ശബരിമല വിഷയം: സെക്രട്ടേറിയറ്റിലേക്ക് ലോംഗ് മാര്‍ച്ച് നടത്താന്‍ ബിജെപി

Posted on: October 8, 2018 5:39 pm | Last updated: October 8, 2018 at 5:39 pm

കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് എന്‍.ഡി.എയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് ലോംഗ് മാര്‍ച്ച് നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. ഈ മാസം 10ന് തുടങ്ങുന്ന മാര്‍ച്ച് 15ന് സെക്രട്ടേറിയറ്റിന് മുന്നില്‍ അവസാനിക്കും. ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണ് മാര്‍ച്ച് സംഘടിപ്പിക്കുക. കോട്ടയം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ ഇതേ ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലയെ തകര്‍ക്കാണ് സി.പി.എം ശ്രമം. വിശ്വാസികളുടെ സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നു. പ്രശ്‌ന പരിഹാരത്തിനായി പോംവഴി ആരായാതെ എതിര്‍ക്കുന്നവരെ ശത്രുക്കളായി കാണുകയാണ്. എന്നാല്‍ സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാമാണ് ബി.ജെ.പിയും എന്‍.ഡി.എയും ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.