Connect with us

Kerala

കൊട്ടപ്പുറം സംവാദവിജയത്തിന് സ്മാരകമുയരുന്നു; ഒക്ടോബർ 14ന് കാന്തപുരം നാടിന് സമര്‍പ്പിക്കും

Published

|

Last Updated

പുളിക്കല്‍: സുന്നികളുടെ ആദര്‍ശ മുന്നേറ്റത്തിലെ  നാഴികക്കല്ലായ കൊട്ടപ്പുറം സംവാദ വിജയം ഇനി ഒളി മങ്ങാത്ത ഓര്‍മ. കേരളത്തില്‍ അനൈക്യത്തിന്റെ വിത്ത് പാകിയ സലഫി പ്രസ്ഥാനത്തിന്റെ നട്ടെല്ലൊടിച്ച സംവാദത്തിന്റെ സ്മരണക്കായി കൊട്ടപ്പുറത്ത് നിര്‍മിച്ച കൊട്ടപ്പുറം ഇസ്‌ലാമിക് കോംപ്ലക്‌സ് സംവാദ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഒക്ടോബർ 14 ഞായറാഴ്ച നാടിന് സമര്‍പ്പിക്കും. അഹ്‌ലുസുന്നയുടെ അജയ്യ മുന്നേറ്റത്തിന്റെ ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമായി മാറും ഈ കെട്ടിട സമുച്ഛയം.

1921ല്‍ കേരളീയ മുസ്‌ലിംകളുടെ ഐക്യത്തിന്റെ വേരറുത്താണ് സലഫി പ്രസ്ഥാനം ഇവിടെയെത്തുന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ പലതിനെയും തള്ളിപ്പറഞ്ഞു രംഗത്തുവന്ന അവര്‍ക്ക് കേരളത്തിന്റെ ചിലയിടങ്ങളില്‍ വേരോട്ടം ലഭിച്ചു. അതിലൊന്നായിരുന്നു പുളിക്കല്‍. സലഫികള്‍ക്ക് സ്വാധീനം ലഭിച്ചതോടെ പുളിക്കലിലും പരിസര പ്രദേശങ്ങളിലും സുന്നികള്‍ക്ക് പൊതുപരിപാടി പോലും നടത്താനാകാത്ത സ്ഥിതിയുണ്ടായി. ഒടുവില്‍ മര്‍ഹൂം ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍ എന്ന ആദര്‍ശ പോരാളി പുളിക്കല്‍ കര്‍മഭൂമിയാക്കിയതോടെ ചരിത്രം മാറിത്തുടങ്ങി. ഹസന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പുളിക്കല്‍ കേന്ദ്രീകരിച്ച് തുടര്‍ച്ചയായി ഖണ്ഡന പ്രസംഗങ്ങള്‍ നടന്നു. സംവാദത്തിന് വേണ്ടി അദ്ദേഹം വഹാബികളെ പല തവണ വെല്ലുവിളിച്ചുവെങ്കിലും അവര്‍ സ്വീകരിച്ചില്ല. ഹസന്‍ മുസ്‌ലിയാരുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

സുന്നികള്‍ പോരാട്ടം തുടരുന്നതിനിടെയാണ് ആകസ്മികമായി ഹസന്‍ മുസ്‌ലിയാര്‍ വിടപറയുന്നത്. ഇതോടെ വീണ്ടും തലപൊക്കിയ സലഫികള്‍ സംവാദത്തിന് വെല്ലുവിളിയുമായി രംഗത്ത് വന്നു. പുളിക്കലിന് സമീപം കൊട്ടപ്പുറത്ത് ഒരു പ്രഭാഷണ വേദിയില്‍ അവര്‍ നടത്തിയ വെല്ലുവിളി സുന്നികള്‍ ഏറ്റെടുത്തതോടെയാണ് സംവാദത്തിന് വഴിയൊരുങ്ങിയത്. 1983 ഫെബ്രുവരി 1, 2, 3 തീയതികളില്‍ ചരിത്രപ്രസിദ്ധമായ സംവാദം നടന്നു. നാല് ദിവസമായിരുന്നു സംവാദം നിശ്ചയിച്ചിരുന്നതെങ്കിലും മൂന്നാം ദിനം തന്നെ സലഫികള്‍ പരാജയം സമ്മതിക്കുകയായിരുന്നു.

ഓരോ ദിവസവും ഇരുവിഭാഗത്തിന്റെയും വിഷയാവതരണത്തോടെയായിരുന്നു തുടക്കം. സുന്നി പക്ഷത്ത് പി കെ എം ബാഖവി അണ്ടോണ, കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍, നാട്ടിക മൂസ മുസ്ലിയാര്‍ എന്നിവരാണ് വിഷയമവതരിപ്പിച്ചത്. മറു ഭാഗത്ത് ഖണ്ഡനത്തിന് എ പി അബ്ദുല്‍ഖാദിര്‍ മൗലവിയും മറ്റു പലരും മാറി മാറി വന്നു. പക്ഷേ, സുന്നീ പക്ഷത്ത് ഖണ്ഡനത്തിന് അന്നത്തെ യുവ പണ്ഡിതരില്‍ ഒരാളായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മാത്രം. സാധാരണക്കാരന്റെ ശൈലിയില്‍ കാന്തപുരം സലഫികളുടെ വാദങ്ങള്‍ ഒന്നൊന്നായി പൊളിച്ചടക്കി. പതിനായിരങ്ങളാണ് ആ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കൊട്ടപ്പുറത്ത് തടിച്ചുകൂടിയത്.

മൂന്നാം ദിവസം അര്‍ധരാത്രിയായിട്ടും സലഫി വിഭാഗത്തിന് പിടിച്ചു നില്‍ക്കാനാകാതെ പരാജയം സമ്മതിച്ചതോടെയാണ് സംവാദം അവസാനിച്ചത്. ഒടുവില്‍ അവര്‍ ആയുധം വെച്ച് കീഴടങ്ങി. സംവാദ നഗരിയില്‍ നിന്ന് പുറത്തിറങ്ങാനാകാതെ വന്നപ്പോള്‍ സലഫികള്‍ക്ക് സുന്നികളോട് സഹായം തേടേണ്ടി വന്നു. അവസാനം ഹസന്‍ മുസ്ലിയാരുടെ പേരില്‍ ഫാത്വിഹ ഓതി പ്രാര്‍ഥിച്ച ശേഷമാണ് ഇരുകൂട്ടരും വേദിയില്‍ നിന്നിറങ്ങിയത്.

ആ ചരിത്ര സംഭവത്തിന് മൂന്നര പതിറ്റാണ്ട് തികയുന്നതിനോട് അനുബന്ധിച്ചാണ് കൊട്ടപ്പുറം അങ്ങാടിയില്‍ സ്മാരകം നിര്‍മിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മന്ത്രിമാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന പൊതു സമ്മേളനത്തില്‍ പ്രമുഖ സാദാത്തുക്കളും പണ്ഡിതന്‍മാരും സംബന്ധിക്കും.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

---- facebook comment plugin here -----

Latest