ജൈവ സേവകന്‍

'ഭക്ഷണം തന്നെയാണ് ഔഷധം'. അസീസിയ്യയുടെ ആപ്തവാക്യമാണിത്. പോഷക മൂല്യമുള്ള ശുദ്ധമായ ഭക്ഷണമാണ് ആരോഗ്യത്തിന് ആധാരമെന്ന തിരിച്ചറിവാണ് ഫാമിലൂടെ കിട്ടിയ വലിയ സമ്പത്തെന്ന് ഉടമ അസീസ്. ഇന്ന് ലഭിക്കുന്ന മിക്ക ഭക്ഷ്യവസ്തുക്കളും മായം കലര്‍ന്നതും മാരകമായ കീടനാശിനികള്‍ അടങ്ങിയതുമാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി ജൈവ കൃഷി രീതിയും വിഷം കലരാത്ത ഭക്ഷ്യ ഉത്പന്നങ്ങളും കൂടുതല്‍ പേരിലേക്ക് എത്തിക്കുകയാണ് ഈ ഫാമിന്റെ ലക്ഷ്യം.
Posted on: October 8, 2018 7:59 pm | Last updated: October 8, 2018 at 7:59 pm

ത്വര്‍ പ്രവാസികള്‍ക്ക് സുപരിചതമായിരിക്കും അല്‍ അസീസിയ്യ. അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ പ്രദേശം. ഏഷ്യന്‍ ഗെയിംസിന് വേദിയായ, അടുത്ത ഫിഫ ലോകകപ്പിന്റെ മത്സരങ്ങള്‍ നടക്കാനിരിക്കുന്ന ഖലീഫ സ്റ്റേഡിയത്തിന്റെ അഭിമുഖമായാണ് അസീസിയ്യ സ്ഥിതി ചെയ്യുന്നത്. മാത്രമല്ല, അസീസിയ്യക്കടുത്ത മുര്‍റയിലാണ് ഖത്വര്‍ സൂ. ഇങ്ങ് കേരളത്തില്‍ തൃശൂരിലുമുണ്ട് ഒരു അസീസിയ്യ. ജീവിതം പച്ചപിടിപ്പിക്കുന്നതിന് ഖത്വറിലേക്ക് കാല്‍ നൂറ്റാണ്ട് മുമ്പ് വിമാനം കയറിയ പ്രവാസിയുടെ വിയര്‍പ്പിന്റെ പേരാണ് തൃശൂര്‍ അസീസിയ്യ. ജൈവ കൃഷിയുടെ പര്യായം. കേവലം വ്യാവസായിക അടിസ്ഥാനത്തിലുള്ള ഓര്‍ഗാനിക് ഫാം മാത്രമല്ല അസീസിയ്യ, മറിച്ച് കൈവശമുള്ള സമ്പത്ത് മൂല്യവത്തായി എങ്ങനെ വിനിയോഗിക്കണമെന്നതിന്റെയും ജൈവിക ജീവിത രീതികളുടെയും പിതൃ- പുത്ര ബന്ധം എങ്ങനെയായിരിക്കണമെന്നതിന്റെയും വിശാലമായ അര്‍ഥതലങ്ങള്‍ അത് മുന്നോട്ടു വെക്കുന്നു. ബിസിനസിലുപരി സേവനം എന്ന സാമൂഹിക ബോധത്തിന്റെ നിദര്‍ശനമാകുന്നു. അങ്ങനെ ലോകത്തിന് മുന്നില്‍ മഹത്തായ മാതൃക തീര്‍ക്കുന്നു.

36 ഏക്കറിലെ ജൈവ വിപ്ലവം
ജൈവകൃഷി രീതികളോടുള്ള താത്പര്യവും അതില്‍ നിന്ന് ലഭിക്കുന്ന ആത്മസംതൃപ്തിയുമെല്ലാം ലക്ഷ്യമിട്ടാണ് പ്രവാസി വ്യവസായിയും തൃശൂരിലെ പഴുവില്‍ വെസ്റ്റ് സ്വദേശിയുമായ ചിറക്കല്‍ പാലിയത്താഴത്ത് മൂസ അബ്ദുല്‍ അസീസ് ചാഴൂര്‍ പഞ്ചായത്തിലെ പഴുവിലില്‍ 36 ഏക്കര്‍ സ്ഥലത്ത് പരന്നു കിടക്കുന്ന ഹൈടെക് ഓര്‍ഗാനിക് ഫാം സ്ഥാപിച്ചത്. നാട്ടില്‍ സമൂഹത്തിന് ഗുണപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന പിതാവിന്റെ നിര്‍ദേശവും വല്യുപ്പ കൃഷിക്കാരനായിരുന്നുവെന്നതും പ്രചോദനമായി. ഖത്വറിലെ ദോഹയില്‍ ബിസിനസ് നോക്കിനടത്തുന്ന ഇളയ മകന്‍ സിയാദ് അബ്ദുല്‍ അസീസിന്റെ പേരു കൂടി ചേര്‍ത്താണ് അസീസിയ എന്ന് ഫാമിന് നാമകരണം ചെയ്തത്. സിയാദാണ് പിതാവിന്റെ ബിസിനസ് നോക്കി നടത്തുന്നത്. ദൈവത്തിന്റെ സേവകന്‍ എന്നാണ് അസീസ് എന്ന അറബി വാക്കിന്റെ അര്‍ഥം. പ്രകാശം പരത്തുന്നതിനെ കുറിക്കുന്നതാണ് സിയ. യാദൃച്ഛികമെന്നു പറയട്ടെ, ഇതു രണ്ടും ചേര്‍ന്നുള്ള പേരു തന്നെ ഫാമിന്റെ സന്ദേശമായി മാറുകയും ചെയ്യുന്നു. ഗള്‍ഫിലെ ബിസിനസില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് 50 പേരില്‍ നിന്നായി ഘട്ടംഘട്ടമായാണ് ഇത്രയും സ്ഥലം അബ്ദുല്‍ അസീസ് സ്വന്തമാക്കിയത്. 12 വര്‍ഷം മുമ്പ് സെന്റിന് 12000 രൂപ നിരക്കിലാണ് ആദ്യത്തെ അഞ്ച് ഏക്കര്‍ ഭൂമി വാങ്ങിയതെങ്കില്‍, ഏറ്റവുമവസാനം നല്‍കേണ്ടി വന്നത് 3,12000 രൂപയാണ്.
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ ഇലക്‌ട്രോണിക്‌സ് കോഴ്‌സിന്റെ 1970ലെ ആദ്യ ബാച്ചില്‍ പഠിച്ച് ബിരുദം സ്വന്തമാക്കിയ അസീസ് പിന്നീട് ഗള്‍ഫിലേക്ക് ചേക്കേറുകയും ഖത്വര്‍ പെട്രോളിയത്തില്‍ 25 വര്‍ഷത്തോളം സേവനമനുഷ്ഠിക്കുകയും ചെയ്തു. ശേഷം അവിടെ നിന്ന് സ്വയം വിരമിച്ച്, മകന്‍ സിയാദിനൊപ്പം അഖ്ഫാല്‍ എന്ന് അറിയപ്പെടുന്ന ചിപ്പ് ഘടിപ്പിച്ച പൂട്ടുകള്‍ ഉള്‍പ്പടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വിപണനത്തിലേക്ക് തിരിഞ്ഞു. അതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് പഴുവിലില്‍ സ്ഥലം വാങ്ങിയത്. അസീസിന്റെ മൂന്ന് മക്കളില്‍ മുതിര്‍ന്നവരായ അഇശയും നൗഷാദും ഖത്വറില്‍ തന്നെ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയര്‍മാരായി പ്രവര്‍ത്തിക്കുകയാണ്.

15 ഏക്കറിലുള്ള നെല്‍ കൃഷിയാണ് ഫാമിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. തവിടു കളയാത്ത അരി (ബ്രൗണ്‍ റൈസ്) യാണ് ഇവിടെ വിളയിക്കുന്നത്. 100 ടണ്‍ നെല്ലാണ് ഒരു തവണ വിളവെടുക്കുന്നത്. വെള്ള അരിയേക്കാള്‍ തവിടു കളയാത്ത അരി പോഷകദായകമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഫൈബര്‍ ഘടകം ധാരാളം അടങ്ങിയതും ദഹന പ്രക്രിയക്ക് കൂടുതല്‍ ഉത്തമവുമാണിത്. ശരീരത്തിന് ഒരു ദിവസം ആവശ്യമായ മാംഗനീസിന്റെ 80 ശതമാനവും തവിടു കളയാത്ത അരി നല്‍കും. കാര്‍ബോ ഹൈഡ്രേറ്റുകളാലും പ്രോട്ടീനുകളാലും സമ്പന്നം കൂടിയാണിത്. കോര്‍പറേഷന്‍ മുഖാന്തിരം സപ്ലൈകോ വഴിയാണ് നെല്ലിന്റെ വിപണനം.

വിപുലമായ പഴം- പച്ചക്കറി കൃഷിയാണ് മറ്റൊരു പ്രത്യേകത. ഒരേക്കറില്‍ വെണ്ടയിലായിരുന്നു തുടക്കം. തുടര്‍ന്ന് പയര്‍, വഴുതന, പീച്ചിങ്ങ, കോവക്ക, പാവക്ക, ചീര, കൂര്‍ക്ക, കപ്പ, വാഴപ്പഴം, ചക്ക, മാങ്ങ, സപ്പോട്ട, പാഷന്‍ ഫ്രൂട്ട്, മുള്ളാത്ത തുടങ്ങിയവയിലേക്ക് വ്യാപിപ്പിച്ചു. ഫാമിന്റെ വിവിധ ഭാഗങ്ങളിലായി കോഴി, താറാവ്, കാട, പശു എന്നിവയെ വളര്‍ത്തുന്നുണ്ട്. നാടനു പുറമെ വി വി 380, വാവോ വിക്ടര്‍ തുടങ്ങിയ സങ്കര ഇനങ്ങളടക്കം ആയിരത്തിനടുത്ത് കോഴികളുണ്ട്. ഒരു കോഴിയില്‍ നിന്ന് 300 മുട്ടകളാണ് വര്‍ഷം ലഭിക്കുന്നത്. നാടന്‍, എച്ച് എഫ്, ജേഴ്‌സി വര്‍ഗങ്ങളാണ് പശു തൊഴുത്തിലുള്ളത്. ഒരു ദിവസം 300 ലിറ്റര്‍ പാല്‍ ലഭിക്കുന്നു. പ്രധാനമായും എറണാകുളത്തെ ഡയറി ഫാമിലേക്കാണ് പാല്‍ കൊണ്ടുപോകുന്നത്. അക്വാപോണിക്‌സ് മത്സ്യ കൃഷിയും ഫാമിനെ വേറിട്ടതാക്കുന്നു. പ്രത്യേകം തയ്യാറാക്കിയ കുളത്തില്‍ വളര്‍ത്തുന്ന മത്സ്യങ്ങളുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളം ഉപയോഗിച്ച് ഇലവര്‍ഗ പച്ചക്കറികള്‍ കൃഷി ചെയ്യുന്ന രീതിയാണിത്. മനോഹരമായ രീതിയില്‍ പണിത ഫാം ഹൗസും കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും മറ്റു പ്രത്യേകതകളാണ്.

പാഠം ഒന്ന്:
ശുദ്ധമായ ആഹാരം
ഭക്ഷണം തന്നെയാണ് ഔഷധം എന്നതാണ് അസീസിയ്യയുടെ ആപ്ത വാക്യം. ‘ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, കരള്‍ രോഗം, ഹൃദയത്തിലെ ബ്ലോക്ക്, പ്രോസ്‌ട്രേറ്റ് ഗ്രന്ഥിയിലെ വീക്കം തുടങ്ങിയ അസുഖങ്ങള്‍ക്ക് അടിമയായിരുന്ന ഞാന്‍ ദിനംപ്രതി എട്ട് അലോപ്പതി മരുന്നുകളാണ് ദീര്‍ഘകാലമായി കഴിച്ചുവന്നിരുന്നത്. ഫാമില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ജൈവ ഭക്ഷ്യ വസ്തുക്കള്‍ മാത്രം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അസുഖങ്ങളെല്ലാം പമ്പ കടന്നു. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്.’- അനുഭവത്തിന്റെ വെളിച്ചത്തില്‍ അസീസ് പറയുന്നു. ‘പോഷക മൂല്യമുള്ള ശുദ്ധമായ ഭക്ഷണമാണ് ആരോഗ്യത്തിന് ആധാരമെന്ന തിരിച്ചറിവാണ് ഫാമിലൂടെ കിട്ടിയ വലിയ സമ്പത്ത്. ഇന്ന് നമുക്കു ലഭിക്കുന്ന മിക്ക ഭക്ഷ്യ വസ്തുക്കളും മായം കലര്‍ന്നതും മാരകമായ കീടനാശിനികള്‍ അടങ്ങിയതുമാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി ജൈവ കൃഷി രീതിയും വിഷം കലരാത്ത ഭക്ഷ്യ ഉത്പന്നങ്ങളും കൂടുതല്‍ പേരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. രാസവളമോ വിഷലിപ്തമായ കീടനാശിനികളോ ഇവിടേക്ക് അടുപ്പിക്കാറില്ല.’- അസീസ് കൂട്ടിച്ചേര്‍ക്കുന്നു. കൃഷി മന്ത്രി സുനില്‍കുമാര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും കാര്‍ഷിക രംഗത്ത് മുതല്‍മുടക്കാനോ കൃഷി ചെയ്യാനോ തയ്യാറായി മുന്നോട്ടു വരുന്നവര്‍ ചുരുക്കമാണെന്നാണ് അസീസിന്റെ വിലയിരുത്തല്‍. വീടുകളില്‍ കുറച്ചൊക്കെ പച്ചക്കറി കൃഷിയും മറ്റും നടക്കുന്നുണ്ടെന്നതാണ് ഏക ആശ്വസം.

റെയിന്‍ ഷെല്‍ട്ടര്‍, പോളി ഹൗസ് തുടങ്ങിയ ആധുനിക കൃഷി രീതികളും ജൈവ കൃഷിക്ക് ആവശ്യമായ വെര്‍മികം പോസ്റ്റ്, വെര്‍മി വാഷ്, ചാണകം ഉപയോഗിച്ച് സ്ലറി, ബയോഗ്യാസ്, വെജിറ്റബിള്‍ ഷ്രെഡര്‍ തുടങ്ങി ജൈവ വള ഉത്പാദനവും അസീസിയ്യയില്‍ നടന്നു വരുന്നു. പുറമെ, ജൈവ കൃഷിക്ക് പ്രോത്സാഹനം നല്‍കുന്ന സെമിനാറുകള്‍ക്കും മറ്റും ഉതകുന്ന രണ്ടായിരത്തില്‍ പരം ആളുകളെ ഉള്‍ക്കൊള്ളുന്ന ഫാം കണ്‍വെന്‍ഷന്‍ സെന്ററും ഓര്‍ഗാനിക് ഫാം റിസര്‍ച്ച് സെന്ററും ഇവിടെ സജ്ജമായിക്കൊണ്ടിരിക്കുന്നു. ഫാമിലെ ഉത്പന്നങ്ങളുടെ വിപണനത്തിനായി എറണാകുളത്തെ പാടിവട്ടം സിവില്‍ ലൈന്‍ റോഡില്‍ അസീസ് ഓര്‍ഗാനിക് ഹൈടെക് സൂപ്പര്‍ മാര്‍ക്കറ്റ് സജ്ജീകരിച്ചിട്ടുണ്ട്. ഫാം ഔട്ട്‌ലെറ്റ് കൂടാതെ യോഗ, മെഡിറ്റേഷന്‍, സെമിനാര്‍ എന്നിവക്കും മറ്റുമായി കണ്‍വന്‍ഷന്‍ സെന്റര്‍, പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനമുള്ള ഗ്രീന്‍ ഹൗസ്, പച്ചക്കറികളും പഴങ്ങളും ഉണക്കി സൂക്ഷിക്കുന്നതിനുള്ള ഓട്ടോമാറ്റിക് ടണല്‍ ഡ്രയര്‍, റെസ്റ്റോറന്റ് എന്നിവ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നു. മറ്റൊരു സൂപ്പര്‍ മാര്‍ക്കറ്റ് പഴുവില്‍ സെന്ററിലെ സ്വന്തം സ്ഥലത്ത് നിര്‍മിക്കാനുള്ള ഒരുക്കത്തിലുമാണ് അസീസ്.

പ്രളയത്തെ തുടര്‍ന്ന് ആഗസ്റ്റ് 16 മുതല്‍ ചാഴൂര്‍ പഞ്ചായത്തിലെ വിവിധ ക്യാമ്പുകളില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അസീസിയ്യ പങ്കാളിയായി. സെപ്തംബര്‍ ഒന്നിന് ദുരിതം പേറുന്ന 1400 കുടുംബങ്ങള്‍ക്ക് ആയിരം രൂപയുടെ ഭക്ഷണ സാധനങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തു. മൂന്നാം ഘട്ട സഹായത്തിന്റെ ഭാഗമായി സെപ്തം: 29ന് പൂര്‍ണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് 25,000 രൂപയുടെ ഭവന സാമഗ്രികള്‍ വാങ്ങുന്നതിനുള്ള ക്യാഷ് കൂപ്പണുകളും പ്രയാസമനുഭവിക്കുന്ന 1000 കുടുംബങ്ങള്‍ക്ക് 1000 രൂപ വരുന്ന ഭക്ഷ്യധാന്യ കിറ്റുകളും 1000 പേര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകളും നല്‍കി. അങ്ങനെ ദുരന്താനന്തര കേരള നവനിര്‍മാണത്തിലും പങ്കാളിയായി.
.