്നു വെച്ചിട്ടില്ലെന്നും സംസ്ഥാനത്ത് പുതിയ യൂനിറ്റുകള്‍ വേണമെന്നു തന്നെയാണ് നയമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. പുതിയ യൂനിറ്റുകള്‍ക്കായി തുടര്‍ന്നും അപേക്ഷ സ്വീകരിക്കുമത്രെ. ആവശ്യമായ സാങ്കേതിക പരിശോധനകള്‍ക്കു ശേഷം അര്‍ഹതയുള്ള സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ജനതാത്പര്യത്തിന് വിരുദ്ധവും ആശങ്കാജനകവുമാണ്. പുതിയ യൂനിറ്റുകള്‍ക്ക് അനുമതി നല്‍കിയ തീരുമാനത്തിനെതിരെ ശക്തമായ ജനവികാരമുയര്‍ന്നത് അവ അനുവദിച്ചതിലെ ക്രമക്കേടിന്റെയും അഴിമതിയാരോപണത്തിന്റെയും പേരില്‍ മാത്രമല്ല, മദ്യലഭ്യത വര്‍ധിക്കാനിയാക്കുമെന്നത് കൊണ്ടുകൂടിയാണ്.
മദ്യ വിപത്തും ദുരിതങ്ങളും ആവോളം അനുഭവിച്ച കേരളീയ ജനത അതില്‍ നിന്നുള്ള പൂര്‍ണ മോചനമാണ് ആവശ്യപ്പെടുന്നത്. മദ്യരഹിത കേരളമാണ് ആഗ്രഹിക്കുന്നത്. വര്‍ധിച്ചു വരുന്ന പീഡനകഥകളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ മദ്യമാണ് വില്ലനെന്നാണ് കണ്ടെത്താനാവുക. ഉത്തമ സമൂഹ സൃഷ്ടിപ്പാണല്ലോ ഏതൊരു സര്‍ക്കാറും ലക്ഷ്യമായി സ്വീകരിക്കേണ്ടത്. മദ്യപാനിയായ അച്ഛന്‍ അമ്മയെ തെറിവിളിക്കുന്നതും അകാരണമായി മര്‍ദിക്കുന്നതും കണ്ടുവളരുന്ന കുട്ടിയില്‍നിന്ന് ഏതുതരത്തിലുള്ള ഭാവിയെയാണ് നാം പ്രതീക്ഷിക്കേണ്ടത്? മദ്യവ്യവസായം ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്ന് ന്യായീകരിക്കുന്നവര്‍ കുടിയന്മാര്‍ ബാറുകളിലും കള്ളുഷാപ്പുകളിലും കൊണ്ടുകൊടുക്കുന്ന പണമുണ്ടെങ്കില്‍ ലക്ഷക്കണക്കിന് പേരുടെ വയറും മനസ്സും നിറക്കാമെന്ന വസ്തുത കാണാതെ പോകരുത്. മദ്യ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവരെ മറ്റു മേഖലകളില്‍ വിന്യസിപ്പിച്ചാല്‍ അവരുടെ പ്രശ്‌നം പരിഹൃതമാകും. എന്നാല്‍, മദ്യം മൂലം തകരുന്ന ജീവിതങ്ങളെയും കുടുംബങ്ങളെയും രക്ഷിക്കാന്‍ മദ്യനിരോധമല്ലാതെ മറ്റെന്ത് വഴിയാണ് നിര്‍ദേശിക്കാനുള്ളത്? കുടുംബ സമാധാനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും മുഖ്യ ശത്രുവാണ് മദ്യം. സംസ്ഥാനത്ത് മദ്യലഭ്യത വര്‍ധിപ്പിച്ചു കൊണ്ട് ഈ സാമൂഹിക വിപത്തിനെ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കില്ല. യു ഡി എഫ് മുന്‍വെക്കുന്ന മദ്യമുക്തകേരളമായാലും എല്‍ ഡി എഫ് പ്രഖ്യാപിച്ച മദ്യവര്‍ജന നയമായാലും മദ്യലഭ്യതയുടെ അളവ് അടിക്കടി കുറവ് വരുത്തിയെങ്കില്‍ മാത്രമേ യാഥാര്‍ഥ്യമാകുകയുള്ളൂ. അതുകൊണ്ട് പുതിയ മദ്യനിര്‍മാണ യൂനിറ്റുകള്‍ക്ക് അപേക്ഷ സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയേണ്ടതാണ്.