Connect with us

Ongoing News

വിന്‍ഡീസിന്റെ കഥ കഴിഞ്ഞു, ഇന്ത്യക്ക് കൂറ്റന്‍ ജയം, കുല്‍ദീപിന് അഞ്ച് വിക്കറ്റ്

Published

|

Last Updated

രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്നിംഗ്‌സിനും 272 റണ്‍സിനുമാണ് ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ചുവിട്ടത്. മൂന്നാം ദിവസമായ ഇന്ന് ആറ് വിക്കറ്റിന് 94 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിന് 181 റണ്‍സിന് എല്ലാവരും പുറത്തായി. ഫോളോ ഓണ്‍ ചെയ്ത സന്ദര്‍ശകരെ രണ്ടാം ഇന്നിംഗ്‌സില്‍ 50.5 ഓവറില്‍ 196 റണ്‍സിനും പുറത്താക്കി. ഇന്ത്യ ആദ്യ ഇന്നിങ്‌സ് 649/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തത്. ജഡേജ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റുവീതം സ്വന്തമാക്കി. ബ്രാത്‌വെയ്റ്റ് (10), ഹോപ്പ് (17), ഹെറ്റ്മയര്‍ (11), ആംബ്‌റിസ് (0), പവല്‍(83), ചേസ്(20), പോള്‍ (15), ബിഷു (9), ലൂയിസ് (4), ഗബ്രിയേല്‍ (4) എന്നിവരാണ് പുറത്തായത്. 16 റണ്‍സോടെ ഡൗറിച്ച് പുറത്താകാതെ നിന്നു.

പൃഥ്വി ഷാ (134), നായകന്‍ വിരാട് കോഹ്‌ലി (139), രവീന്ദ്ര ജഡേജ (100*) എന്നിവരുടെ സെഞ്ച്വറി പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗിസില്‍ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. കരിയറിലെ 24ാമത് സെഞ്ച്വറിയാണ് കോലി നേടിയത്. എന്നാല്‍ ജഡേജയുടെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണിത്. 230 പന്തുകളില്‍ 10 ബൗണ്ടറികളടങ്ങിയതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. 132 പന്തില്‍ അഞ്ചു വീതം ബൗണ്ടറികളുടെയും സിക്‌സറുകളുടെയും അകമ്പടിയോടെയാണ് ജഡേജ മൂന്നക്കം തികച്ചത്. റിഷഭ് പന്താണ് (92) രണ്ടാംദിനം ഇന്ത്യന്‍ നിരയില്‍ കസറിയ മറ്റൊരു താരം. 84 പന്തുകളില്‍ എട്ട് ഫോറും നാല് സിക്‌സറും ഉള്‍പ്പെടുന്ന ഗംഭീരന്‍ ഇന്നിംഗ്‌സ് ആയിരുന്നു റിഷഭിന്റെത്.

ആര്‍ അശ്വിന്‍ (7), കുല്‍ദീപ് യാദവ് (12), ഉമേഷ് യാദവ് (22) എന്നിവരാണ് രണ്ടാംദിനം പുറത്തായ മറ്റു താരങ്ങള്‍. ജഡേജയോടൊപ്പം രണ്ടു റണ്‍സോടെ മുഹമ്മദ് ഷമി പുറത്താവാതെ നിന്നു.
വിന്‍ഡീസിനു വേണ്ടി ദേവേന്ദ്ര ബിഷു നാലു വിക്കറ്റെടുത്തപ്പോള്‍ ഷെര്‍മാന്‍ ലൂയിസ് രണ്ടു വിക്കറ്റ് നേടി.