നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്

Posted on: October 6, 2018 2:09 pm | Last updated: October 6, 2018 at 4:20 pm

ത്യശൂര്‍: സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ത്യശൂരില്‍ ചേര്‍ന്ന ബസുടമകളുടെ കോ ഓഡിനേഷന്‍ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

മിനിമം ചാര്‍ജ് എട്ട് രൂപയില്‍നിന്നും പത്ത് രൂപയാക്കുകയെന്ന ആവശ്യത്തിന് പുറമെ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് മിനിമം അഞ്ച് രൂപയാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതിന് പുറമെ സര്‍ക്കാര്‍ ഇടപെട്ട് നികുതിയിളവ് നടപ്പിലാക്കണമെന്ന ആവശ്യവും യോഗം മുന്നോട്ട് വെച്ചു. ഇന്ധന വില ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നും ഡീസല്‍ വിലയില്‍ സര്‍ക്കാര്‍ ഇളവ് അനുവദിക്കണമെന്നും ബസുടമകള്‍ പറഞ്ഞു. ഇക്കാര്യങ്ങളില്‍ സര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും ഉടമകള്‍ വ്യക്തമാക്കി.