Connect with us

Articles

ഇത് ബാര്‍ തുറന്നതിന്റെ തുടര്‍ച്ച

Published

|

Last Updated

പരമ രഹസ്യമായി മദ്യനിര്‍മാണ ശാലകള്‍ ആരംഭിച്ചതിന് പിന്നിലെ അഴിമതി ഒന്നൊന്നായി പുറത്ത് വന്നതോടെ അതു മൂടിവെക്കാനുള്ള വെപ്രാളത്തിലാണ് സര്‍ക്കാര്‍. ഇപ്പോള്‍ ബ്രൂവറികളും ഡിസ്റ്റിലറിയും കിട്ടിയ നാല് പേര്‍ മാത്രം (ഏഴ് പേരുടെ അപേക്ഷയെന്നാണ് സര്‍ക്കാര്‍ പറയുന്നത്) ഇവ അനുവദിക്കാന്‍ പോകുന്നവെന്ന വിവരം എങ്ങനെ അറിഞ്ഞു എന്നതാണ് കാതലായ ചോദ്യം. 19 വര്‍ഷമായി സംസ്ഥാനത്ത് മദ്യ നിര്‍മാണ ശാലകള്‍ അനുവദിക്കുന്നില്ല. ഇടക്ക് ആരെങ്കിലും അപേക്ഷിച്ചാല്‍ തന്നെ മദ്യനിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലെന്നും 1999ല്‍ നയപരമായ തിരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞ് നിരസരിക്കുകയായിരുന്നു പതിവ്. അതിനാല്‍ ഇപ്പോള്‍ സാധാരണ ആരും അപേക്ഷിക്കാറില്ല. അപ്പോഴെങ്ങിനെ പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത ഉടന്‍ കുറച്ച് പേര്‍ അപേക്ഷയുമായി ഓടി എത്തി.

19 വര്‍ഷമായി സര്‍ക്കാറുകള്‍ നിരസിച്ച കാര്യം പുനരാംരംഭിക്കുമ്പോള്‍ അത് പ്രകടന പത്രികയിലും മദ്യ നയത്തിലും പ്രഖ്യാപിക്കേണ്ടതല്ലേ? കൂടുതല്‍ മദ്യനിര്‍മാണ ശാലകള്‍ തുടങ്ങി മദ്യ വര്‍ജനത്തെ പ്രോല്‍സാഹിപ്പിക്കുന്ന വിദ്യ കണ്ടുപിടിച്ച ഇവര്‍ക്ക് നൊബേല്‍ സമ്മാനം നല്‍കണം.
ഈ നയം മാറ്റം എന്ത് കൊണ്ട് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തില്ല, മന്ത്രി സഭയില്‍ കൊണ്ട് വന്നില്ല, ബഡ്ജറ്റിലോ നയപ്രഖ്യാപനത്തിലോ പ്രഖ്യാപിച്ചില്ല എന്ന എന്റെ ചോദ്യത്തിന് അതിനേക്കാള്‍ രസകരമായ മറുപടിയാണ് കിട്ടുന്നത്. അതിന്റെയൊന്നും ആവശ്യമില്ലെന്നാണ് നിലപാട്. 19 വര്‍ഷമായി നിലനില്‍ക്കുന്ന ഒരു നയം മാറ്റുമ്പോള്‍ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇടതു മുന്നണി യോഗം ചേരുന്നത്? ഒരു കലുങ്ക് നിര്‍മിക്കണമെങ്കില്‍ പോലും ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്ന പതിവുള്ള ഇടതുമുന്നണി ബ്രൂവറികളും ഡിസ്റ്റിലറികളും കൂട്ടത്തോടെ അനുവദിക്കുമ്പോള്‍ എന്തിന് മറച്ചുവച്ചു. അവിടെ കൊണ്ട് വന്നാല്‍ ഘടകകക്ഷികള്‍ അറിയും. മറ്റ് മന്ത്രിമാരും അറിയും. രഹസ്യ ഇടപാട് നടക്കാതെ പോകും.
1999ലാണ് സംസ്ഥാനത്ത് മദ്യ നിര്‍മാണ ശാലകള്‍ തുടങ്ങേണ്ടതില്ലെന്ന സുപ്രധാനമായ തിരുമാനം ഉണ്ടാകുന്നത്. അന്ന് സി പി എമ്മിന്റെ സമുന്നത നേതാവ് ഇ കെ നായനാരായിരുന്നു മുഖ്യമന്ത്രി. 98 ല്‍ കുറച്ച് മദ്യശാലകള്‍ക്ക് അനുമതി നല്‍കിയതോടെ ലൈസന്‍സിനുള്ള അപേക്ഷകരുടെ പ്രളയമായി. അങ്ങനെയാണ് നായനാര്‍ സര്‍ക്കാര്‍ ഒരു ഉന്നത തല കമ്മിറ്റിയെ വെച്ചതും, പിന്നീട് മദ്യശാല നിര്‍മാണ ശാലകള്‍ ഒന്നും അനുവദിക്കേണ്ടതില്ലെന്ന് തിരുമാനിച്ചതും. പിണറായിയെ പോലെ ഇതൊന്നും മന്ത്രി സഭയില്‍ കൊണ്ടുവരേണ്ട കാര്യമില്ലെന്ന് അന്ന് നായനാര്‍ ചിന്തിച്ചില്ല.
2008ലെ വി എസ് സര്‍ക്കാര്‍ മദ്യ നിര്‍മാണ ശാലകള്‍ക്കുള്ള അനുമതി നിഷേധിച്ചതും 99 ലെ ഈ ഉത്തരവിന്റെ ബലത്തിലാണ്. അപ്പോള്‍ വി എസ് സര്‍ക്കാര്‍ കാണിച്ചതും മണ്ടത്തരമാണെന്നാണോ? വിചിത്രമായ കാര്യം ഇതൊന്നുമല്ല. ഇപ്പോള്‍ മദ്യ നിര്‍മാണ ശാലകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിലും 99 ലെ ഈ ഉത്തരവ് ഉദ്ധരിക്കുന്നുണ്ട്. അതിന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നല്‍കുന്നത് അത്ഭുതകരമായ മറുപടിയാണ്. ആ ഉത്തരവിന്റെ അര്‍ഥം മനസ്സിലായി എന്ന് സൂചിപ്പിക്കാനാണ് അത് ഉദ്ധരിച്ചത് എന്നാണ്.

ഇടതുമുന്നണിയുമായി ബന്ധമുളള ഏജന്‍സികള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ശ്രീ ചക്രാ ഡിസ്റ്റിലറീസുമായി ബന്ധപ്പെട്ട ഫയല്‍ തന്നെ സര്‍ക്കാറിന്റെ കള്ളക്കളികള്‍ എല്ലാം പുറത്ത് കൊണ്ട് വരുന്നതാണ്. 1999 ലെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ നയപരമായ തിരുമാനം എടുത്ത് മന്ത്രിസഭാ തീരുമാനത്തിന് വിധേയമായി മാത്രമേ ശ്രീചക്രക്ക് ഡിസ്റ്റിലറിക്കുള്ള അനുമതി നല്‍കാവൂ എന്നാണ് ഉദ്യേഗസ്ഥര്‍ ഫയലില്‍ കുറിച്ചിരിക്കുന്നത്. അഡീ. ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍െപ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഇതംഗീകരിച്ചു. പക്ഷേ മന്ത്രി സഭയില്‍ വെകണമെന്ന ഉദ്യേഗസ്ഥരുടെ നിര്‍ദേശം തള്ളി ശ്രീ ചക്ര ഡിസ്റ്റിലറീസിന് തൃശൂര്‍ ജില്ലയില്‍ വിദേശ മദ്യ നിര്‍മാണത്തിന് കോമ്പൗണ്ടിംഗ് ബ്ലൈന്റിംഗ് ആന്റ് ബോട്‌ലിംഗ് യൂനിറ്റ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കാമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ ഫയലില്‍ കുറിച്ചു. മുഖ്യമന്ത്രി അതംഗീകരിച്ചതോടെ തീരുമാനമായി.
അനുവദിച്ച നാല് അപേക്ഷകളില്‍ രണ്ടിനും സ്ഥലത്തെക്കുറിച്ച് അവ്യക്തതയാണ്. 1975 ലെ കേരളാ ഫോറിന്‍ ലിക്വര്‍ റൂള്‍സിലും, 1967 ലെ ബ്രൂവറി റൂള്‍സിലും അപേക്ഷയോടൊപ്പം വെക്കേണ്ട രേഖകള്‍ എന്തൊക്കെയാണെന്ന് നിശ്ചയിട്ടുണ്ട്. പ്രോജക്റ്റ് നിര്‍മിക്കുന്ന സ്ഥലത്തിന്റെ പ്ലാന്‍, സ്‌കെച്ച് കരം തീര്‍ത്ത രസീത്, കെട്ടിടത്തിന്റെ രൂപ രേഖ മിഷണറിയുടെ വിശദാംശം തുടങ്ങിയവയെല്ലാം വെക്കണം. പക്ഷേ തൃശൂരിലെ ശ്രീ ചക്രയുടെ കാര്യത്തില്‍ സ്ഥലത്തിന്റെ വിശാദംശം ഒന്നുമില്ല. സര്‍വേ നമ്പര്‍ പോലും കാണുന്നില്ല.

എറണാകുളത്തെ കിന്‍ഫ്രാ പാര്‍ക്കില്‍ സ്ഥാപിക്കാന്‍ അനുമതി കൊടുത്ത പവര്‍ ഇന്‍ഫ്രാടെക് ലിമിറ്റഡിന്റെ കാര്യത്തിലാകട്ടെ അഴിമതിയുടെ വൈപുല്യം വെളിപ്പെടുത്തുന്ന ക്രമക്കേടുകളാണ് ഇതിനകം പുറത്ത് വന്നിട്ടുള്ളത്. പവര്‍ ഇന്‍ഫ്രാടെകിന് ഇവിടെ സ്വന്തമായോ പാട്ടവ്യവസ്ഥയിലേ ാഭൂമിയില്ല. സി പി എമ്മിന്റെ ഒരു ഉന്നത നേതാവിന്റെ മകനായ കിന്‍ഫ്രാ ജനറല്‍ മാനേജര്‍ (പ്രോജക്റ്റ്) ചട്ടങ്ങള്‍ ലംഘിച്ച് നല്‍കിയ ഒരു അനുമതി പത്രത്തിന്റെ ബലത്തില്‍ മാത്രമാണ് ലൈസന്‍സിനുള്ള അനുമതി അനുവദിച്ചിരിക്കുന്നത്. മദ്യത്തിന്റെ ലഭ്യത സംബന്ധിച്ച് ആവശ്യമായ പഠനങ്ങള്‍ നടത്താതെയാണ് പുതിയ മദ്യ നിര്‍മാണ ശാലകള്‍ക്ക് അനുമതി നല്‍കിയത്. ഇവിടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മദ്യ നിര്‍മാണ ശാലകള്‍ പോലും അവയുടെ ശേഷിയുടെ പകുതിയേ ഉപയോഗിക്കുന്നുള്ളൂ. ഒരു മാസം 20 ലക്ഷം കെയ്‌സ് വിദേശ മദ്യമാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്. പക്ഷേ മാസം 40 ലക്ഷം കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാനുളള ശേഷി സംസ്ഥാനത്തെ ഡിസ്റ്റിലറികള്‍ക്കുണ്ട്. പുതിയ ഡിസ്റ്റിലറികളും, ബ്രൂവറികളും എന്ത് മാത്രം ജലചൂഷണം നടത്തുന്നുവെന്നതിനെക്കുറിച്ച് പഠനമൊന്നും നടത്താതെയാണ് ഇഷ്ടക്കാര്‍ക്ക് അവ വാരിക്കോരി അനുവദിച്ചത്.

പാലക്കാട്ടെ ഏലപ്പുള്ളിയില്‍ അപ്പോളോ ബ്രൂവറിയുടെ കാര്യം മാത്രം എടുക്കുക. അഞ്ച് ലക്ഷം ഹെക്ട്രാ ലിറ്റര്‍ ബിയര്‍ ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇതിന് 10 കോടി ലിറ്റര്‍ വെള്ളം വേണം. പക്ഷേ മഴനിഴല്‍ പ്രദേശമായ എലപ്പുള്ളിയില്‍ കൃഷിക്കോ കുടിവെളളത്തിനോ പോലും വെള്ളമില്ല. വന്‍ പ്രക്ഷോഭം നടന്ന പ്ലാച്ചിമടക്ക് 12 കി.മി ഉള്ളിലാണ് ഈ പ്രദേശം.

ലൈസന്‍സ് നല്‍കിയിട്ടില്ലല്ലോ തത്വത്തില്‍ ഉള്ള അനുമതിമാത്രമേ നല്‍കിയിട്ടുള്ളൂവെന്നാണ് പറയുന്നത്. ബ്രൂവറി റൂള്‍സിലോ ഫോറിന്‍ ലിക്വര്‍ റൂള്‍സിലോ പ്രാഥമിക അനുമതി എന്നൊരു വകുപ്പില്ല. ലൈസന്‍സ് നല്‍കുന്നതിനുള്ള അനുമതി എന്നാണ് ഉത്തരവുകളില്‍ കാണുന്നത്. ഈ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ പിന്നീട് നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ടെങ്കില്‍ ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് കമ്മീഷണര്‍ ബാധ്യസ്ഥനാണ്.

തിരഞ്ഞെടുപ്പ് കാലത്ത് മദ്യ രാജാക്കന്‍മാരുമായി സി പി എം ഉണ്ടാക്കിയ അവിശുദ്ധ കരാര്‍ അനുസരിച്ചാണ് സംസ്ഥാനത്തെ എല്ലാ ബാറുകളും തുറന്നുകൊടുത്തത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നത്.

---- facebook comment plugin here -----

Latest