ശബരിമല വിഷയം: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍നിന്നും തന്ത്രി കുടുംബം പിന്‍മാറി

Posted on: October 7, 2018 9:42 am | Last updated: October 7, 2018 at 6:03 pm

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തിന് തിരിച്ചടി. മുഖ്യമന്ത്രിയുമായുള്ള സമവായ ചര്‍ച്ചയില്‍നിന്നും തന്ത്രി കുടുംബം പിന്‍മാറി. പുന:പരിശോധന ഹരജിയില്‍ തീരുമാനം ആയതിന് ശേഷം മതി ചര്‍ച്ചകളെന്നാണ് തന്ത്രി കുടുംബത്തിന്റെ ഇപ്പോഴത്തെ നിലപാട്. ശബരിമല തന്ത്രി കണ്ഠരര് മോഹനരര് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്താനിരുന്നത്. സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്ത്രി കണ്ഠരര് മോഹനരര് ചര്‍ച്ചയില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്താനാരിയിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മുഖ്യമന്ത്രിതന്നെ നേരിട്ട് ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിഷയം കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഗൗരവതരമായ ഇടപെടല്‍ വേണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റി തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രി കുടുംബവുമായി സമവായ ചര്‍ച്ചക്ക് മുഖ്യമന്ത്രിതന്നെ മുന്നിട്ടിറങ്ങിയത്. എന്നാല്‍ ഈ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ് തന്ത്രി കുടുംബത്തിന്റെ നിലപാട്.