കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാനിടയില്ല; മോദി ലോകം കണ്ട ഏറ്റവും പരാജയപ്പെട്ട പ്രധാനമന്ത്രി: ശശി തരൂര്‍

Posted on: October 8, 2018 5:27 pm | Last updated: October 8, 2018 at 5:27 pm

അബുദാബി: ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രമുഖ നയതന്ത്രജ്ഞനും തിരുവനന്തപുരം എം പിയുമായ ശശി തരൂര്‍. അതോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് രാജ്യം ഭരിക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
115 മുതല്‍ 165 വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് ഒറ്റക്ക് ലഭിക്കും. സിറാജിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മായാവതി കടുത്ത വിലപേശലാണ് നടത്തിയത്. അമിതമായപ്പോഴാണ് കോണ്‍ഗ്രസ് അംഗീകരിക്കാതിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മായാവതിയുമായുള്ള സഖ്യ ചര്‍ച്ച തുടരും, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനിയും നാല് മാസമുണ്ട്. പ്രാദേശിക പാര്‍ട്ടികളുമായുള്ള ചര്‍ച്ച തുടരും, അദ്ദേഹം അറിയിച്ചു. ംഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എളുപ്പത്തില്‍ ജയിക്കാനാകും. ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

ലോകം കണ്ട ഏറ്റവും പരാജയപ്പെട്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതാണ് എന്നെ വിവാദങ്ങള്‍ പിന്തുടരാന്‍ കാരണം. ഞാന്‍ എഴുതിയത് പൂര്‍ണമായും വായിക്കാത്തവരാണ് വിവാദമുണ്ടാക്കുന്നത്. ഞാന്‍ പറയുന്നത് മനസ്സിലാക്കുന്ന പാര്‍ട്ടിയും മുന്നണിയും ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. കേരളത്തിലെ പ്രളയദുരന്തകാലത്ത് മികച്ച രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ശിപാര്‍ശചെയ്യും. കേരളത്തിലെ പ്രളയദുരന്തത്തെക്കുറിച്ച് ഒരു അന്താരാഷ്ട്ര സമ്മേളനം നടത്തുന്നത് നല്ലതായിരിക്കും. ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി അങ്ങനെ ചെയ്തിരുന്നു.

പുനഃനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ അത് വലിയ ഗുണം ചെയ്തു. അങ്ങനെ ചെയ്യുന്നതിനുപകരം കേരളമന്ത്രിമാര്‍ വിദേശപര്യടനം നടത്തിയതുകൊണ്ടൊന്നും കാര്യമില്ല. കേരളത്തില്‍ വന്ന് ലോക്സഭാ പ്രതിനിധികളും ഐക്യരാഷ്ട്രസഭാ ഏജന്‍സിയും പഠനംനടത്തി പുനഃനിര്‍മാണത്തിന് 25,000 കോടി വേണമെന്ന് പറഞ്ഞത് വിശ്വാസയോഗ്യമായ കാര്യമാണ്. കേരള സര്‍ക്കാര്‍ പറയുന്നതിനേക്കാള്‍ അതിനൊരു ആധികാരികതയുണ്ട്. വിദേശത്തുനിന്ന് കടംവാങ്ങാന്‍ അത് ഗുണംചെയ്യും.

കേരളത്തിന്റെ പുനഃനിര്‍മാണത്തിന് വിദേശസഹായം തേടുന്നതില്‍ ഒരു തെറ്റുമില്ല. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയില്‍ കത്രീന ചുഴലിക്കാറ്റ് നാശം വിതച്ചപ്പോള്‍ അമേരിക്ക എല്ലാ രാജ്യങ്ങളില്‍നിന്നും സഹായം സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയും അഞ്ചുകോടി ഡോളര്‍ അമേരിക്കക്ക് സഹായമായി നല്‍കിയിരുന്നു. അതുകൊണ്ട് അഹങ്കാരം വെടിഞ്ഞ് യു എ ഇ യെപ്പോലുള്ള രാജ്യങ്ങളുടെ സഹായം നാം സീകരിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞു.