മോദിക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രസമ്മേളനം വൈകിപ്പിച്ചു; ആരോപണവുമായി കോണ്‍ഗ്രസ്‌

Posted on: October 6, 2018 6:37 pm | Last updated: October 6, 2018 at 10:01 pm

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് ഉച്ചക്ക് 12.30ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് കമ്മീഷന്‍ ആദ്യം അറിയിച്ചത്. എന്നാല്‍, പിന്നീട് അത് വൈകീട്ട് മൂന്ന് മണിയിലേക്ക് മാറ്റുകയായിരുന്നു.

ഉച്ചക്ക് ഒരു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിസ്ഥാനിലെ അജ്മീറില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം വൈകിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മുഖ്യമന്ത്രി വസുന്ധരാരാജെ സംസ്ഥാനത്ത് നടത്തുന്ന യാത്രയുടെ അവസാനവും ഈ റാലിയില്‍ വച്ചായിരുന്നു. ഉച്ചക്ക് ഒരു മണിക്കാണ് അജ്മീറിലെ റാലിയില്‍ മോദി സംസാരിക്കുക. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ രാജസ്ഥാനില്‍ പെരുമാറ്റച്ചട്ടം വരും. അിനാല്‍, നേരത്തെ തീരുമാനിച്ച തിരഞ്ഞെടുപ്പ് റാലി കഴിയുന്നത് വരെ വാര്‍ത്താ സമ്മേളനം നടത്താതിരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

കോണ്‍ഗ്രസിന്റെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. മാധ്യമപ്രവര്‍ത്തകരുടെ സൗകര്യം കണക്കിലെടുത്തും കൃത്യസമയത്ത് എത്തുന്നതിനും വേണ്ടിയാണ് പത്രസമ്മേളനം മൂന്ന് മണിയിലേക്ക് മാറ്റിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി.റാവത്ത് പറഞ്ഞു.