ഗൂഗിള്‍ പ്ലസില്‍ വൻ സുരക്ഷാ വീഴ്ച; അഞ്ച് ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

Posted on: October 9, 2018 12:21 am | Last updated: October 9, 2018 at 10:09 am
SHARE

കാലിഫോര്‍ണിയ: ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളിന്റെ സാമൂഹിക കൂട്ടായ്മ വെബ്‌സൈറ്റായ ഗൂഗിള്‍ പ്ലസും വിവര ചോര്‍ച്ചാ വിവാദത്തില്‍. ഗൂഗിള്‍ പ്ലസില്‍ കടന്നുകൂടിയ ബഗ് (കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിലെ തകരാര്‍) വഴി അഞ്ച് ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നതായി സംശയം. ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് ഗൂഗിള്‍ പ്ലസിന്റെ പ്രവര്‍ത്തനം അടുത്ത പത്ത് മാസത്തിനുള്ളില്‍ ഗൂഗിള്‍ അവസാനിപ്പിക്കും.

ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലഭ്യമാക്കാന്‍ ഈ ബഗ് സഹായകമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി ഉപഭോക്താക്കളുടെ പേര്, ഇമെയില്‍ വിലാസം, ജനനതീയതി, പ്രൊഫൈല്‍ ഫോട്ടോ തുടങ്ങിയവ സ്വകാര്യ കമ്പനികള്‍ ചോര്‍ത്തിയെന്നാണ് കരുതുന്നത്. സ്വകാര്യ വിവരങ്ങള്‍ ചോരാനിടയാക്കിയ ബഗ് ഉള്‍പ്പെട്ട പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് (എപിഐ) 438 ആപ്പുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അതേസമയം ഏതെങ്കിലും കമ്പനി ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതായി തെളിവുകള്‍ ലഭിച്ചിട്ടില്ല.

കഴിഞ്ഞ മാര്‍ച്ചില്‍ ഗൂഗിള്‍ ഈ പിഴവ് കണ്ടെത്തിയിട്ടുണ്ടെങ്കിലും നിയന്ത്രണമുണ്ടാകുമെന്ന് ഭയന്ന് പുറത്തുവിട്ടിരുന്നില്ല.അടുത്ത പത്ത് മാസത്തിനുള്ളില്‍ സാധാരണ ഉപഭോക്താക്കള്‍ക്കുള്ള ഗൂഗിള്‍ പ്ലസിന്റെ സേവനം നിര്‍ത്തലാക്കും. എന്നാല്‍ ഗൂഗിളിന്റെ ജി സ്യൂട്ട് ഉപയോഗിക്കുന്ന ബിസിസന് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലസ് തുടര്‍ന്നും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here