അദ്ദേഹം വാദിക്കുന്നത് അന്യസംസ്ഥാന മദ്യലോബിക്കോ?

മദ്യശാല തുറക്കാനും അടക്കാനും മദ്യലോബികളുമായി വിലപേശിയ മുന്‍ സര്‍ക്കാറിന്റെ ശൈലിയല്ല എല്‍ ഡി എഫ് ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ചുമതല കേവലമായ ആരോപണം ഉന്നയിക്കലാണ് എന്ന തെറ്റായ തോന്നലിന്റെ ഭാഗം മാത്രമാണ് അദ്ദേഹത്തിന്റെ ആരോപണങ്ങള്‍. ആദ്യ ദിവസത്തെ ആരോപണവും ഇപ്പോള്‍ എത്തിനില്‍ക്കുന്ന വാദവും പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ സ്ഥലജല വിഭ്രാന്തി വ്യക്തമാകും. അന്യസംസ്ഥാന ലോബിക്കു വേണ്ടിയാണ് പ്രതിപക്ഷനേതാവ് വാദിക്കുന്നത് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാകില്ല.
Posted on: October 6, 2018 9:42 am | Last updated: October 6, 2018 at 9:42 am

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണം, പ്രളയം മനുഷ്യസൃഷ്ടിയാണ് തുടങ്ങിയ വാദങ്ങളെല്ലാം ജനം പുച്ഛിച്ച് തള്ളിയപ്പോള്‍ ബ്രൂവറി യൂനിറ്റും കോമ്പൗണ്ടിംഗ്, ബ്ലെന്റിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റും അനുവദിച്ച കഥകളുമായി വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. ആദ്യ ദിവസത്തെ ആരോപണവും ഇപ്പോള്‍ എത്തിനില്‍ക്കുന്ന വാദവും പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ സ്ഥലജല വിഭ്രാന്തി വ്യക്തമാകും.

ഇടതു മുന്നണിയുടെ നയത്തിന് വിരുദ്ധമായി ഇവ അനുവദിച്ചുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. പ്രകടനപത്രികയില്‍ പറയുന്ന തരത്തിലുള്ള നടപടികളുമായി തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇപ്പോള്‍ മൂന്ന് ബ്രൂവറിക്കും രണ്ട് ബ്ലെന്റിംഗ്, കോമ്പൗണ്ടിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റുകള്‍ക്കുമാണ് പുതുതായി തത്വത്തില്‍ അനുമതി നല്‍കിയത്. ഇതിലൊന്ന് പൊതുമേഖലയിലാണ്. പൊതുമേഖലയിലെ യുനിറ്റിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് ബിവറേജസ് കോര്‍പറേഷന്‍ വാങ്ങുന്നത്. പുതുതായി ഇവിടെ ഉത്പാദനം ആരംഭിക്കുമ്പോള്‍ പുറത്തു നിന്ന് വരുന്ന എട്ട് ശതമാനത്തിന് കുറവ് വരികയും ഇവിടെ ഉത്പാദിപ്പിക്കുന്നത് അതിന് പകരം സ്ഥാനം പിടിക്കുകയും ചെയ്യും. ഇങ്ങനെ അന്യ സംസ്ഥാനത്തു നിന്നുള്ള മദ്യമൊഴുക്ക് കുറക്കുന്നതിന് താന്‍ അനുകൂലമാണെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം എനിക്ക് കത്ത് തന്നിട്ടുമുണ്ട്. അപ്പോള്‍ സര്‍ക്കാറിന്റെ നിലപാട് എങ്ങനെയാണ് തെറ്റായിത്തീരുന്നത്?
നികുതിവരുമാനത്തിലുണ്ടാകുന്ന നഷ്ടവും തൊഴില്‍നഷ്ടവും സര്‍ക്കാര്‍ പരിഗണിച്ചു. സംസ്ഥാനത്തിനകത്ത് തന്നെ ബിയര്‍ ഉത്പാദിപ്പിക്കാനും ബോട്‌ലിംഗ് യൂനിറ്റ് സ്ഥാപിക്കാനും സാധിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നത് ഒഴിവാക്കാനും നേരിട്ടും അല്ലാതെയും നിരവധി പേര്‍ക്ക് തൊഴില്‍ലഭ്യമാക്കാനും സാധിക്കും. ഡ്യൂട്ടിയിനത്തില്‍ അധികവരുമാനവും ലഭ്യമാകും. ഈ വസ്തുതകള്‍ പരിഗണിച്ച ശേഷമാണ് ബ്രൂവറികള്‍ക്കും ഒരു ബോട്‌ലിംഗ് യൂനിറ്റിനും അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനൊപ്പം പൊതുമേഖലയിലുള്ള മദ്യഉത്പാദനകേന്ദ്രങ്ങളിലും ഉത്പാദനം തുടങ്ങാനും ഉത്പാദന അളവ് വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

പ്രകടനപത്രികയില്‍ പറഞ്ഞ രണ്ടാമത്തെ ഭാഗം മദ്യവര്‍ജനത്തിനായി ശക്തമായ ഇടപെടല്‍ നടത്തും എന്നാണ്. അതിന്റെ അടിസ്ഥാനത്തില്‍ മദ്യവര്‍ജനബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ‘വിമുക്തി’ക്ക് രൂപം നല്‍കി. എല്ലാ ജില്ലകളിലും ഡീഅഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി 14 ജില്ലകളില്‍ തിരഞ്ഞെടുത്ത ആശുപത്രികളില്‍ ഒക്‌ടോബര്‍ മാസം പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഇതിനാവശ്യമായ തസ്തികകള്‍ അനുവദിച്ചു. ഭരണച്ചെലവിനാവശ്യമായ തുക വിമുക്തി മിഷന്‍ അനുവദിക്കുകയും ചെയ്തു. ഡീഅഡിക്ഷന്‍ വാര്‍ഡുകള്‍ മാതൃകാ ചികിത്സാ കേന്ദ്രമായി മാറ്റുകയാണ്. ഇതിനുപുറമെ സംസ്ഥാനത്ത് ഒരു മാതൃകാ ഡീഅഡിക്ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ കോഴിക്കോട് കിനാലൂരില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവരികയുമാണ്. സ്‌കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകള്‍ സ്ഥാപിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
ഇങ്ങനെ സംസ്ഥാന താത്പര്യം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ അന്യസംസ്ഥാന ലോബിക്കു വേണ്ടിയാണ് പ്രതിപക്ഷനേതാവ് വാദിക്കുന്നത് എന്ന് തോന്നിയാല്‍ കുറ്റം പറയാനാവില്ല. രമേശ് ചെന്നിത്തല പരസ്പരവിരുദ്ധമായ വാദങ്ങളാണ് ഓരോദിവസവും ഉയര്‍ത്തുന്നത്. രഹസ്യഇടപാട് നടത്തിയതായി ആരോപിച്ച് പുകമറ സൃഷ്ടിക്കുകയാണ്. വസ്തുതകള്‍ മറച്ചുപിടിക്കുകയും മുനതേഞ്ഞ ചോദ്യങ്ങള്‍ ഇടക്കിടെ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തുകയുമാണദ്ദേഹം.

കേരള ഫോറിന്‍ ലിക്വര്‍(കോമ്പൗണ്ടിംഗ്‌ബ്ലെന്റിംഗ് ആന്റ് ബോട്‌ലിങ്)റൂള്‍ 1975ലും ബ്രൂവറി റൂള്‍സ് 1967ലും അബ്കാരിനിയമത്തിലും നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിച്ചാണ് അപേക്ഷകളില്‍ നിയമാനുസൃതമായ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സുതാര്യവും നിയമാനുസൃതവുമാണ്. ഡിസ്റ്റിലറിബ്രൂവറി ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിച്ചുകൊണ്ട് 1999 ല്‍ സംസ്ഥാന സര്‍ക്കാര്‍ നയപരമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. 1999 ലെ സര്‍ക്കാര്‍ ഉത്തരവ് അന്ന് സര്‍ക്കാറിനു ലഭിച്ച ഡിസ്റ്റിലറി/കോമ്പൗണ്ടിംഗ് ബ്ലെന്റിംഗ് ആന്റ് ബോട്‌ലിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള അപേക്ഷകള്‍ സംബന്ധിച്ചു മാത്രമായിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള മൂന്ന് ബ്രൂവറികളും സംസ്ഥാന രൂപവത്കരണത്തിനു ശേഷം തുടങ്ങിയ 16 ഡിസ്റ്റിലറി/കോമ്പൗണ്ടിംഗ്‌ബ്ലെന്റിംഗ് ആന്റ് ബോട്‌ലിംഗ് യൂനിറ്റുകളില്‍ 11ഉം പ്രതിപക്ഷനേതാവിന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുകളാണ് അനുവദിച്ചതെന്നതും വിസ്മരിക്കുകയാണ്.
സംസ്ഥാനത്ത് 1999 മുതല്‍ നിര്‍ത്തിവെച്ചിരുന്ന ഡിസ്റ്റിലറി ബ്രൂവറി ലൈസന്‍സ് നല്‍കല്‍ വീണ്ടും ആരംഭിച്ചത് ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിക്കുന്നു. പ്രസ്തുത ഉത്തരവിന്റെ കോപ്പി പുറത്തുവിടുമോയെന്നും. 1999നു ശേഷം ആദ്യമായി ബ്രൂവറി ലൈസന്‍സ് അനുവദിച്ചത് 2003ല്‍ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് ഗവണ്‍മെന്റിന്റെ കാലത്താണ്. ഇതു സംബന്ധിച്ച് യു ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പുറപ്പെടുവിച്ച ഉത്തരവ് ഒളിച്ചുവെക്കേണ്ട കാര്യം ഇടതു സര്‍ക്കാറിനില്ല. ഇപ്പോള്‍ തത്വത്തിലുള്ള അനുമതിക്കപ്പുറം മൂന്ന് ബ്രൂവറികള്‍ക്കും ആന്റണി സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ചതുപോലെ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഓര്‍ക്കണം. അതിന് ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. 1998ലെ എല്‍ ഡി എഫ് സര്‍ക്കാറാണ് മലബാര്‍ ബ്രൂവറിക്ക് അനുമതി നല്‍കിയതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കുക മാത്രമാണ് ആന്റണി സര്‍ക്കാറിന്റെ കാലത്തുണ്ടായ നടപടി എന്നുമുള്ള വാദം പ്രതിപക്ഷനേതാവ് ഉയര്‍ത്തുന്നു. 1999ലെ സര്‍ക്കാര്‍ ഉത്തരവ് നയപരമാണെങ്കില്‍ എന്തുകൊണ്ട് ആ ഉത്തരവ് അടിസ്ഥാനമാക്കി ബ്രൂവറിക്ക് നല്‍കിയ അനുമതി റദ്ദാക്കുകയും ലൈസന്‍സ് നിഷേധിക്കുകയും ചെയ്തില്ല? 1998ല്‍ ലഭിച്ച തത്വത്തിലുള്ള അനുമതി ഉപയോഗിച്ച് ബിയര്‍ ഉത്പാദന യൂനിറ്റ് ആരംഭിക്കാന്‍ കഴിയില്ലെന്ന പ്രാഥമിക കാര്യം പോലും പ്രതിപക്ഷ നേതാവ് വിസ്മരിക്കുകയാണ്. ലൈസന്‍സ് കിട്ടിയെങ്കില്‍ മാത്രമേ ഉത്പാദനം ആരംഭിക്കാന്‍ കഴിയൂ എന്നിരിക്കെ മദ്യനിരോധനം പ്രഖ്യാപിത ലക്ഷ്യമെന്നവകാശപ്പെട്ട ആന്റണി സര്‍ക്കാര്‍ അത് തടയാഞ്ഞതെന്തെന്ന് വിശദീകരിക്കണം.

ഒരു അബ്കാരി നയത്തിലും ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കില്ലെന്ന് യു ഡി എഫ് സര്‍ക്കാറിന്റെയോ എല്‍ ഡി എഫ് സര്‍ക്കാറിന്റെയോ കാലത്ത് അബ്കാരിനയങ്ങളില്‍ പറഞ്ഞിട്ടുമില്ല. ഇത് നയപരമായി പ്രഖ്യാപിക്കേണ്ട വിഷയമല്ല. കേരള ഫോറിന്‍ ലിക്വര്‍(കോമ്പൗണ്ടിഗ് ബ്ലെന്റിംഗ് ആന്റ് ബോട്‌ലിംഗ് റൂള്‍ 1975)ചട്ടം മൂന്ന് പ്രകാരവും ബ്രൂവറി റൂള്‍സ് 1967 ചട്ടം രണ്ട് പ്രകാരവുമാണ് കോമ്പൗണ്ടിംഗ് ബ്ലെന്റിംഗ് ആന്റ് ബോട്‌ലിംഗ് യൂനിറ്റുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കേണ്ടത്. ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതിനാല്‍ അബ്കാരി നയത്തില്‍ ഇതേക്കുറിച്ച് പ്രഖ്യാപനം നടത്തേണ്ടതില്ല. നയപരമായ പ്രത്യേക തീരുമാനം ഇക്കാര്യത്തില്‍ എടുക്കേണ്ടതുമില്ല. സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ വേണ്ട പരിശോധന നടത്തി തീരുമാനം കൈക്കൊള്ളുകയാണ് ചെയ്യുന്നത്. ഒരു ഭരണകാലയളവിലും പത്രപരസ്യം നല്‍കിയല്ല ലൈസന്‍സിനുള്ള അപേക്ഷകള്‍ സ്വീകരിച്ചിട്ടുള്ളത്. ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതാണ് പതിവ്.

മന്ത്രിസഭായോഗത്തില്‍ കൊണ്ടുവന്നില്ല എന്നാണ് മറ്റൊരു ആരോപണം. ഒരു വകുപ്പിന് കീഴില്‍ നിലവിലുള്ള നിയമപ്രകാരം സ്ഥാപനം അനുവദിക്കുമ്പോള്‍ അതിന് മന്ത്രിസഭയുടെ അനുമതി വേണ്ട. അബ്കാരി ആക്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ബ്രൂവറികളും കോമ്പൗണ്ടിംഗ് ബ്ലെന്റിംഗ് ആന്റ് ബോട്‌ലിംഗ് യൂനിറ്റും പ്രവര്‍ത്തനമാരംഭിച്ചു എന്നമട്ടിലാണ് പ്രചാരവേല. അപേക്ഷ സ്വീകരിക്കുന്നതിന് കേരള ഫോറിന്‍ ലിക്വര്‍ (കോമ്പൗണ്ടിംഗ് ബ്ലെന്റിംഗ് ആന്റ് ബോട്‌ലിംഗ് )റൂള്‍ 1975ലും ബ്രൂവറി റൂള്‍സ് 1967ലും പ്രത്യേക വ്യവസ്ഥകളൊന്നും നിഷ്‌കര്‍ഷിച്ചിട്ടില്ല. എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് തത്വത്തിലുള്ള അനുമതി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുക. 1975ലെ കേരള ഫോറിന്‍ ലിക്വര്‍(കോമ്പൗണ്ടിംഗ്‌ബ്ലെന്റിംഗ് ആന്റ് ബോട്‌ലിംഗ്) റൂളിലെ നടപടികക്രമങ്ങള്‍ അബ്കാരി നിയമത്തിന് വിധേയമായാണ് നടപ്പാക്കേണ്ടത്. അബ്കാരി നിയമത്തിലെ 14ാം വകുപ്പ് പ്രകാരമുള്ള അനുമതി മാത്രമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. ചട്ടത്തിലെ വ്യവസ്ഥകളായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലൈസന്‍സിനായി കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ മാത്രമാണ് ബാധകമാകുക.
അനുമതി എന്നതിനര്‍ഥം അനുമതി കിട്ടിയവര്‍ക്ക് ഉത്പാദനം തുടങ്ങാം എന്നല്ല. എക്‌സൈസ് കമ്മീഷണറുടെ പരിശോധനകള്‍ക്കു ശേഷം ലൈസന്‍സ് ലഭിച്ചെങ്കില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. പരിസ്ഥിതിവകുപ്പ്, ഭൂഗര്‍ഭജലവകുപ്പ്, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ്, മലിനീകരണനിയന്ത്രണബോര്‍ഡ്, തദ്ദേശസ്വയംഭരണവകുപ്പ്, ലീഗല്‍ മെട്രോളജി, ഫുഡ് ആന്റ് സേഫ്റ്റി വകുപ്പ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, ഫയര്‍ ആന്റ് സേഫ്റ്റി, എക്‌സൈസ്, പോലീസ് തുടങ്ങിയ വകുപ്പുകളുടെയും ക്ലിയറന്‍സ് ലഭിക്കണം.

സംസ്ഥാനത്ത് ബ്രൂവറികളും കോമ്പൗണ്ടിംഗ് ബ്ലെന്റിംഗ് ആന്റ് ബോട്‌ലിംഗ് യൂനിറ്റും അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചില്ലെന്ന ആരോപണത്തിന് ഒരടിസ്ഥാനവുമില്ല. മാധ്യമങ്ങളില്‍ പരസ്യം ചെയ്ത് അപേക്ഷ ക്ഷണിച്ചല്ല ബ്രൂവറികളും ഡിസ്റ്റലിറികളും തുടങ്ങുന്നത്. എക്‌സൈസ് കമ്മീഷണറുടെ പരിഗണനക്ക് സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ തത്വത്തിലുള്ള അനുമതി നല്‍കുന്നതുസംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുക്കുകയാണ് ചെയ്യുക. യു ഡി എഫ് അനുവദിച്ചത് ഏതെങ്കിലും വിധത്തില്‍ അപേക്ഷ ക്ഷണിച്ചിട്ടാണോ? 1998ല്‍ രണ്ട് കോമ്പൗണ്ടിംഗ്‌ബ്ലെന്റിംഗ് ആന്റ് ബോട്‌ലിംഗ് യൂണിറ്റ് അനുവദിച്ചതും അപേക്ഷ ക്ഷണിച്ചല്ല.
കേരള ഫോറിന്‍ ലിക്വര്‍(കോമ്പൗണ്ടിംഗ്,ബ്ലെന്‍ഡിംഗ് ആന്റ് ബോട്‌ലിംഗ്)റുള്‍സ് 1975, കേരള ബ്രൂവറി റൂള്‍സ് 1967 എന്നിവ പ്രകാരം എക്‌സൈസ് കമ്മീഷണറാണ് ലൈസന്‍സിംഗ് അതോറിറ്റി. സര്‍ക്കാര്‍ അനുമതി നല്‍കിയ യൂനിറ്റുകളുടെ കാര്യത്തില്‍ നിയമപരമായ പരിശോധനകളും മറ്റ് നിബന്ധനകളും പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കേണ്ടത് കമ്മീഷണറാണ്. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പാലിച്ചും സുതാര്യമായ നടപടിക്രമങ്ങളിലൂടെയുമാണ് ഇപ്പോള്‍ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. എക്‌സൈസ് കമ്മീഷണര്‍ വ്യക്തമായ ശിപാര്‍ശയോടെ സമര്‍പ്പിച്ച അപേക്ഷയില്‍ ചട്ടപ്രകാരമുള്ള പരിശോധനക്കുശേഷമാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

കിന്‍ഫ്ര ഭൂമിയുടെ പേരിലും പുകമറ സൃഷ്ടിക്കുകയാണ്. അപേക്ഷകന് ഭൂമി നല്‍കാമെന്ന കിന്‍ഫ്രയുടെ എന്‍ ഒ സി ബ്രൂവറിക്ക് അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. 28- 09- 2017ന് കിന്‍ഫ്ര/പി ആര്‍ ജെ/2016 17ാം നമ്പര്‍ കത്ത് പ്രകാരം കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ പത്ത് ഏക്കര്‍ ഭൂമി പവര്‍ ഇന്‍ഫ്രാടെക്് ലിമിറ്റഡിന് ബ്രൂവറി പ്രോജക്ടിനായി അലോട്ട് ചെയ്യാമെന്നും ഭൂമി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളില്‍ നിന്നുള്ള ക്ലിയറന്‍സ് ഹാജരാക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ എന്‍ ഒ സിയുടെയും എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് കിന്‍ഫ്രയുടെ ഭൂമിയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നതായി പറഞ്ഞ ബ്രൂവറിക്ക് അനുമതി നല്‍കിയത്. അനുവദിക്കാത്ത ഭൂമി വിട്ടുകൊടുത്തെന്ന് ആദ്യം ആക്ഷേപിച്ച പ്രതിപക്ഷനേതാവ് ഇതിനു വിരുദ്ധമായ കാര്യങ്ങളാണ് തുടര്‍ന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.
മദ്യശാല തുറക്കാനും അടക്കാനും മദ്യലോബികളുമായി വിലപേശിയ മുന്‍ സര്‍ക്കാറിന്റെ ശൈലിയല്ല എല്‍ ഡി എഫ് ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. ആരോപണങ്ങള്‍ അടിക്കടി ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷനേതാവ് നടത്തുന്നത്. ഇത് പ്രതിപക്ഷനേതാവിന്റെ ചുമതല കേവലമായ ആരോപണം ഉന്നയിക്കലാണ് എന്ന തെറ്റായ തോന്നലിന്റെ ഭാഗം മാത്രമാണ്. യു ഡിഎഫ് കാലത്തെക്കുറിച്ച് നല്ല ബോധ്യമുള്ള കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം തള്ളിക്കളയും.